ചെന്നിത്തലയുടെ മണ്ഡലത്തിൽ എൻ.ഡി.എ. മുന്നേറ്റം; കോൺഗ്രസിനു ഞെട്ടൽ

#സ്വന്തം ലേഖകൻ
രമേശ് ചെന്നിത്തല | Photo: Mathrubhumi
രമേശ് ചെന്നിത്തല | Photo: Mathrubhumi

ആലപ്പുഴ: മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ട് എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നേടിയ വോട്ടുവിഹിതം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഇവിടെ 2019-ലെ ലോക്്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യ്ക്ക് 26,238 വോട്ടായിരുന്നു. ശോഭ നേടിയത് 47,421 വോട്ട്. കെ.സി. വേണുഗോപാലിനു തൊട്ടുപിന്നിൽ രണ്ടാംസ്ഥാനത്ത് ശോഭയാണ്. ഇരുവരും തമ്മിലുള്ള വ്യത്യാസം 1,345 വോട്ടു മാത്രം. യു.ഡി.എഫിന് 2019-ൽ കിട്ടിയതിനെക്കാൾ 12,979 വോട്ടിന്റെ കുറവ്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എ.എം. ആരിഫും യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനുമാണ് മത്സരിച്ചത്. എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന കെ.എസ്. രാധാകൃഷ്ണൻ 26,238 വോട്ടു നേടിയത് പ്രധാന മുന്നണി സ്ഥാനാർഥികൾ മുസ്‌ലിം സമുദായാംഗങ്ങളായതിനാൽ എതിർധ്രുവീകരണം ഉണ്ടായതിനാലാണെന്നാണ് കോൺഗ്രസ് വിലയിരുത്തിയത്. എന്നാൽ, ആ വിലയിരുത്തൽ തെറ്റാണെന്നും ചെന്നിത്തലയുടെ തട്ടകത്തിൽ ബി.ജെ.പി. നിർണായക ശക്തിയായി വളർന്നുകഴിഞ്ഞെന്നും കോൺഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി കോൺഗ്രസിനുണ്ടായ തിരിച്ചടി വളരെ വലുതാണ്. രമേശിന് 72,768 വോട്ടാണു ലഭിച്ചത്. ഇത്തവണ വേണുഗോപാലിനു ഹരിപ്പാട്ടു കിട്ടിയത് 48,466 വോട്ടുമാത്രം- 24,302 വോട്ടിന്റെ കുറവ്. 2016-ൽ ചെന്നിത്തല 75,980 വോട്ടു നേടി. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം എൻ.ഡി.എ.യ്ക്ക് ക്രമമായി വോട്ടുവർധിപ്പിച്ചു. 2016-ലെ 12,985 വോട്ട് 2021-ൽ 17,890 ആയി.

കോൺഗ്രസിലെ ഗ്രൂപ്പുപോര് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് ഹരിപ്പാട്ടെ നേതൃത്വവും പ്രവർത്തകരും അവകാശപ്പെടുന്നത്. വേണുഗോപാലിനു 10,000-15,000 ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. ഇതാണ് 1,345-ലേക്കു കുത്തനെ കുറഞ്ഞത്.

ഹരിപ്പാട്ട് എൽ.ഡി.എഫിനും കനത്ത തിരിച്ചടിയാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 55,601 വോട്ടുകിട്ടിയ സ്ഥാനത്ത് ഇത്തവണ 41,769 ആയി കുറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 59,102 വോട്ടാണ് എൽ.ഡി.എഫ്. സ്ഥാനാർഥി നേടിയത്. ഇരുമുന്നണികളുടെയും പരമ്പരാഗത വോട്ടുകൾ എൻ.ഡി.എ.യുടെ പെട്ടിയിൽ വീണുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

Content Highlights: NDA advancement in Ramesh Chennithala's constituency, Haripad, shock for congress