ഹരിയാണയിലെ വിമത രാജകുമാരന്‍; ദുഷ്യന്ത് ചൗട്ടാലയെന്ന യുവനേതാവ്

ഹരിയാണയില്‍നിന്നുള്ള 35-കാരനായ യുവനേതാവ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബപശ്ചാത്തലം. ഇരുപത്തിയാറാം വയസ്സില്‍ ലോക്സഭാ എം.പി. 2018-ല്‍ ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി.) രൂപവത്കരിച്ചു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ടുനേടി 10 സീറ്റുകള്‍ സ്വന്തമാക്കി ജെ.ജെ.പി. 2019 മുതല്‍ 2024 മാര്‍ച്ച് 12 വരെ ഹരിയാണയുടെ ഉപമുഖ്യമന്ത്രി ആയിരുന്നു. ഇതൊക്കെയാണ് ഹരിയാണയിലെ വിമത രാജകുമാരന്‍ എന്നറിയപ്പെടുന്ന ദുഷ്യന്ത് ചൗട്ടാലയുടെ രാഷ്ട്രീയനേട്ടങ്ങള്‍.
ഏറ്റവും പ്രായംകുറഞ്ഞ പാര്‍ലമെന്റ് അംഗമെന്ന ലിംക ബുക്ക് ഓഫ് റെക്കോഡ് ദുഷ്യന്തിന്റെ പേരിലാണ്. ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നു ദുഷ്യന്ത്.
ഹരിയാണയിലെ 'ലാല്‍' പരമ്പര രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ കണ്ണികൂടിയാണ് ദുഷ്യന്ത്. ഹരിയാണ രാഷ്ട്രീയത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിയ നേതാവും ഹരിയാണ ലോക്ദള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായിരുന്ന ചൗധരി ദേവിലാലിന്റെ ചെറുമകനുമാണ് ഇദ്ദേഹം. ചൗധരി ദേവിലാല്‍ സ്ഥാപിച്ച ഹരിയാണ ലോക്ദള്‍ പാര്‍ട്ടിയാണ് പിന്നീട് ഇന്ത്യന്‍ നാഷണല്‍ ലോക്ദളായി പരിണമിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം 2018-ല്‍ മുത്തശ്ശന്‍ ഓം പ്രകാശ് ചൗട്ടാലയും അമ്മാവന്‍ അഭയ് സിങ് ചൗട്ടാലയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഐ.എല്‍.എല്‍.ഡിയില്‍നിന്ന് ദുഷ്യന്ത് ചൗട്ടാല പുറത്തായത്.
തൊട്ടുപിന്നാലെ അച്ഛന്‍ അജയ് സിങ് ചൗട്ടാലയുമായി ചേര്‍ന്ന് ജനനായക് ജനശക്തി പാര്‍ട്ടി (ജെ.ജെ.പി) രൂപവത്കരിച്ച ദുഷ്യന്ത് ചൗട്ടാല 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുമായി സഖ്യത്തിലായി. കുടുംബപാര്‍ട്ടിയില്‍നിന്ന് പുറത്തായ യുവ നേതാവിന് വിമതനേതാവ് എന്ന പരിവേഷവും കിട്ടി. ബി.ജെ.പി.യുമായി കൈകോര്‍ത്ത ദുഷ്യന്ത് ചൗട്ടാല മനോഹര്‍ലാല്‍ ഖട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുമായുള്ള നാലരവര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച ദുഷ്യന്ത് ചൗട്ടാല ഹരിയാണയിലെ പത്ത് ലോക്സഭാ സീറ്റുകളിലേക്കും ജെ.ജെ.പി. സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഹരിയാണ ജനഹിത് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയെ തോല്‍പ്പിച്ചാണ് ദുഷ്യന്ത് ചൗട്ടാല ലോക്സഭാംഗമായത്. ബി.ജെ.പി.യുമായി സഖ്യത്തിലായിരുന്ന നാലുവര്‍ഷം ഹരിയാണയിലെ ജാട്ട് സമുദായക്കാര്‍ക്കിടയില്‍ കാര്യമായ സ്വാധീനശക്തിയാകാനാണ് ദുഷ്യന്ത് ശ്രമിച്ചത്. ജാട്ട് സ്വാധീനം കാര്യമായുള്ള രാജസ്ഥാനോട് ചേര്‍ന്നുള്ള ഹരിയാണയുടെ അതിര്‍ത്തിപ്രദേശങ്ങളിലും ദുഷ്യന്ത് ജെ.ജെ.പി.യുടെ സ്വാധീനം വര്‍ധിപ്പിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏഴുമണ്ഡലങ്ങളിലാണ് ജെ.ജെ.പി. മത്സരിച്ചത്. 4.9 ശതമാനം വോട്ടും പാര്‍ട്ടി നേടി. ഇക്കുറി ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ദുഷ്യന്തിന് വിജയപരാജയങ്ങള്‍ രാഷ്ട്രീയഭാവിയുടെ അളവടയാളമാണ്. എന്നാല്‍, 'ആയാറാം ഗയാറാം' രാഷ്ട്രീയത്തിന്റെ കളരിയായ ഹരിയാണയില്‍ ബന്ധവും ബന്ധവിടുതലും ഗൗരവമുള്ള വിഷയമല്ല. അതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജെ.ജെ.പി.യും ദുഷ്യന്തും വീണ്ടും ബി.ജെ.പി.യുടെ ഓരം ചേര്‍ന്നാലും ഹരിയാണയില്‍ ആരും അതിശയിക്കില്ല
Content Highlights: lok sabha election hariyana dushyant chautala