സംഗീതാ വിശ്വനാഥൻ നാമനിർദേശപത്രിക സമർപ്പിച്ചു; ജംഗമസ്വത്ത് 72.5 ലക്ഷം;ബാധ്യത 16.92 ലക്ഷം

തൊടുപുഴ : ഇടുക്കി ലോക്സഭാ മണ്ഡലം എൻ.ഡി.എ.സ്ഥാനാർഥി അഡ്വ. സംഗീതാ വിശ്വനാഥൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഒരുസെറ്റ് പത്രികയാണ് നിലവിൽ സമർപ്പിച്ചിട്ടുള്ളത്. ബി.ജെ.പി. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ബി.ഡി.ജെ.എസ്. സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
സംഗീത വിശ്വനാഥന് കൈവശം പണവും സ്വർണവും മറ്റ് നിക്ഷേപങ്ങളുമായി (ജംഗമസ്വത്ത്) 72,51,504 രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം. ഇതുകൂടാതെ 2.99 ഏക്കർ കൃഷിഭൂമിയും കൂർക്കഞ്ചേരിയിൽ കെട്ടിടങ്ങളുമുണ്ട്. വായ്പയും മറ്റുമായി 16,92,651 രൂപയുടെ ബാധ്യതയുണ്ട്.
ഭർത്താവ് വിശ്വനാഥന് 46,03,836 രൂപയുടെ ജംഗമസ്വത്തും 2.20 ഏക്കർ കൃഷി ഭൂമിയുമുണ്ട്. ഇത് കൂടാതെ കാർഷികേതര ഭൂമിയും വാണിജ്യ കെട്ടിടങ്ങളും റെസിഡെൻഷ്യൽ ബിൽഡിങ്ങുമുണ്ട്. 63,15,686 രൂപയാണ് അദ്ദേഹത്തിന്റെ ബാധ്യത. രണ്ട് മക്കളുടെ പേരിൽ 2,74,036 രൂപയുടെ ആസ്തിയുണ്ട്.
ഈ ആസ്തികളിൽ പണമായി സംഗീതയുടെ കൈവശമുള്ളത് 25,000 രൂപയാണ്. 11.5 ലക്ഷം വിലയുള്ള ഒരു കാർ, പിക്കപ്പ്, സ്‌കൂട്ടർ എന്നീ വാഹനങ്ങളും 45 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ എന്നിവയാണ് മറ്റ് ആസ്തികൾ. വിവിധ ബാങ്കുകളിൽ സംഗീതയുടെ പേരിൽ 2,17,646.23 രൂപയുടെ നിക്ഷേപമുണ്ട്. രണ്ട് സൊസൈറ്റികളിലും ഒരു ബാങ്കിലുമായി 1,03,000 രൂപ മതിപ്പുള്ള ഓഹരി സംഗീതയുടെ പേരിലുണ്ട്.
Content Highlights: sangeetha viswanathan submitted nomination