കാടിന് നടുവിൽ ഈ നാട്, അവിടുണ്ടൊരു പോളിങ് ബൂത്ത്

ഉടുമ്പന്നൂർ : ഇടുക്കി വനത്താൽ ചുറ്റപ്പെട്ട രണ്ട് ഗ്രാമങ്ങൾ. മനയത്തടവും കൈത്തപ്പാറയും. പൊട്ടിപ്പൊളിഞ്ഞ് കല്ലുനിറഞ്ഞ ദുർഘടപാത താണ്ടിവേണം ഇവിടെയെത്താൻ. അവിടെയുമുണ്ട് ഒരു പോളിങ് ബൂത്ത്. രണ്ട് ഗ്രാമങ്ങളിലെ 172 വോട്ടർമാർ വോട്ടുചെയ്യുന്നത് ഇവിടെയാണ്. അവിടത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലൂടെ.
സ്ഥാനാർഥികൾ വന്നില്ലെങ്കിലും
ഭക്ഷ്യക്ഷാമം ഒഴിവാക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയായ ‘ഗ്രോ മോർ ഫുഡി’ന്റെ ഭാഗമായി കേരള സർക്കാർ കുടിയിരുത്തിയ കുടുംബങ്ങളാണ് ഇവിടെ കൂടുതലും. ആദിവാസി വിഭാഗത്തിൽപ്പെട്ടവരുമുണ്ട്. കർഷകർ മാത്രമാണ് ഈ രണ്ട് ഗ്രാമങ്ങളിലുമുള്ളത്.
കാലം മുമ്പോട്ടുപോയപ്പോഴും ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടില്ല. വഴിപ്രശ്നമാണ് പ്രധാനം. നല്ലൊരു റോഡില്ല. ഇവർ പുറംലോകത്തേക്ക് എത്തുന്ന മണിയാറൻകുടി-ഉടുമ്പന്നൂർ റോഡ് തകർന്നു തരിപ്പണമായിട്ട് വർഷങ്ങളായി. ഗ്രാമങ്ങളിൽനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ പെടാപ്പാടാണ്.
ഇതുകൂടാതെ കനത്ത വന്യമൃഗശല്യവുമുണ്ട്. അതുകൊണ്ടുതന്നെ പ്രദേശത്തുനിന്ന് ആളുകൾ കുടിയിറങ്ങുന്നു. 170-ൽ പരം കുടുംബങ്ങളുള്ള സ്ഥാനത്ത് ഇപ്പോൾ 40-ന് താഴെ കുടുംബങ്ങളേയുള്ളൂ. അതോടെ വോട്ടർമാരും കുറഞ്ഞു.ഇതൊക്കെ കാരണമാകണം ഇവിടേക്ക് ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർഥികൾ എത്താറില്ല. എന്നാൽ, പ്രവർത്തകർ നല്ല പ്രചാരണം നടത്തും. സ്ഥാനാർഥികൾ എത്തിയാലും എത്തിയില്ലെങ്കിലും ഇവിടത്തുകാർ വോട്ടുചെയ്യും. 110 വോട്ടുകളെങ്കിലും ‘പെട്ടിയിൽ വീഴും’. ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റും ഗ്രാമത്തിന് പുറത്തുപോയവരാണ് ബാക്കി. കൈതപ്പാറയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലാണ് കുറച്ചുകാലമായി ഇവരുടെ പോളിങ് ബൂത്ത്.
അടുത്തുണ്ട് വേളൂർ
ഈ രണ്ട് ഗ്രാമങ്ങളോടും ചേർന്നുകിടക്കുന്ന മറ്റൊരു കുടിയേറ്റഗ്രാമമാണ് വേളൂർ. ഇവിടെ എട്ട് കുടുംബങ്ങൾ മാത്രമാണുള്ളത്. അതിനാൽ തന്നെ ഇവർക്ക് അടുത്ത് പോളിങ് ബൂത്തില്ല. അഞ്ച് കിലോമീറ്റർ അപ്പുറമുള്ള ഏഴാനിക്കൂട്ടത്ത് െചന്ന് വേണം വോട്ടുചെയ്യാൻ. മുൻപ് മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള പരിയാരത്ത് പോളിങ് ബൂത്തുണ്ടായിരുന്നു. ഇത്തവണ അവിടെനിന്ന് ഇവരെ മാറ്റി. അത് ഇവർക്ക് ബുദ്ധിമുട്ടായി. മുൻപ് വേളൂരിൽ 30 കുടുംബങ്ങളുണ്ടായിരുന്നു. അക്കാലത്ത് പി.ടി.തോമസ് ഇവിടെ വോട്ട് ചോദിച്ചെത്തിയത് ഗ്രാമവാസികൾ ഓർക്കുന്നുണ്ട്. പിന്നീട് ആരും വന്നിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
റോഡ് നന്നാക്കണം
മനയത്തടം, കൈതപ്പാറ, വേളൂർ ഗ്രാമവാസികൾക്ക് പ്രധാനമായും ഒരു കാര്യമാണ് പറയാനുള്ളത്. മണിയാറൻകുടി-ഉടുമ്പന്നൂർ റോഡ് എത്രയും പെട്ടെന്ന് നന്നാക്കണം.
പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയിൽ ഉൾപ്പെടുത്തിയ പാതയാണ് ഇത്. എന്നാൽ, വനംവകുപ്പ് ഓരോരോ തടസ്സവാദം ഉന്നയിച്ചതോടെ റോഡ് നിർമാണം മുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധി എന്താണെങ്കിലും ഇടുക്കിയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് ആരാണെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: polling booth in the middle of the forest