'കൈ' വിടാതെ ഇടുക്കി; രണ്ടാം തവണയും ഡീൻ, ഇടതുകോട്ടകളിലും ഡീൻ തരംഗം

പതിനെട്ടാം ലോക്സഭയിൽ ഇടുക്കിയുടെ ശബ്ദമാകാൻ രണ്ടാം തവണയും ഡീൻ കുര്യാക്കോസ്. ഇടുക്കിയിൽ മൂന്നാം പോരാട്ടത്തിന് ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ വിജയം രണ്ടാം തവണയും ഡീനിനൊപ്പം തന്നെ. കഴിഞ്ഞ തവണ മത്സരിച്ചവർ നേരിട്ട് ഏറ്റുമുട്ടുന്ന ഏക സീറ്റെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ടായിരുന്നു. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ ഇത്തവണ മണ്ഡലം യുഡിഎഫിന്റെ കൈപ്പത്തിക്കുള്ളിലായി.
| സ്ഥാനാർഥി | മുന്നണി | ആകെ വോട്ട് | ഭൂരിപക്ഷം |
| അഡ്വ. ഡീൻ കുര്യാക്കോസ് | UDF | 4,32,372 | 1,33,727 |
| അഡ്വ. ജോയ്സ് ജോർജ് | LDF | 2,98,645 | |
| അഡ്വ. സംഗീത വിശ്വനാഥ് | NDA | 91,323 |
മന്ത്രിയുടെയും മുൻമന്ത്രിയുടെയും മണ്ഡലത്തിലും തിളങ്ങാനാവാതെ ജോയ്സ്
ആദ്യം മുതലേ എല്ലാ നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്താൻ ഡീനിന് കഴിഞ്ഞു. മുൻ മന്ത്രിയും എംഎൽഎയുമായ എം.എം. മണിയുടെ ശക്തമായ കോട്ടയായ ഉടുമ്പൻചോലയിലും ഡീൻ തന്നെ മുന്നിലെത്തി. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കി മണ്ഡലത്തിൽ 15,595 വോട്ട് ഭൂരിപക്ഷം നേടിയായിരുന്നു ഡീനിന്റെ കുതിപ്പ്. ഹൈറേഞ്ചിൽ കോൺഗ്രസിന് എം.എൽ.എ. ഇല്ലാതായിട്ട് നാളുകളായി. ഇടുക്കിയിൽ അഞ്ച് ടേമിലും റോഷി അഗസ്റ്റിൻ തന്നെ വിജയിച്ചെങ്കിലും 2021-ൽ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ ഇടുക്കിയും ചുവന്നു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, മണ്ഡലങ്ങൾ എൽഡിഎഫ് എംഎൽഎമാരുടെ തട്ടകമാണ്. ലോറേഞ്ചിൽ കോതമംഗലവും എൽഡിഎഫിനൊപ്പമാണ്. തൊടുപുഴയും മൂവാറ്റുപുഴയും മാത്രമാണ് കോൺഗ്രസ് കോട്ടയായിട്ടുള്ളത്. എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനോട് ആഭിമുഖ്യം കാണിക്കുന്ന മണ്ഡലത്തിന്റെ പൊതുസ്വഭാവം ഇത്തവണയും ആവർത്തിക്കപ്പെട്ടു. എൽ.ഡി.എഫിന്റെ എല്ലാ തട്ടകങ്ങളിലും രാജകീയ വിജയം നേടി തന്നെയാണ് ഇത്തവണയും ഡീനിന്റെ വിജയം.
സ്ഥാനാർഥികളുടെ മണ്ഡലം തിരിച്ചുള്ള വോട്ടുനേട്ടം
| ഇടുക്കി | പീരുമേട് | ഉടുമ്പൻചോല | ദേവികുളം | തൊടുപുഴ | മൂവാറ്റുപുഴ | കോതമംഗലം | |
| അഡ്വ. ഡീൻ കുര്യാക്കോസ് | 58348 | 58264 | 53,085 | 54160 | 69900 | 69981 | 63,391 |
| അഡ്വ. ജോയ്സ് ജോർജ് | 42753 | 43623 | 46,325 | 41723 | 36280 | 42361 | 42,910 |
| അഡ്വ. സംഗീത വിശ്വനാഥ് | 14680 | 11304 | 14,316 | 9205 | 16413 | 13248 | 11,497 |
രണ്ട് വ്യത്യസ്ത രാഷ്ട്രീയ സ്വഭാവം വച്ചു പുലർത്തുന്ന ഹൈറേഞ്ചും ലോറേഞ്ചുമടങ്ങുന്ന മണ്ഡലത്തിൽ ഇത്തവണ പോളിങ് കുറഞ്ഞപ്പോൾ ഇരു മുന്നണികളും തെല്ലൊന്ന് ആശങ്കയിലായിരുന്നു. ഇത്തവണ 65.55 ശതമാനം പോളിങ്ങാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 9.71 ശതമാനം കുറവ്. 2019-ൽ 76.26 ശതമാനം പോളിങ്ങായിരുന്നു. ഏഴ് നിയമസഭാ മണ്ഡലത്തിലും പോളിങ് കുറഞ്ഞു. കോതമംഗലത്ത് മാത്രമാണ് 70-ശതമാനത്തിൽ എത്തിയത്. ഇത് മുന്നണികളെ ആശങ്കപ്പെടുത്തിയിരുന്നു. 2019 ൽ പോളിങ് ശതമാനം കൂടിയത് ഡീൻ കുര്യാക്കോസിനാണ് ഗുണമായത്. റെക്കോഡ് ഭൂരിപക്ഷം നേടിയായിരുന്നു അന്ന് ഡീനിന്റെ ജയം. ഇത്തവണ പോളിങ് ശതമാനത്തിലെ ഇടിവ് ഡീനിന് പ്രതികൂലമായില്ല.
മണ്ഡലചരിത്രം ഒറ്റ നോട്ടത്തിൽ
| വർഷം | സ്ഥാനാർത്ഥി | പാർട്ടി | ഭൂരിപക്ഷം |
| 1977 | സി.എം. സ്റ്റീഫൻ | INC | 79,357 |
| 1980 | എം.എം. ലോറൻസ് | CPM | 7,033 |
| 1984 | പി.ജെ. കുര്യൻ | INC | 1,30,624 |
| 1989 | പാലാ കെ.എം. മാത്യു | INC | 91,479 |
| 1991 | പാലാ കെ.എം. മാത്യു | INC | 25,206 |
| 1996 | എ.സി. ജോസ് | INC | 30,140 |
| 1998 | പി.സി. ചാക്കോ | INC | 6,350 |
| 1999 | കെ. ഫ്രാൻസിസ് ജോർജ് | KEC | 9,298 |
| 2004 | കെ. ഫ്രാൻസിസ് ജോർജ് | KEC | 69,384 |
| 2009 | അഡ്വ പി.ടി. തോമസ് | INC | 74,796 |
| 2014 | അഡ്വ. ജോയ്സ് ജോർജ്ജ് | LDF സ്വതന്ത്രൻ | 50,542 |
| 2019 | അഡ്വ. ഡീൻ കുര്യാക്കോസ് | INC | 1,71,053 |
| 2024 | അഡ്വ. ഡീൻ കുര്യാക്കോസ് | INC | 1,33,727 |
പോസ്റ്റൽ വോട്ടിലും ഡീൻ മുന്നിൽ
പോസ്റ്റൽ വോട്ടുകളിലും ഇടുക്കിയിൽ ഡീൻ മുന്നിലെത്തി. 5243 വോട്ടുകളാണ് ഡീനിന് ലഭിച്ചത്. ജോയ്സിന് 2670 വോട്ടുകളും സംഗീത വിശ്വനാഥിന് 660 വോട്ടുകളും ലഭിച്ചു. ആകെ 9372 പോസ്റ്റൽ വോട്ടുകളായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്
ഇടിയാതെ ഇടിഞ്ഞ് ഭൂരിപക്ഷം
കേരളാ കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേക്ക് പോയതോടെ കോൺഗ്രസിന് ഇത്തവണ ഭൂരിപക്ഷത്തിൽ വ്യക്തമായ ഇടിവ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. രാഹുൽ ഗാന്ധി പ്രഭാവവും ജില്ലയിലെ ഭൂ പ്രശ്നങ്ങളിൽ നടപടി സ്വീകരിക്കുമെന്ന വാക്ക് സർക്കാർ പാലിച്ചില്ലെന്ന പൊതുവിലയിരുത്തലും ഹൈറേഞ്ച് സംരക്ഷണസമിതിയുടെ അപ്രസക്തിയുമായിരുന്നു 2019 ൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് ഡീനിനെയും കോൺഗ്രസിനെയും എത്തിച്ചത്. അന്ന് ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഡീൻ വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. ഉടുമ്പൻചോലയിൽ ഒഴികെ ബാക്കിയെല്ലായിടത്തും 20000-ന് മുകളിൽ ഭൂരിപക്ഷം. ഇതിൽ തന്നെ തൊടുപുഴയിലും മൂവാറ്റുപുഴയിലും ഭൂരിപക്ഷം 30000-കടന്നു. ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിൽകൂടി എല്ലാ നിയോജകമണ്ഡലങ്ങളിലും ഡീൻ മുന്നിലെത്തിയ സ്ഥിതിവിശേഷമാണുണ്ടായത്. ഭൂരിപക്ഷത്തിലെ ഇടിവിൽ കോൺഗ്രസ് എമ്മിന്റെ കൊഴിഞ്ഞുപോക്കിലുപരി ഇത്തവണയുണ്ടായ പോളിങ് ഇടിവാണെന്നും പറയാം.
നിയമസഭ മണ്ഡലം തിരിച്ചുള്ള 2019, 2024 തിരഞ്ഞെടുപ്പുകളിലെ ഡീൻ കുര്യാക്കോസിന്റെ ഭൂരിപക്ഷം
| 2019 | 2024 | |
| മൂവാറ്റുപുഴ | 32,539 | 27,620 |
| കോതമംഗലം | 20,596 | 20,481 |
| ദേവികുളം | 24,036 | 12,437 |
| ഉടുമ്പൻചോല | 12,494 | 6,760 |
| തൊടുപുഴ | 37,023 | 33,620 |
| ഇടുക്കി | 20,982 | 15,595 |
| പീരുമേട് | 23,380 | 14,641 |
സർക്കാരിനെതിരായ ജനവികാരം ജോയ്‌സ് ജോർജിന് തിരിച്ചടിയായോ?
2014 ൽ സി.പി.എം. പിന്തുണയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിലായിരുന്നു ജോയ്‌സ് ജോർജ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. പശ്ചിമഘട്ടമാകെ അതീവ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വന്ന ഗാഡ്ഗിൽ റിപ്പോർട്ടും പ്രതിഷേധങ്ങളുമാണ് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധി എഴുതിയത്. പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിച്ച പി.ടി. തോമസ് പരിസ്ഥിതിയെ മറന്നുള്ള വികസനത്തിനെതിരെ നിലപാടെടുത്തപ്പോൾ ക്രൈസ്തവ സഭ പൂർണമായും കോൺഗ്രസിനെതിരെ തിരിഞ്ഞു. ജീവിച്ചിരിക്കെ ശവഘോഷയാത്ര വരെ അഭിമുഖികരിക്കേണ്ടി വന്ന ശക്തമായ പ്രതിഷേധങ്ങൾക്കാണ് അന്ന് പി.ടി. തോമസും കോൺഗ്രസും സാക്ഷിയായത്.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ശബ്ദമുയർത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗൽ അഡ്വൈസർ കൂടിയായ അഡ്വ.ജോയ്സ് ജോർജിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സമരത്തീയിൽ ജ്വലിച്ചു നിന്ന ജില്ലയിൽ ജോയ്‌സ് അന്ന് 50542 വോട്ടുകൾക്ക് വിജയിച്ചു. തുടരെയുള്ള സർക്കാരിൻറെ വാഗ്ദാന ലംഘനങ്ങളും നീതി നിഷേധങ്ങളും ചൂണ്ടിക്കാട്ടിയാണ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജോയ്സ് ജോർജ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. എന്നാൽ, ജില്ല നേരിട്ട ഭൂപ്രശ്നങ്ങളിൽ വേണ്ടവിധം ഇടപ്പെടാനോ പരിഹാരം കണ്ടെത്താനും കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പൊതുവേയുണ്ടായത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയിൽനിന്നു എൽ.ഡി.എഫ്. സ്വതന്ത്രനായിട്ടായിരുന്നു ജോയ്സ് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. എന്നാൽ, രണ്ടാം തവണ ജോയ്സിന് മണ്ഡലത്തിൽ വേരുറപ്പിക്കാനായില്ല. മൂന്നാം തവണ വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലായിരുന്നു ജോയ്സ് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. എന്നാൽ മണ്ഡലത്തിൽ മന്ത്രിയുടെയും മുൻ മന്ത്രിയുടെയും മണ്ഡലത്തിൽ പോലും ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞില്ലെന്നത് എൽഡിഎഫിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്
ജോയ്‌സ് ജോർജ് ഇത്തവണ ആദ്യമായി സി.പി.എം. പാർട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. കൂടാതെ ഡി.എം.കെ.യുടെ പിന്തുണയും ലഭിച്ചിരുന്നു. ഭൂനിയമ ഭേദഗതി ബില്ല് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തിയായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണം. എന്നാൽ ജില്ലയിലെ പരിപഹരിക്കപ്പെടാത്ത ഭൂപ്രശ്നങ്ങളും മനുഷ്യ വന്യജീവി സംഘർഷങ്ങളും കാർഷികമേഖലയിലെ പ്രതിസന്ധിയുമെല്ലാം മണ്ഡലത്തിൽ എൽഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ബിജെപിയുടെ വോട്ട് നിലയിൽ വർധനവ്
ഈഴവ സമുദായം കൂടുതലുള്ളതിനാൽ തന്നെ ഇടുക്കിയിൽ ബി.ഡി.ജെ.എസിന് വലിയ പ്രാമുഖ്യമുണ്ട്. 2019-ൽ എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ഡി.ജെ.എസിന്റെ ബിജു കൃഷ്ണൻ 78648 വോട്ട് നേടിയിരുന്നു. എല്ലാ മണ്ഡലത്തിലും ഇത്തവണ മെച്ചപ്പെട്ട പ്രകടനമാണ് എൻ.ഡി.എ. സ്ഥാനാർഥി സംഗീതാ വിശ്വനാഥ് ലക്ഷ്യം വച്ചത്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നില ഉയർത്താൻ സാധിച്ചത് ബി.ഡി.ജെ.എസിന്റെ വിജയമാണ്. ഇത്തവണ ഒരു ലക്ഷത്തിനടുത്ത് (91323) വോട്ട് ഉയർത്താൻ കഴിഞ്ഞതിൽ ബിജെപി കേന്ദ്രങ്ങൾ സന്തോഷത്തിലാണ്.
ഇരുമുന്നണികളും വിജയപ്രതീക്ഷ പുലർത്തിയിരുന്ന ഇടുക്കി മണ്ഡലം കോൺഗ്രസിനും ഡീനിനുമൊപ്പം തന്നെ നിന്നു. 2014 ലെ വിജയം ആവർത്തിക്കപ്പെടുമെന്ന് കരുതിയിരുന്ന എൽഡിഎഫിന് വലിയ തിരിച്ചടിതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം. ഇടുക്കിയിൽ ഇത്തവണ 9519 പേർ നോട്ട രേഖപ്പെടുത്തിയിരുന്നു. പോളിങ് ശതമാനത്തിൽ വലിയ ഇടിവുണ്ടായ തിരഞ്ഞെടുപ്പിൽ 70,000 ത്തിന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഇരട്ടി മധുരം പകരുന്നതാണ് 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയം
Content Highlights: idukki constituency result victory to dean kuriakose