സൂപ്പർ എയ്റ്റ്; റെക്കോഡിൻ്റെ കരയും കടന്ന് കൊടിക്കുന്നിൽ, ചരിത്രമെഴുതി മാവേലിക്കര

അങ്ങ് തെക്ക് പത്തനാപുരം മുതല്‍ വടക്ക് കുട്ടനാട് വരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന മണ്ഡലം കൈരേഖ പോലെ പരിചിതമാണെന്ന ആത്മവിശ്വാസം. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും കൈ തന്ന ജനസമ്മതി ഇക്കുറിയും ചേര്‍ത്തുനിര്‍ത്തുമെന്ന മനോബലം. നാലാം തവണയും പാര്‍ലമെന്റിലേക്ക് പറക്കുമെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതീക്ഷ മാവേലിക്കരയില്‍ തെറ്റിയില്ല. ഇതോടെ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ എം.പി.യാകുന്ന നേതാവ് എന്ന റെക്കോഡ് കൂടി മുൻ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നിലിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. പൊന്നാനിയെ പ്രതിനിധാനം ചെയ്ത് ഏഴു തവണ പാർലമെൻ്റിലെത്തിയ ജി.എം. ബനാത്വാലയുടെയും വടകരയിൽ നിന്നും മത്സരിച്ച് ആറു തവണ എംപി.യായ കെ.പി. ഉണ്ണികൃഷ്ണൻ്റെയും റെക്കോഡാണ് കൊടിക്കുന്നിൽ മറികടന്നത്.
മണ്ഡലം രൂപീകൃതമായ 1962 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണയും ജനഹിതം യു.ഡി.എഫിനു അനുകൂലമായിരുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴും തൊട്ടടുത്ത വര്‍ഷം തിരിച്ചുപിടിക്കാൻ യു.ഡി.എഫിനു കഴിഞ്ഞിട്ടുമുണ്ട്. മധ്യതിരുവിതാംകൂറിലെ സ്ഥിരം സംവരണ മണ്ഡലമായ അടൂർ മണ്ഡല പുനർനിർണയത്തിൽ ഇല്ലാതായപ്പോഴാണ് 2009-ൽ സംവരണപദവി മാവേലിക്കരയ്ക്ക് കൈവന്നത്. അടൂരിന് പകരം പത്തനംതിട്ട ജനറല്‍ സീറ്റായി. സംവരണ മണ്ഡലമായ ശേഷം 2009-ൽ നടന്ന തിരഞ്ഞെടുപ്പിൽ അടൂരിലെ സിറ്റിങ് എം.പി.യായിരുന്ന കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ മത്സരിച്ചു. അന്നുമുതൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെയും കൊടിക്കുന്നിലല്ലാതെ മറ്റൊരു ഉത്തരം മാവേലിക്കരയ്ക്കുണ്ടായിരുന്നില്ല. ഇന്നത്തെ വിജയം കൂടി എഴുതിച്ചേർത്തതോടെ അടൂരിൽ നിന്നും മാവേലിക്കരയിൽ നിന്നുമായി എട്ടു തവണയാണ് കൊടിക്കുന്നിൽ പാർലമെൻ്റിൽ വിജയക്കൊടി നാട്ടുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കൊടിക്കുന്നിലിന്റെ വരവ്. തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യമായി സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കുന്നത്. അന്ന് കെ.എസ്.യു. സംസ്ഥാന വൈസ്പ്രസിഡന്റായി വിജയിച്ച കൊടിക്കുന്നില്‍ പിന്നീട് അടൂരില്‍ സ്ഥാനാര്‍ഥിയായി. 1989-ല്‍ 27-ാം വയസ്സിലായിരുന്നു കന്നിയങ്കം. സി.പി.ഐ.യുടെ എന്‍. രാജനായിരുന്നു എതിരാളി. 21,542 വോട്ടിന്റെ ഭൂരിപക്ഷം നേടി കന്നിപ്പോരാട്ടത്തില്‍ കൊടിക്കുന്നില്‍ പാര്‍ലമെന്റിലേക്ക് വണ്ടികയറി. 1991-ല്‍ അടുത്ത തിരഞ്ഞെടുപ്പെത്തി. സി.പി.ഐ.യുടെ ഭാര്‍ഗവി തങ്കപ്പനായിരുന്നു എതിരാളി. ഭൂരിപക്ഷം 18,595 ആയി കുറഞ്ഞെങ്കിലും അടൂരുകാര്‍ അത്തവണയും കൊടിക്കുന്നിലിനെ കൈവിട്ടില്ല.
1996-ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യുടെ പി.കെ. രാഘവനെ 65,545 വോട്ടിന് തോല്‍പ്പിച്ച് അടൂരിലെ ഹാട്രിക് പൂര്‍ത്തിയാക്കി. പക്ഷേ അടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.ഐ. രംഗത്തിറക്കിയക്കിയ പുതുമുഖമായ ചെങ്ങറ സുരേന്ദ്രനു മുന്നില്‍ കൊടിക്കുന്നിലിനു കാലിടറി. 98-ല്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ 17005 വോട്ടുകള്‍ക്ക് കൊടിക്കുന്നിലിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഒരു വര്‍ഷം കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പില്‍ 22,006 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെങ്ങറയെ തോല്‍പ്പിച്ച് പ്രതികാരം വീട്ടി. എന്നാല്‍ 2004-ല്‍ ചെങ്ങറയ്ക്ക് മുന്നില്‍ 54,534 വോട്ടുകള്‍ക്ക് കൊടിക്കുന്നില്‍ പിന്നെയും വീണു. അടൂര്‍ മണ്ഡലം ഇല്ലാതായി 2009-ൽ മാവേലിക്കരയിലേക്കെത്തിയപ്പോള്‍ പി.കെ. രാഘവന്റെ മകന്‍ ആര്‍.എസ്. അനിലും എൻ.ഡി.എ.യുടെ പി.എം. വേലായുധനുമായിരുന്നു എതിരാളികൾ. 48,048 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കൊടിക്കുന്നിൽ പതിനഞ്ചാമത് ലോക്‌സഭയില്‍ സ്ഥാനമുറപ്പിച്ചു.
2014-ൽ മാവേലിക്കരയിലെ രണ്ടാമങ്കത്തിൽ കാത്തിരുന്ന എതിരാളി അടൂർ മണ്ഡലത്തിൽ കൊടിക്കുന്നിലിനെ നില തെറ്റിച്ച ചെങ്ങറ സുരേന്ദ്രനായിരുന്നു. ഒപ്പം എൻ.ഡി.എ. സ്ഥാനാർഥിയായി അന്നത്തെ യുവമോർച്ച സംസ്ഥാന പ്രസിഡൻ്റായിരുന്ന പി.സുധീറും. കുട്ടനാട് പാക്കേജ് നടപ്പാക്കാനാകാതിരുന്നതും അന്നത്തെ സോളാർ വിവാദവുമൊക്കെ പ്രചാരാണായുധമാക്കി കൊടിക്കുന്നിലിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും 32,737 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി.2019-ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആണിയടിച്ചുറപ്പിച്ച കൊടിക്കുന്നിലിൻ്റെ അധീശത്വത്തെ നേരിടാൻ അടൂരിൽ സിറ്റിങ്ങ് എം.എൽ.എ.യായ ചിറ്റയം ഗോപകുമാറിനെയാണ് സി.പി.ഐ. ഇറക്കിയത്. ബി.ഡി.ജെ.എസിൻ്റെ തഴവ സഹദേവനെ എൻ.ഡി.എ. സ്ഥാനാർഥിയായും രംഗത്തിറക്കി. ചിറ്റയം ഗോപകുമാർ 3,76497 വോട്ടും തഴവ സഹദേവൻ 1,32323 വോട്ടുകളും നേടിയപ്പോൾ 61500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 4,37997 വോട്ടുകളുമായി കൊടിക്കുന്നിൽ ഹാട്രിക് വിജയം ഉറപ്പിക്കുകയായിരുന്നു. ഒടുവിൽ 2024-ൽ മാവേലിക്കര ഏതുവിധേനയും പിടിച്ചെടുക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് പുതുമുഖമായ സി.എ. അരുൺകുമാറിനെ സി.പി.ഐ. രംഗത്തിറക്കിയത്. പോരാട്ടം ശക്തിപ്പെടുത്താൻ കോൺഗ്രസ് വിട്ട് ബി.ഡി.ജെ.എസിലെത്തിയ ബൈജു കലാശാലയെ എൻ.ഡി.എ.യും മത്സരത്തിനിറക്കി. എന്നാൽ, മാവേലിക്കരയിലെ കൊടിക്കുന്നിൽ പ്രഭാവത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അരുൺകുമാറിനും ബൈജു കലാശാലയ്ക്കും ആയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
എന്നാല്‍ 2019-ല്‍ ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗത്തില്‍ ഒപ്പം കൂടിയ ഭൂരിപക്ഷം ഇക്കുറി കൊടിക്കുന്നിലിന് നേടാനായില്ല എന്നത് ശ്രദ്ധേയമാണ്. സി.പി.ഐ.യുടെ സി.എ.അരുണ്‍കുമാര്‍ ശക്തമായ വെല്ലുവിളി കൊടിക്കുന്നിലിന് ഉയര്‍ത്തിയെങ്കിലും സാമാജികത്വത്തിലെ തന്ത്രജ്ഞത കൊടിക്കുന്നിലിന് നേട്ടമായെന്ന് അനുമാനിക്കാം. ഈ പരിചയസമ്പത്തു തന്നെയാണ് മണ്ഡലത്തിനുള്ളില്‍ വിരുദ്ധവികാരം നേരിട്ടിട്ടും കാലിടറാതെ പിടിച്ചു നില്‍ക്കാന്‍ കൊടിക്കുന്നിലിനെ സഹായിച്ചതും.
Content Highlights: lok sabha election 2024 mavelikkara kodikunnil suresh leads