ബാരാമുളയിൽ തീപാറും; പോരാട്ടം ഒമറും സജ്ജാദും തമ്മില്‍,ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല

ന്യൂഡൽഹി: ശ്രീനഗറിനു പിന്നാലെ കശ്മീർ താഴ്വരയിൽ അടുത്തഘട്ടം വോട്ടെടുപ്പ് നടക്കുന്ന ബാരാമുള മണ്ഡലത്തിൽ നടക്കുന്നത് തീപാറുന്ന പോരാട്ടം. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും തമ്മിലാണ് ഏറ്റുമുട്ടൽ.
ബി.ജെ.പി. സ്വന്തം സ്ഥാനാർഥിയെ രംഗത്തിറക്കാത്ത തിരഞ്ഞടുപ്പിൽ ആർക്കാണ് പിന്തുണയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. എന്നാൽ, സജ്ജാദ് ലോണും ബി.ജെ.പി.യും തമ്മിൽ രഹസ്യധാരണയുണ്ടെന്നാണ് ഇന്ത്യസഖ്യത്തിന്റെ ആരോപണം. ശ്രീനഗറിൽ ബി.ജെ.പി. പിന്തുണച്ച ജമ്മുകശ്മീർ അപ്നിദൾ പാർട്ടി ബാരാമുളയിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. തിഹാർ ജയിലിൽനിന്ന് മത്സരിക്കുന്ന അവാമി ഇത്തിഹാദ് പാർട്ടി നേതാവ് ശൈഖ് അബ്ദുൾ റഷീദ് എന്ന എൻജിനിയർ റഷീദായിരിക്കും ബാരാമുളയിലെ തിരഞ്ഞടുപ്പ് ഫലം നിശ്ചയിക്കുക.
20-ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിലാണ് ബാരാമുളയിലെ ജനങ്ങൾ മനസ്സുതുറക്കുക. 2019-ലെ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥി മുഹമ്മദ് അക്ബർ ലോണാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജമ്മു-കശ്മീർ പീപ്പിൾസ് കോൺഫറൻസ് സ്ഥാനാർഥി രാജാ ഐജാസ് അലി രണ്ടാമതും എൻജിനിയർ റഷീദ് മൂന്നാമതുമെത്തി. ബി.ജെ.പി. സ്ഥാനാർഥി എം.എം. വാർ 7894 വോട്ടുമാത്രം നേടി അഞ്ചാംസ്ഥാനത്തായിരുന്നു.
2014-ൽ പി.ഡി.പി. സ്ഥാനാർഥി മുസഫർ ഹുസൈൻ ബെയ്ഗാണ് വിജയിച്ചത്. വടക്കൻ കശ്മീരിൽ പെട്ട ബാരാമുള മണ്ഡലത്തിൽ ഇക്കുറി 23 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഇന്ത്യസഖ്യത്തിന്റെ ഭാഗമാണെങ്കിലും ഒറ്റയ്ക്കുമത്സരിക്കുന്ന പി.ഡി.പി.യുടെ സ്ഥാനാർഥി ഫയാസ് മിർ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് സൂചന.
ബി.ജെ.പി. ബന്ധം ചർച്ചാവിഷയം
പാർട്ടി മത്സരരംഗത്തില്ലെങ്കിലും ബി.ജെ.പി.യോടും കേന്ദ്രസർക്കാരിനോടുമുള്ള സമീപനമാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം. ബി.ജെ.പി.യുടെ ബി ടീമാണ് സജ്ജാദ് ലോണിന്റെ പാർട്ടിയെന്നതാണ് ഇന്ത്യസഖ്യത്തിന്റെയും ഒമർ അബ്ദുള്ളയുടെയും ആരോപണം. സജ്ജാദ് ലോൺ ഈ ആരോപണം ഒമർ അബ്ദുള്ളയ്ക്കുനേരെ തിരിച്ചും പ്രയോഗിക്കുന്നു. സജ്ജാദ് ലോണും ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും തമ്മിൽ കൂടിക്കാഴ്ച നടത്തി ധാരണയുണ്ടാക്കിയെന്നാണ് ഒമറിന്റെ ആരോപണം. അപ്നി പാർട്ടി നേതാവ് അൽതാഫ് ബുഖാരിയുടെ വീട്ടിൽവെച്ചായിരുന്നു ചർച്ചയെന്നും ചൂണ്ടിക്കാട്ടുന്നു. നാഷണൽ കോൺഫറൻസ് പാർട്ടി നേരത്തേ എൻ.ഡി.എ.യുടെ ഭാഗമായിരുന്നെന്നും ഒമർ അബ്ദുള്ള വാജ്പേയി മന്ത്രിസഭയിൽ വിദേശസഹമന്ത്രിയായിരുന്നെന്നും സജ്ജാദ് ലോൺ തിരിച്ചടിക്കുന്നു.
ഒമർ അബ്ദുള്ളയ്ക്കായി നാഷണൽ കോൺഫറൻസിന്റെ സർവസന്നാഹങ്ങളും ബാരാമുള്ളയിൽ എത്തിയിട്ടുണ്ട്. സജ്ജാദ് ലോൺ മണ്ഡലത്തിനുള്ളിലെ കുപ്വാര സ്വദേശിയായതിനാൽ പ്രാദേശികപിന്തുണ പീപ്പിൾസ് കോൺഫറൻസ് അവകാശപ്പെടുന്നു. പണ്ട് സജ്ജാദ് ലോണിന്റെ അടുത്ത അനുയായിയായിരുന്ന എൻജിനിയർ റഷീദിന്റെ രംഗപ്രവേശനം മത്സരം കടുപ്പിച്ചിട്ടുണ്ട്. 2019-ൽ ഒരുലക്ഷത്തിലേറെ വോട്ടുമായി മൂന്നാമതെത്തിയ ചരിത്രമുണ്ട് റഷീദിന്.
കുപ്വാര, ബാരാമുള, ബന്ദിപോര, ബഡ്ഗാം എന്നീ നാലുജില്ലകളിലെ 18 നിയമസഭാമണ്ഡലങ്ങളാണ് ബാരാമുള ലോക്സഭാ മണ്ഡലത്തിലുള്ളത്. മണ്ഡല പുനർനിർണയത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 2019-ൽ 34.89 ശതമാനമായിരുന്നു പോളിങ്.
Content Highlights: Baramulla Lok Sabha seat-Omar Abdullah-Sajjad Lone