പത്താമങ്കത്തിലും കൊടിയേറ്റി കൊടിക്കുന്നിൽ; വിറപ്പിച്ച് അരുൺകുമാർ

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു  |  ഫോട്ടോ: ജി.രാഹുൽ കൃഷ്ണ / മാതൃഭൂമി
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: ജി.രാഹുൽ കൃഷ്ണ / മാതൃഭൂമി

ചെങ്ങന്നൂർ: ലോക്‌സഭയിലേക്കുള്ള പത്താമങ്കത്തിന് മാവേലിക്കരയിൽ അങ്കത്തിനിറങ്ങിയ യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷ് തുടക്കത്തിൽ വിറച്ചെങ്കിലും ഒടുവിൽ വിജയം പിടിച്ചെടുത്തു. എട്ടാംതവണ എം.പി.യാകുകയെന്ന റെക്കോഡും സ്വന്തമാക്കി. എൽ.ഡി.എഫ്. അവതരിപ്പിച്ച യുവാവായ പുതുമുഖസ്ഥാനാർഥി സി.എ. അരുൺകുമാർ അതികായകനായ കൊടിക്കുന്നിലിനോട് പൊരുതിത്തോൽക്കുകയായിരുന്നു.

2019-ൽ ഈ മണ്ഡലത്തിൽ സുരേഷിന്റെ ഭൂരിപക്ഷം 61,138 വോട്ടായിരുന്നു. ഇത്തവണയത് 9,678 ആയി കുറയ്ക്കാൻ അരുൺകുമാറിനു കഴിഞ്ഞു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലീഡുകൾ മാറിമറിഞ്ഞപ്പോൾ അട്ടിമറി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വോട്ടെണ്ണൽ പകുതി പിന്നിട്ടതോടെ കൊടിക്കുന്നിൽ വിജയത്തിലേക്ക് പതുക്കെ നടന്നടുത്തു. 1.40 ലക്ഷം വോട്ടുനേടി എൻ.ഡി.എ. സ്ഥാനാർഥിയായ ബൈജു കലാശാലയും കരുത്തുകാട്ടി.

തിരഞ്ഞെടുപ്പുകാഹളം മുഴങ്ങിയപ്പോൾ വ്യക്തമായ കണക്കുകൂട്ടലോടെയാണ് അരുൺകുമാറിനെ എൽ.ഡി.എഫ്. കളത്തിലിറക്കിയത്. മണ്ഡലത്തിലെ സാഹചര്യം വിജയം കൈപ്പിടിയിലാക്കാൻ അനുകൂലമാണെന്ന വിലയിരുത്തൽ എൽ.ഡി.എഫിനുണ്ടായിരുന്നു. അതിനായി നേരത്തേ പ്രചാരണം തുടങ്ങി. എന്നാൽ, അപകടം മനസ്സിലാക്കിയ കൊടിക്കുന്നിലും യു.ഡി.എഫും. പെട്ടെന്നുതന്നെ ഉണർന്നു പ്രവർത്തിച്ചു. മണ്ഡലത്തിൽ കാര്യമായ വികസനമെത്തിയിട്ടില്ലെന്ന എൽ.ഡി.എഫ്. ആരോപണത്തെ വികസനപദ്ധതികൾ ഒരോന്നായി ഉയർത്തിക്കാട്ടി കൊടിക്കുന്നിൽ നേരിട്ടു.

മാവേലിക്കരയിലെ പ്രചാരണരംഗത്ത് തുടക്കംമുതൽ ഒടുക്കംവരെ വീറുംവാശിയുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി പോളിങ് ശതമാനം കുറഞ്ഞു. അത് എൽ.ഡി.എഫിനു ഗുണമാകുമെന്നായിരുന്നു പൊതുവിലയിരുത്തൽ. എന്നാൽ, ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞുവെന്നല്ലാതെ അത് കൊടിക്കുന്നിലിന്റെ വിജയത്തെ ബാധിച്ചില്ല.

2014-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻ.ഡി.എ.യുടെ വോട്ടുവിഹിതം ചെറുതായി കൂടി. കഴിഞ്ഞതവണ 1,33,546 വോട്ടായിരുന്നു. ഇത്തവണയത് 1,40,658 വോട്ടായി ഉയർന്നു.

ന്യൂനപക്ഷവോട്ടുകൾ മുഴുവൻ ലഭിക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫിനുണ്ടായിരുന്നു. എന്നാൽ, കേന്ദ്രത്തിൽ ഭരണമാറ്റം ആഗ്രഹിച്ച ന്യൂനപക്ഷങ്ങളുൾപ്പെടെയുള്ളവർ യു.ഡി.എഫിനെയാണു തുണച്ചത്. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരവും എൽ.ഡി.എഫിനു തിരിച്ചടിയായി. മണ്ഡലത്തിലെ സ്ഥിരംസാന്നിധ്യവും വിപുലമായ വ്യക്തിബന്ധങ്ങളും കൊടിക്കുന്നിലിനെ തുണച്ചെന്നുവേണം കരുതാൻ.

Content Highlights: lok sabha election 2024 udf kodikunnil suresh won in mavelikkara