കൂലിയെന്താ? ഭക്ഷണം! യു.പിയില്‍ കണ്ട തേഞ്ഞുതീരുന്ന ജീവിതം...

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.പിയില്‍ കണ്ട കാഴ്ച| ഫോട്ടോ: youtube screengrab
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.പിയില്‍ കണ്ട കാഴ്ച| ഫോട്ടോ: youtube screengrab

നരച്ച വഴി എന്ന് വായിക്കുമ്പോള്‍ വെളുത്ത കുറച്ച് പൊടിപടലങ്ങള്‍ എവിടെനിന്നൊക്കെയോ പാറിവരുന്നില്ലേ. അതേ പോലെ പൊടി നിറഞ്ഞ, പലതവണ വാഹനം കയറിയിറങ്ങിപ്പോയി കുണ്ടും കുഴിയുമായ മണ്‍പാതയിലൂടെ ഞങ്ങളേയും കൊണ്ടൊരു കാറ് നട്ടുച്ച വെയിലില്‍ പൊയ്ക്കൊണ്ടേയിരിക്കുകയാണ്. ഇരുവശത്തേയും വയലുകള്‍ നരച്ചല്ല പച്ചയായാണ് കിടക്കുന്നത്. നെല്ലും ഗോതമ്പും നിലക്കടലയും കരിമ്പും ഉരുളക്കിഴങ്ങുമെല്ലാം വിളയുന്ന വലിയ പാടങ്ങള്‍. കാളകള്‍, ഓരം ചാരിനില്‍ക്കുന്ന കാളവണ്ടികള്‍, ഉണക്കി പരുവപ്പെടുത്തിവെച്ച ചാണകം, ഇടയ്ക്കിടെ മാത്രം കാണുന്ന ചെറിയ കുടിലുകള്‍, അതിലും കുറവ് വീടുകള്‍, വളരേച്ചുരുക്കം കവലകള്‍. അവിടെ കുറച്ച്, വളരേക്കുറച്ച് മാത്രം മനുഷ്യര്‍.

ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് സ്ഥലംമാറി വന്നിട്ട് രണ്ടാഴ്ചയേ ആയുള്ളു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. 2022 ഫെബ്രുവരി ആദ്യ വാരം. കൊടുംതണുപ്പ് പോയി. പക്ഷേ, തണുപ്പ് വിട്ടുമാറിയിട്ടില്ല. യു.പിയിലെ ഗ്രാമങ്ങളും നഗരങ്ങളും മാറി മാറിക്കണ്ടറിഞ്ഞുള്ള യാത്ര അഞ്ച് ദിവസം പിന്നിട്ടു. കര്‍ഷക സമരത്തിന്റെ കൊടുങ്കാറ്റ് പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ.പിയുടെ അടിവേരിളക്കുമെന്ന് എതിരാളികള്‍ പ്രതീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പ്. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യു.പി. കേരളം പോലെയായിപ്പോകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ടര്‍മാരോട് പറഞ്ഞ തിരഞ്ഞെടുപ്പ്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ക്കുമപ്പുറം മതവും വിശ്വാസവുമെല്ലാം ചര്‍ച്ചയാക്കപ്പെട്ട തിരഞ്ഞെടുപ്പ്.

സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് മെയിന്‍പുരി. ഇവിടെ കര്‍ഹാല്‍ മണ്ഡലത്തില്‍ അഖിലേഷ് യാദവ് മത്സരിക്കുന്നു. 1957-ല്‍ മണ്ഡലം രൂപീകൃതമായത് മുതല്‍ സോഷ്യലിസ്റ്റുകള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന സ്ഥലം. ആദ്യ തിരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നാത്തു സിംഗ് വിജയിച്ചു. 1993 മുതല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം. കേന്ദ്രമന്ത്രി എസ്.പി. സിംഗ് ബഗേലാണ് അഖിലേഷിനെതിരെ മത്സരിക്കുന്നതെങ്കിലും മണ്ഡലത്തില്‍ വലിയ മുന്‍തൂക്കം അഖിലേഷിനുണ്ട്. ഭൂരിപക്ഷം എത്ര എന്നത് മാത്രമേ ചര്‍ച്ചയിലുണ്ടായിരുന്നുള്ളു.

ഉച്ചയ്ക്ക് രണ്ട് മണിയൊക്കെ കഴിഞ്ഞിട്ടുണ്ട്. നല്ല വിശപ്പുമുണ്ട്, ഒരുപാട് ദൂരം സഞ്ചരിച്ചിട്ടും ഒരു ദാബ കണ്ടില്ല. മുന്നോട്ട് മുന്നോട്ട് പോയി അവസാനം കര്‍ഹാല്‍ നഗരത്തിലെത്തി. വഴിയോരത്തൊരു ചെറിയ കട. പ്രായമേറിയ ഒരാൾ റോട്ടി ചുട്ടെടുക്കുന്നു.

എന്തുവേണം?

എന്തുണ്ട്?

റോട്ടിയും ദാലും.

എടുത്തോളു, മൂന്ന് പേര്‍ക്ക്.

റോട്ടി ചുട്ടെടുക്കുന്നതിടെ തന്നെ അദ്ദേഹം ഓര്‍ഡറെടുത്തു. പിന്നേയും റോട്ടി ചുട്ടുകൊണ്ടേയിരുന്നു. കടയില്‍ രണ്ട് മൂന്ന് പേരുണ്ട്. കടയ്ക്ക് പുറത്ത് കസേരയിട്ട് കുറേപ്പേര്‍ ഉച്ചവെയില് കൊള്ളുകയാണ്. പതിഞ്ഞ ഒരു തണുപ്പ് അപ്പോഴും അവിടൊക്കെ തങ്ങി നില്‍ക്കുന്നുണ്ട്.

വലിയ ശബ്ദത്തില്‍ ആരും സംസാരിക്കുന്നില്ല. ഊഷ്മളമായ സ്നേഹാന്വേഷണങ്ങളും എവിടെയും കണ്ടില്ല. കടയുടമയും പ്രധാന കുക്കും കാഷ്യറും അങ്ങനെ കടയുടെ എല്ലാമെല്ലാമായ ആ മനുഷ്യന്‍ റൊട്ടി ചുട്ടെടുക്കുന്നതിനിടെ തന്നെ കറിയെടുത്ത് ചൂടാക്കി ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ചു. ചുട്ടെടുത്ത റോട്ടി ചെറിയൊരു പാത്രത്തിലാണ്. പിറകിലെ മുറിയില്‍ നിന്നൊരു പയ്യന്‍ വലിയ തിരക്കൊന്നുമില്ലാതെ എത്തി ആ റോട്ടിപ്പാത്രം എടുത്ത് ഞങ്ങള്‍ക്ക് നേരെ നടന്നു. ഈ കടയിലെ രണ്ടാമത്തെ തൊഴിലാളി. കൊച്ചു പയ്യനാണ്, ബാലവേലയാണ്.

ഞാനവനനെത്തന്നെ സൂക്ഷിച്ച് നോക്കി. മുഷിഞ്ഞ വസ്ത്രം എന്നതിന് നമുക്കുള്ള മാനമെന്താണ്. രാവിലെ എണീറ്റ് കുളിച്ച് മാറി പണിക്ക് പോകുമ്പൊ എടുത്തിട്ട കുപ്പായമോ ചുരിദാറോ ഒക്കെ വൈകീട്ടാകുമ്പഴേക്ക് മുഷിയുമല്ലേ? നമ്മളത് അലക്കിയിടും, എന്നിട്ട് തേച്ച് മിനുക്കി മറ്റൊരു ദിവസവും പണിക്ക് പോകുമ്പഴോ, പരിപാടികള്‍ക്ക് പോകുമ്പോഴോ എടുത്തിടും.

ഇപ്പോഴെന്റെ മുന്നിലേയ്ക്ക് നടന്നു വരുന്ന ചെറിയ കുട്ടിയുടെ ബനിയന്‍ കുറേ ദിവസമായി അലക്കിയിട്ടില്ലെന്ന് തോന്നി. അവന്‍ മുടി ചീകിവെച്ചിട്ടില്ല. ഇപ്പൊ അഴിഞ്ഞ് വീഴുമെന്ന് തോന്നിക്കുന്നുണ്ട് അവനിട്ട പാന്റ്. അവിടിവിടായി കീറിപ്പറഞ്ഞ ഒന്ന്. അവന്റെ കണ്ണില്‍ പ്രത്യാശയോ പ്രകാശമോ ഒന്നിമില്ലല്ലോ എന്ന് സംശയിച്ചു. ഇളം നീലനിറത്തിലൊരു ഷൂ ധരിച്ചിട്ടുണ്ടവന്‍.

റോട്ടിപ്പാത്രവും മേശപ്പുറത്ത് വെച്ച് അവന്‍ തിരിഞ്ഞ് നടന്നു. അപ്പഴാണ് സത്യത്തില്‍ ഞെട്ടിപ്പോയത്. അവനിട്ട പാന്റിന്റെ പുറക് വശം തേഞ്ഞുതേഞ്ഞ്‌ തീരാറായിരിക്കുന്നു. കീറിപ്പോയതല്ല, തേഞ്ഞു തീരുകയാണ്.

പഴയ വള്ളിച്ചെരുപ്പ്, കാലിന്റെ മടമ്പ് കൊള്ളുന്നിടത്ത് തേഞ്ഞു തീരുന്നതൊരുപാട് കണ്ടിട്ടുണ്ടല്ലൊ. പക്ഷേ, ഇട്ടിരിക്കുന്ന വസ്ത്രം തേഞ്ഞുതീര്‍ന്ന് തുടങ്ങിയിട്ടും അത് തന്നെ പിന്നേയും പിന്നേയും ഇടേണ്ടി വരുന്ന ഒരു കുട്ടി എത്ര വലിയ ഗതികേടിലൂടെയാകും ജീവിതത്തില്‍ കടന്നു പോകുന്നുണ്ടാകുക?

മിഠായിക്ക്, ചോക്ലേറ്റിന്, പാവക്കുട്ടിയ്ക്ക്, നിറമുള്ള കുപ്പായത്തിന്, പുതിയൊരു കുടയ്ക്ക്, ബാഗിന് എന്തിനെല്ലാം നമ്മുടെ കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. പറ്റാവുന്ന പോലെ അവയെല്ലാം സാധിപ്പിച്ച് കൊടുക്കാറില്ലേ? ഇപ്പറഞ്ഞതെല്ലാം ആഗ്രഹിക്കാന്‍ പോലും കഴിയാത്ത കുട്ടികളെന്ത് ചെയ്യും?

അവന്റെ പേരെന്താണ്?

'സമീര്‍.'
കടക്കാരന്റെ മറുപടി.

കാര്യമായ തിരക്കൊന്നുമില്ലാത്ത ആ കടയില്‍ അടുക്കള ഭാഗത്തും വേസ്റ്റ് കൊണ്ടിടുന്ന സ്ഥലത്തും മേശകളുടെ അടുത്തും കൈകഴുകുന്ന സ്ഥലത്തുമെല്ലാം മാറി മാറി അവനെത്തുന്നുണ്ട്. സംസാരം കുറഞ്ഞ ഈ ചെറിയ കടയില്‍ എല്ലാം കണ്ടറിഞ്ഞ് ചെയ്യുകയാണ് സമീര്‍.

അവനെ വിളിച്ചു. കാര്യങ്ങള്‍ തിരക്കി.

'' അഞ്ചാം ക്ലാസ് വരെ പഠിച്ചു. ഉപ്പയും ഉമ്മയും മരിച്ച് പോയതിന് ശേഷം സ്‌കൂളില്‍ പോയില്ല. ചേട്ടനുണ്ട്, പണിക്ക് പോകുന്നു.''

ഇത്രയും പറയുമ്പഴേക്ക് കടക്കാരന്‍ സമീറിനെ വിളിച്ചു. എന്തോ സ്വകാര്യം പറഞ്ഞു. സമീര്‍ കടയുടെ പുറകിലേക്ക് പോയി.

ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടും സമീറിനെ കാണുന്നേയില്ല. സമീര്‍ നേരത്തേ ഇറങ്ങിപ്പോയ അതേ വഴിയിലാണ് കടയില്‍ കൈകഴുകാനുള്ള സ്ഥലം. കൈകഴുകിക്കഴിഞ്ഞ് അവിടെയെല്ലാം നോക്കി. പിറകിലൊരു കുറ്റിക്കാടാണ്. കെട്ടിടത്തിന്റെ മുകളില്‍ കയറി ദൂരെ വരെ നോക്കി, സമീറില്ല. കുറച്ചവിടെ കാത്ത് നിന്നു. ഇല്ല സമീറിനെ കാണുന്നില്ല.

കടയുടമയെക്കണ്ട് ചോദിച്ചു. സമീറെവിടെ?

പുറത്ത് പോയതാണ് എന്ന് മറുപടി.

അവനെ കാണണം എന്ന് പറഞ്ഞു, വൈശാഖാണത് പറഞ്ഞത്.

വരാന്‍ വൈകുമെന്ന് മറുപടി.

വിടാന്‍ കൂട്ടാക്കിയില്ല. അവനേയും കാത്ത് അവിടെത്തന്നെ നിന്നു. കുറേ നേരം നിന്നു.

അവസാനം സമീര്‍ വന്നു. കൈകഴുകാന്‍ പോകുന്ന വഴിയിലെ വെളിച്ചം കുറഞ്ഞ ഇടനാഴിയില്‍ വെച്ച് സമീറിനോട് സംസാരിച്ചു.

'' ഇവിടെ പണിയെടുത്താല്‍ ഭക്ഷണം കിട്ടും''

13 വയസ്സുള്ള പയ്യനാണ്. എട്ടാം ക്ലാസിലൊക്കെ പഠിക്കേണ്ടവന്‍. അവനാണ് മുഷിഞ്ഞ് മുഷിഞ്ഞ്, തേഞ്ഞുതീര്‍ന്ന കുപ്പായങ്ങളിട്ട് ഈ കടയില്‍ ഭക്ഷണം വിളമ്പിയും എച്ചില്‍ പാത്രങ്ങളെടുത്തും അത് കഴുകി വൃത്തിയാക്കിയും ജീവിക്കുന്നത്.

കൂലിയെന്താ?
ഭക്ഷണം!

ഞാന്‍ കീശയില്‍ കയ്യിട്ടു. അന്‍പത് രൂപ മാത്രമേ കയ്യിലുള്ളു. അതവന്റെ കയ്യില് വെച്ച് കൊടുത്തു. സന്തോഷത്തോടെ ആ നോട്ടിലേക്ക് അവന്‍ നോക്കി.

''കൂടെ വരൂ, നമുക്കൊരു പുതിയ കുപ്പായം വാങ്ങാം.''
ഞങ്ങള് സമീറിനെ വിളിച്ചു.

അവന്‍ കടയുടമയുടെ മുഖത്തേയ്ക്ക് നോക്കി.
അയാള്‍ രൂക്ഷമായൊരു നോട്ടം തിരിച്ച് നോക്കി.
അയാളവനെ വിളിച്ച് വീണ്ടും എന്തോ സ്വകാര്യം പറഞ്ഞു.

വരൂ, എന്ന ഞങ്ങടെ വിളിയ്ക്ക് രൂക്ഷമായാണ് സമീര്‍ പിന്നെ പ്രതികരിച്ചത്.

''നിങ്ങള് പോകു, നിങ്ങള് പോകു'' എന്ന് അവന്‍ തുടരെ പറഞ്ഞുകൊണ്ടിരുന്നു.

പുറത്ത് വെയില് കാഞ്ഞിരുന്ന എല്ലാ കാരണവന്‍മാരും ഇതെല്ലാം ശ്രദ്ധിച്ചവിടെയിരിപ്പുണ്ട്. അവരില്‍ ചിലര്‍ സമീറിനെ വിളിച്ച് സംസാരിച്ചു.

കൊച്ചുപയ്യനല്ലേ, അവന്റെ ദുരിതം കാണുന്നില്ലേ? സഹായിച്ചു കൂടേ എന്ന ചോദ്യത്തിന്.

''അവനൊരു മുസ്ലീമല്ലേ'' എന്ന് മറുപടി.

നിര്‍വ്വികാരമായി ആ മനുഷ്യരെ നോക്കുകയേ ചെയ്തുള്ളു. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ കേരളം പോലെയായിപ്പോകും എന്ന് 'വേദന'യോടെ പൗരന്‍മാരോട് പറഞ്ഞ യോഗി ആദിത്യനാഥാണ് അന്നും പിന്നെ ആ തിരഞ്ഞെടുപ്പിന് ശേഷവും യു.പിയുടെ മുഖ്യമന്ത്രി.

ഒരു കൊച്ചുപയ്യന്റെ വിശപ്പിലും ജീവിതത്തിലും പോലും മതം മാത്രം കാണാന്‍ പറ്റുന്ന മനുഷ്യര്‍. ഇന്നാട്ടിലെ എല്ലാവരും ഈ ചിന്താഗതിക്കാരാണ് എന്ന് ഞാനീപ്പറഞ്ഞതിന് അര്‍ത്ഥമില്ല. പക്ഷേ മഹാഭൂരിപക്ഷവും അങ്ങനെയായിപ്പോയാല്‍ എന്ത് ചെയ്യാന്‍ പറ്റും.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളേക്കാള്‍ വലുതായി മതവാദം സമൂഹത്തില്‍ വേരുറപ്പിച്ചാല്‍ ആ സമൂഹത്തിന് എന്ത് സംഭവിക്കും? അത്തരം സമൂഹങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് എന്ത് സംഭവിക്കും? ആ തിരഞ്ഞെടുപ്പില്‍ എന്താണ് ചര്‍ച്ചയാകുക?

ആ തിരഞ്ഞെടുപ്പില്‍, മനുഷ്യന് വീട് കെട്ടിക്കൊടുക്കുന്നതിനേക്കാളും ചര്‍ച്ചയാകുക ദൈവത്തിന് ആരാധനാലയം പണിഞ്ഞതാകും. കര്‍ഷകരുടെ വിയര്‍പ്പും തൊഴിലാളിയുടെ വേദനയും തൊഴില്‍ രഹിതരുടെ തൊണ്ടയില്‍ കുരുങ്ങിയ വേദനയും ഭക്ഷണമില്ലാത്തവന്റെ കേഴലും വിലക്കയറ്റം തലയില്‍ വന്ന് വീണതിന്റെ മുറിപ്പാടും ഒരുഭാഗത്തുണ്ടാകും. പക്ഷേ, മറു ഭാഗത്ത് മതവാദവും അത് സൃഷ്ടിക്കുന്ന വിവേക ശൂന്യമായ കെട്ടുകാഴ്ചകളും മാത്രം ഉയര്‍ന്ന് നില്‍ക്കും.

ആര്‍പ്പു വിളിക്കുന്നവരുടെ, ആരവം തീര്‍ക്കുന്നവരുടെ ബഹളത്തില്‍ സമീറ്മാരുടെ നിലവിളി അലിഞ്ഞ് പോകും. ആ കുഞ്ഞുങ്ങള്‍ പിന്നേയും മുഷിഞ്ഞ കുപ്പായം തട്ടിത്തുടച്ച് വലിച്ച് കയറ്റി പണിയിടത്തേയ്ക്ക് പോകും. വിശപ്പ് തീരുമ്പോള്‍ സമാധാനിക്കും. സ്വപ്നങ്ങളില്ലാതെ ജീവിക്കും.

ഇതേ യാത്രയില്‍ ഉന്നാവിലെ ഇഷ്ടികച്ചൂളയില്‍ രാജയെക്കണ്ടു, മഥുരയിലെ വൃന്ദാവനത്തില്‍ ആളുകള്‍ക്ക് കുറിതൊട്ട് കൊടുത്ത് ജീവിക്കുന്ന സഹോദരി ലക്ഷ്മിയെ കണ്ടു. അവരെല്ലാം ചെറുപ്പമാണ്. പക്ഷേ, സ്‌കൂളില്‍ പോകുന്നില്ല. ആറിനും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ് നല്‍കാന്‍ നിയമമുള്ള ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിലെ അനുഭവം.

നമുക്കിനിയെത്ര വയറ് നിറയ്ക്കാനുണ്ട്?
നമുക്കിനിയെത്ര ദൂരം സഞ്ചരിക്കാനുണ്ട്?
നമുക്കിനിയെത്ര പേരില്‍ സ്വപ്നങ്ങള്‍ പകരാനുണ്ട്?

ഇന്ന് രാജ്യം പിന്നേയും വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ സമീറിനെ പിന്നേയും ഓര്‍ക്കുന്നു.

Content Highlights: Loksabha Election, Election memories