4 മന്ത്രിമാരുടെ തട്ടകമായിട്ടും കാലിടറി: CPIക്കു സംശയമില്ല; അരുൺകുമാറിനെ വീഴ്ത്തിയത് ഭരണവിരുദ്ധവികാരം

സി.എ. അരുൺകുമാർ
സി.എ. അരുൺകുമാർ

ആലപ്പുഴ: ചെങ്ങന്നൂരിൽ സജി ചെറിയാൻ, കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, മാവേലിക്കരയിലെ പാലമേലിൽ ജനിച്ച പി. പ്രസാദ്... നാലു മന്ത്രിമാരുള്ള മണ്ഡലമായിട്ടും മാവേലിക്കരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ തോൽവിക്കു കാരണം ഭരണവിരുദ്ധവികാരമെന്നു വിലയിരുത്തൽ.

സി.പി.ഐ. നേതാക്കൾക്കും അതിനോട് എതിരഭിപ്രായമില്ല. പക്ഷേ, സംസ്ഥാന ഭരണത്തിനെതിരേ മാത്രമല്ല, കേന്ദ്രഭരണത്തിനെതിരേ കൂടിയുള്ള ജനവികാരമാണ് ജയിക്കുമെന്നുറപ്പിച്ച സീറ്റ് എൽ.ഡി.എഫിന് ഇല്ലാതാക്കിയതെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ‘മാതൃഭൂമി’യോട് പറഞ്ഞു. കേന്ദ്രത്തിൽ എൻ.ഡി.എ. സർക്കാർ വരരുതെന്ന് ആഗ്രഹിച്ചവരെല്ലാം കോൺഗ്രസിന് ആദ്യ പരിഗണന നൽകി. ന്യൂനപക്ഷങ്ങളുടെ വോട്ടുകളെല്ലാം വലത്തോട്ടുപോയി. രണ്ടാമത്തെ കാരണം സംസ്ഥാന ഭരണത്തിനെതിരേയുള്ള വികാരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയുടെ മികവും സി.പി.എമ്മും സി.പി.ഐ.യും ഒത്തൊരുമിച്ചിറങ്ങിയതുംകൊണ്ടാണ് പിടിച്ചുനിൽക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണവിരുദ്ധവികാരം മാത്രമല്ല തിരിച്ചടിയായതെന്നാണ് സി.പി.ഐ.യിലെ മറ്റുചിലർ പറയുന്നത്. മന്ത്രി പി. പ്രസാദിന്റെ നോമിനിയെന്ന നിലയിൽ അരുൺകുമാറിന്റെ സ്ഥാനാർഥിത്വത്തോട് ചിലർക്കു വിയോജിപ്പുണ്ടായിരുന്നു. പ്രത്യേകിച്ച്, തെക്കൻമേഖലയിലുള്ളവർക്ക്. അവർ ഒരു വനിതയെ മത്സരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. അതു നടക്കാതെവന്നതും വോട്ടുചോർച്ചയ്ക്ക്‌ ഇടയാക്കിയിട്ടുണ്ടാകാമെന്നാണു കരുതുന്നത്. പിന്നാക്കവിഭാഗങ്ങളെ മാത്രമല്ല, എൻ.എസ്.എസ്. ഉൾപ്പെടെയുള്ള മുന്നാക്കവിഭാഗങ്ങളെയും ഒപ്പംകൂട്ടാൻ കഴിഞ്ഞില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. 

15 വർഷമായി മാവേലിക്കരയിൽ നിറഞ്ഞുനിന്ന കൊടിക്കുന്നിൽ സുരേഷിന്റെ പരിചയസമ്പത്തിനും മത-സാമുദായിക സംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിനുമൊപ്പമെത്താൻ എൽ.ഡി.എഫ്.സ്ഥാനാർഥിക്കു കഴിഞ്ഞില്ലെന്നതും തോൽവിക്കു കാരണമായി. എങ്കിലും കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം 61,138-ൽനിന്ന് 10,868 ആയി കുറയ്ക്കാനായത് നേട്ടമായെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം.

മന്ത്രിമണ്ഡലങ്ങളിലെ പ്രകടനം

: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ മന്ത്രി സജി ചെറിയാന് 71,293 വോട്ടുകിട്ടി. 31,984 വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണ 47,393 വോട്ടു മാത്രമാണ് അരുൺകുമാറിനു നേടാനായത്. 23,900 വോട്ടിന്റെ കുറവ്. ഇവിടെ 1,638 വോട്ട് യു.ഡി.എഫ്. അധികംനേടി.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെത്തുമ്പോൾ 11,841 വോട്ടിന്റെ കുറവുണ്ടായി. 68,770 വോട്ടാണ് ബാലഗോപാലിനു ലഭിച്ചത്. അതിപ്പോൾ 56,929 ആയി കുറഞ്ഞു. 10,814 ആയിരുന്നു അന്ന് ഭൂരിപക്ഷം. യു.ഡി.എഫ്. സ്ഥാനാർഥിയെക്കാൾ ഇവിടെ 3,403 വോട്ടിന്റെ മേൽക്കൈ മാത്രമേ ഇക്കുറി നേടാനായുള്ളൂ.

കെ.ബി. ഗണേഷ്‌കുമാർ പത്തനാപുരത്തു നേടിയത് 67,276 വോട്ടാണ്. അരുൺകുമാറിനു കിട്ടിയതാകട്ടെ 49,143 വോട്ടും. 18,133 വോട്ടിന്റെ കുറവ്.

മന്ത്രി പി. പ്രസാദിന്റെ ജന്മദേശമായ പാലമേൽ പഞ്ചായത്തുൾപ്പെടുന്ന മാവേലിക്കര നിയമസഭാ മണ്ഡലത്തിലും അരുൺകുമാറിനു വോട്ടുകുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 71,743 വോട്ടാണ് എൽ.ഡി.എഫിനു കിട്ടിയത്. ഇക്കുറി അത് 55,483 ആയി ചുരുങ്ങി. 16,260 വോട്ടാണ് കുറഞ്ഞത്.

Content Highlights: Arunkumar was brought down by anti government sentiment