പ്രചാരണത്തിന് പണമില്ല; പുരിയില്‍ സാംബിത് പാത്രയ്‌ക്കെതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി

സുചാരിത മൊഹന്തി | Photo: Screen grab/ X: ANI Video
സുചാരിത മൊഹന്തി | Photo: Screen grab/ X: ANI Video

ഭുവനേശ്വര്‍: ഒഡിഷയിലെ പുരി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തില്‍നിന്ന് പിന്മാറി. പ്രചാരണത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചാരിത മൊഹന്തി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്ത് നല്‍കി.

പാര്‍ട്ടിയില്‍നിന്ന് ഫണ്ടൊന്നും ലഭിക്കുന്നില്ലെന്ന് സുചാരിത പറഞ്ഞു. 'എനിക്ക് സ്വന്തമായി ഫണ്ട് കണ്ടെത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ പണം അനുവദിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്റെ ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍, മത്സരത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചു', അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൗഡ്ഫണ്ടിങ് വഴി പണം കണ്ടെത്താന്‍ സുചാരിത ശ്രമം നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി യു.പി.ഐ. ക്യുആര്‍ കോഡ് പങ്കുവെച്ച് പണത്തിന് അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതീക്ഷിച്ച പ്രതികരണമില്ലാതെ വന്നതോടെയാണ്‌ സുചാരിത പിന്മാറുന്നത്.

മേയ് 25-നാണ് പുരിയില്‍ പോളിങ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സുചാരിത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. ബി.ജെ.പിയുടെ സാംബിത് പാത്രയും ബി.ജെ.ഡിയുടെ അരുപ് പട്‌നായിക്കുമാണ് പുരിയിലെ മറ്റ് സ്ഥാനാര്‍ഥികള്‍.

Content Highlights: No funding from Congress, Puri Lok Sabha nominee returns ticket