വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

1. ഷാഫി പറമ്പിൽ, 2. കെ.കെ. ശൈലജ | ഫോട്ടോ: മാതൃഭൂമി
1. ഷാഫി പറമ്പിൽ, 2. കെ.കെ. ശൈലജ | ഫോട്ടോ: മാതൃഭൂമി

വടകര: തിരഞ്ഞെടുപ്പിന്റെ തലേദിവസം നിടുമ്പ്രമണ്ണ യൂത്ത് ലീഗ് കമ്മിറ്റിയുടെ വാട്‌സാപ്പ് പേജിൽ നിന്നെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വിവാദസന്ദേശം സത്യമാണെന്ന് തെളിയിക്കുന്നവർക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി.

വ്യാജമായി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചതാണ് ഈ സന്ദേശമെന്നതിൽ സംശയമില്ല. ഇല്ലാത്ത പോസ്റ്റ് ഉണ്ടാക്കി സ്ക്രീൻഷോട്ടെടുത്ത് അത് സി.പി.എമ്മിന്റെ ഉയർന്ന നേതാക്കൾവരെ പ്രചരിപ്പിച്ചെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും യൂത്ത് ലീഗ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇത്തരമൊരു ഗ്രൂപ്പ് നിടുമ്പ്രമണ്ണയിലെ യൂത്ത് ലീഗുകാർക്കിടയിലില്ല. ഇതിൽ പോസ്റ്റിട്ടതെന്ന് പറയുന്ന എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേര് ചേർത്ത് ഒരു ഗ്രൂപ്പ് വ്യാജമായി ഉണ്ടാക്കുകയാണ് ചെയ്തത്. ഇതിനുപിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചനയുണ്ട്. വസ്തുതാവിരുദ്ധമായ പ്രചാരണം നടന്നയുടൻ മുഹമ്മദ് കാസിമും യൂത്ത് ലീഗും പോലീസിൽ പരാതിനൽകിയിരുന്നു. കാസിം തന്റെ ഫോൺ പോലീസിന് പരിശോധനയ്ക്കായി നൽകുകയും ചെയ്തു.

ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. തുടർന്ന് ഫോൺ തിരികെനൽകുകയും ചെയ്തു. എന്നാൽ, അപകടകരമായ പ്രചാരണം നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. യൂത്ത്‌ലീഗ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്.എം. മുനീർ അബ്ദുള്ള തൻഈം, വി. ഷബീർ, അസ്‌ലഹ് വള്ള്യാട്, സി.എ. നൗഫൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: MYL offers 10 lakh for those who proves Kafir Screenshoot right