കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; എല്‍ഡിഎഫ് പദ്ധതികളെ തകിടംമറിച്ച് ഷാഫിയുടെ വിജയം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു വടകരയിലെ ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ഥിത്വം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ പോയില്ലായിരുന്നെങ്കില്‍ വളരെ സാധാരണമായിപ്പോകുമായിരുന്ന കേരളത്തിലെ പോര് കടുപ്പമേറിയതാക്കിയത് ഷാഫിയുടെ വടകരയിലേക്കുള്ള ഇറക്കമാണ്. ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്താകെ പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി എല്‍.ഡി.എഫ്. നടത്തിയ നീക്കങ്ങളാകെ വടകരയിലെ ഷാഫിയുടെ സ്ഥാനാര്‍ഥിത്വംകൊണ്ട് കോണ്‍ഗ്രസ് നിഷ്പ്രഭമാക്കി. ഇതിന്റെ അനുരണനങ്ങള്‍ മലബാറിലാകെയുണ്ടായി എന്നാണ് ഇപ്പോഴത്തെ ഫലം നല്‍കുന്ന സൂചന.
ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമായ വടകരയില്‍ ആ വോട്ടുകളില്‍ കണ്ണുവെച്ചായിരുന്ന കെ.കെ. ശൈലജയെ സ്ഥാനാര്‍ഥിയാക്കിയത്. ദേശീയതലത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പറഞ്ഞായിരുന്നു തുടക്കത്തില്‍ ഷൈലജയുടെ വോട്ടുപിടിത്തവും. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ ശൈലജക്കുള്ള സ്വീകാര്യതയും ഒന്നാം പിണറായി സര്‍ക്കാരിൽ മന്ത്രിയായിരുന്നുകൊണ്ടുള്ള പ്രവര്‍ത്തനംകൊണ്ട് നേടിയ മികച്ച പ്രതിച്ഛായയും വോട്ടാകുമെന്ന് എല്‍.ഡി.എഫ്. പ്രതീക്ഷിച്ചു. എന്നാല്‍, അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പ്രതിസന്ധിയെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്.
2019-ല്‍ പി. ജയരാജനെ മലര്‍ത്തിയടിക്കാന്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന കെ. മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനപ്രകാരം വീണ്ടും ഇവിടെ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സഹോദരി പത്മജയുടെ കൂറുമാറ്റം. ഈ തിരിച്ചടി മറികടക്കാനാണ് താത്പര്യമില്ലാതിരുന്നിട്ടും ഷാഫിയെ വടകരയിലെത്തിച്ചതും ബി.ജെ.പിയെ എതിരിടാന്‍ രക്തസാക്ഷി പരിവേഷത്തോടെ മുരളീധരനെ തൃശ്ശൂരിലേക്കുയച്ചതും. വടകരയില്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനൊപ്പം ബി.ജെ.പിയെ നേരിടാന്‍ എന്തുവിലകൊടുക്കാനും തങ്ങള്‍ തയ്യാറാണെന്ന സന്ദേശം നല്‍കാനുമായിരുന്നു ഈ നീക്കത്തിലൂടെ കോണ്‍ഗ്രസിന്റെ ശ്രമം. ഈ തന്ത്രം പകുതിമാത്രമേ വിജയിച്ചുള്ളൂ എന്നത് മറ്റൊരുകാര്യം.
ഏത് തന്ത്രമാണോ എല്‍.ഡി.എഫ്. വടകരയില്‍ പുറത്തെടുത്തത്, അതേ നാണയത്തിൽ മറുപടി നൽകുകയായിരുന്നു യു.ഡി.എഫ്. സാമുദായിക സന്തുലനത്തിന് ശ്രമിക്കുന്ന യു.ഡി.എഫ്. കണ്ണൂരിലോ ആലപ്പുഴയിലോ മുസ്ലിം ന്യൂനപക്ഷത്തില്‍നിന്ന് സ്ഥാനാര്‍ഥിയെ ഇറക്കിയേക്കുമെന്ന് പ്രതീക്ഷിച്ച എല്‍.ഡി.എഫിന് കനത്ത പ്രഹരമായിരുന്ന വടകരയിലെ ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ഥിത്വം. അതേസമയം, പാലക്കാട് പോലെ സംഘപരിവാര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ ഭൂരിപക്ഷപ്രീതിനേടി മൂന്നുതവണ വിജയിച്ച സ്ഥാനാര്‍ഥിയെന്ന നിലയിലും പൊതുപ്രതിച്ഛായയുടെ പേരിലും ഏതെങ്കിലൊരുമൊരു കള്ളിയില്‍ ഒതുങ്ങിനില്‍ക്കുന്ന പേരായിരുമായിരുന്നില്ല ഷാഫി പറമ്പിലിന്റേത്.
യു.ഡി.എഫ്. പട്ടികയിലെ ഏക പുതുസ്ഥാനാര്‍ഥിയായിരുന്നു ഷാഫി പറമ്പില്‍. മറ്റെല്ലാ ചര്‍ച്ചകളേയും സ്വന്തം വ്യക്തിപ്രഭാവംകൊണ്ട് മറികടക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി. ഇതിന്റെ പ്രതിഫലനമായിരുന്ന വടകരയില്‍ ഷാഫി വന്നിറങ്ങിയ ദിവസംമുതല്‍ യു.ഡി.എഫ്. പ്രചാരണങ്ങളില്‍ വന്നുകൂടിയ ആള്‍ക്കൂട്ടം. ശൈലജ ഇറങ്ങിയപ്പോള്‍ അറയ്ക്കല്‍ തറവാട്ടില്‍ ലഭിച്ച സ്വീകരണത്തിനുള്ള മറുപടി യു.ഡി.എഫ്. നല്‍കിയത് പുലര്‍ച്ചെ മൂന്നുമണിക്കുപോലും ഷാഫിയെക്കാണാന്‍ യു.ഡി.എഫ്. പൊതുയോഗത്തിലെത്തിയ സ്ത്രീകളെ ചൂണ്ടിയാണ്. പാലക്കാട് വിട്ടുവരുമ്പോള്‍ ഷാഫിക്ക് അവിടുത്തെ ജനങ്ങള്‍ നല്‍കിയ യാത്രയയപ്പിന്റെ ദൃശ്യങ്ങളും വടകരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചെന്നുവേണം കരുതാന്‍.
വടകരയില്‍ കോണ്‍ഗ്രസിന്റെ ഒരു മുസ്ലിം ന്യൂനപക്ഷ പ്രതിനിധി വിജയിച്ചാല്‍ ഭാവിയില്‍ തങ്ങള്‍ക്ക് ലഭിക്കാനിടയുള്ള മൂന്നാം സീറ്റിന്റെ അവകാശവാദം ഇല്ലാതായിപ്പോവുമെന്ന വിലയിരുത്തലില്‍ ലീഗ് പ്രചാരണരംഗത്തുനിന്ന് വിട്ടുനിന്നേക്കുമെന്ന് തുടക്കത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. മൂന്നാം സീറ്റ് ലഭിക്കാത്തതിലുള്ള പരിഭവവും സിറ്റിങ് എം.പി. മത്സരിച്ചാലുണ്ടാവുന്ന ആവേശക്കുറവും മാറ്റിവെച്ച് ലീഗ് ഷാഫിക്കുവേണ്ടി രംഗത്തിറങ്ങുന്നതായിരുന്നു പിന്നീട് കണ്ടത്. വയനാട്ടില്‍ മടക്കി പോക്കറ്റിലിട്ട കൊടി കൂടുതൽ ആവേശത്തോടെ ലീഗ് പുറത്തെടുത്തത് വടകരയിലായിരുന്നു. തങ്ങള്‍ക്ക് ലഭിക്കാത്ത മൂന്നാം സീറ്റായി അവര്‍ വടകരയിലെ ഷാഫിയുടെ സ്ഥാനാര്‍ഥിത്വത്തെ കണ്ടു. പത്മജയുടെ മറുകണ്ടം ചാട്ടത്തോടെ രൂക്ഷമായ, ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തെ മറികടക്കാനും ഷാഫിയുടെ വരവിലൂടെ സാധിച്ചു.
ഇതിനെല്ലാം അപ്പുറം കോണ്‍ഗ്രസില്‍ പുതിയ നേതൃസമവാക്യങ്ങള്‍ത്തന്നെ വടകരയിലെ ഷാഫിയുടെ വിജയം തുറന്നിടും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാലക്കാട് മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഷാഫി, ചിരപരിചിതമല്ലാത്ത രാഷ്ട്രീയ ഭൂമികയിലും വിജയംകൊയ്യാമെന്ന് തെളിയിക്കുകയാണ്. ഒരുപക്ഷേ ആര്യാടന്‍ മുഹമ്മദിന് ശേഷം 'പാന്‍- കേരള' സ്വഭാവം നേടിയെടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ ന്യൂനപക്ഷപ്രാതിനിധ്യം കൂടിയാവുകയാണ് ഷാഫി.
Content Highlights: What made Shafi Parambil Win Vatakara