കേരളസ്റ്റോറി മലപ്പുറത്ത് വിശദീകരിക്കാൻ പ്രയാസപ്പെട്ടെന്ന് അബ്ദുൾസലാം; ഗൗരവമായി കാണുന്നില്ലെന്ന് BJP

മലപ്പുറം: 'കേരളസ്റ്റോറി' സിനിമ തിരഞ്ഞെടുപ്പു പ്രചാരണത്തെ ബാധിച്ചെന്ന എന്‍.ഡി.എ. മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍ സലാമിന്റെ പരാമര്‍ശം ഗൗരവമായി കാണുന്നില്ലെന്ന് ബി.ജെ.പി. മലപ്പുറം ജില്ലാപ്രസിഡന്റ് രവി തേലത്ത്.
അത് ചര്‍ച്ച ചെയ്യേണ്ട വിഷയമേയല്ല. മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് സാഹചര്യത്തിനനുസരിച്ച് മറുപടി പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും പാര്‍ട്ടിയിലുണ്ടായിട്ടില്ലെന്നും രവി തേലത്ത് പറഞ്ഞു.
കേരളാസ്റ്റോറി സിനിമയും പൗരത്വവിഷയവുമൊക്കെ മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ വിശദീകരിക്കാന്‍ പ്രയാസമുണ്ടായതായി ഡോ. അബ്ദുള്‍ സലാം പറഞ്ഞിരുന്നു. മാത്രമല്ല, ചില പള്ളികളില്‍ ചെന്നപ്പോള്‍ ഇറങ്ങിപ്പോവാന്‍വരെ പറഞ്ഞതായും സലാം 'മാതൃഭൂമി' യോട് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ വളരെ നീചമായ ഭാഷയിലാണ് അസഭ്യം പറയുന്നത്. ഇടതുവലതു മുന്നണികള്‍ എന്തുപറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കുന്ന ചിലരുണ്ട്. അവരാണ് ഇതിനുപിന്നിലെന്നും അബ്ദുള്‍ സലാം 'മാതൃഭൂമി'യോട് പറഞ്ഞു.
പാര്‍ട്ടിക്ക് അഞ്ചുശതമാനം മാത്രം വോട്ടുബാങ്കുള്ള സ്ഥലമാണ് മലപ്പുറം. ഒട്ടേറെ അനുകൂലമായ ഘടകങ്ങളുണ്ട്. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്ന ഇത്തരം ചില വിഷയങ്ങളുമുണ്ട്. പാര്‍ട്ടി നേതൃത്വത്തിനും ഇതൊക്കെ അറിയാം. മോദിയുടെ ഭരണത്തെക്കുറിച്ചുമാത്രമാണ് ആകെ പറയാവുന്നത്. മുത്തലാക്കിന്റെ കാര്യത്തില്‍ സ്ത്രീകളുടെ സന്തോഷം ഒരു ഘടകമാണ്. താന്‍ ചോദിച്ചവരെല്ലാം മുത്തലാക്ക് നിര്‍ത്തിയതില്‍ സന്തോഷിക്കുന്നവരാണെന്നും അത് തുറന്നുപറയാന്‍ മടിക്കുകയാണെന്നും അബ്ദുള്‍ സലാം പറഞ്ഞു.
Content Highlights: malappuram bjp candidate statement about kerala story movie