തിരഞ്ഞെടുപ്പ് അലയൊലികളൊഴിഞ്ഞിട്ടും വടകരയിലെ രാഷ്ട്രീയപോരിനന്ത്യമില്ല; ക്യാമ്പയിനുമായി മുന്നണികൾ

കോഴിക്കോട്: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായിട്ടും അവസാനിക്കാതെ വടകരയിലെ രാഷ്ട്രീയ പോര്. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമം നടന്നുവന്ന ഇരുമുന്നണികളുടെയും ആക്ഷേപത്തിന് പിന്നാലെ വടകരയിൽ വർഗീയ ധ്രുവീകരണത്തിനെതിരെ പരിപാടികൾ നടത്താൻ ഒരുങ്ങുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. വർഗീയതയെ ചെറുക്കണം എന്ന മുദ്രാവാക്യവുമായി വടകരയിൽ ഡി.വൈ.എഫ്.ഐ. വെള്ളിയാഴ്ച യൂത്ത് അലെർട്ട് സംഘടിപ്പിക്കും.
വ്യാജ ഐ.ഡി. ഉണ്ടാക്കിയ പോലെ വ്യാജ പ്രചരണങ്ങൾ യുത്ത് കോൺഗ്രസ് നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ഇത് തിരുത്താൻ കോൺഗ്രസ് തയ്യാറായില്ല. വടകരയെന്ന മനുഷ്യ സ്നേഹികളുടെ മണ്ണിൽ യു.ഡി.എഫ്. ധ്രുവീകരണത്തിന് ശ്രമിച്ചു. ഈ ധ്രുവീകരണം അനുവദിക്കില്ല. അതിന്റെ അവശേഷിപ്പ് വടകരയിൽ ഉണ്ടാവരുത് ഈ സന്ദേശവുമായാണ് വെള്ളിയാഴ്ചത്തെ ക്യാമ്പയിൻ എന്നും വസീഫ് പറഞ്ഞു. വ്യാജൻമാർ ഒന്നാകെ വടകരയിൽ ഉണ്ടായിരുന്നത് കൊണ്ട് വ്യാജ പ്രചാരണങ്ങളും ഉണ്ടായി. വ്യാജൻമാരുടെ വിലസൽ അവസാനിപ്പിക്കണം എന്നും വസീഫ് കൂട്ടിച്ചേർത്തു.
ഡി.വൈ.എഫ്.ഐ. ക്യാമ്പയിനെ പരിഹസിച്ച് ഡി.സി.സി. അധ്യക്ഷൻ പ്രവീൺ കുമാർ രംഗത്തെത്തി. വാസവദത്തയുടെ ചാരിത്ര്യപ്രസംഗമാണ് ഡി.വൈ.എഫ്.ഐയുടെതെന്നും പ്രവീൺ കുമാർ പറഞ്ഞു.
വടകരയിലെ വർഗീയ ധ്രുവീകരണത്തിനെതിരെ യു.ഡി.എഫും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. വടകരയെ മുറിവേൽപ്പിക്കാൻ അനുവദിക്കില്ല. നാടൊന്നിക്കണം എന്ന സന്ദേശവുമായാണ് പരിപാടി. തീയതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കെ. പ്രവീൺ കുമാർ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ തലേദിവസം യൂത്ത് ലീഗ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നെന്ന പേരിൽ പ്രചരിച്ച സന്ദേശത്തോടെയാണ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ശക്തമായത്. ഇതിനെതിരെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നൽകിയിരുന്നു. ഈ സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗ് പോലീസിൽ പരാതിപ്പെട്ടു. ഈ സന്ദേശത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് ദിവസവും അതിനുശേഷം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വാക്പോര് തുടരുന്നത്.
Content Highlights: lok sabha election 2024 vadakara hate campaign issue