‘മോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥൻ’; സംബിത് പത്രയുടെ പ്രസ്താവന വിവാദത്തിൽ, മാറിപ്പോയെന്ന് വിശദീകരണം

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥനെന്ന പുരി ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി സംബിത് പത്രയുടെ പ്രസ്താവന വിവാദത്തിൽ. മോദി പങ്കെടുത്ത റോഡ് ഷോയ്ക്കുശേഷം പ്രാദേശികചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞകാര്യമാണ് വിവാദത്തിലായത്.
‘ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭാക്തനാ’ണെന്നായിരുന്നു ടി.വി. അഭിമുഖത്തിൽ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സംബിത് പത്രയെത്തി. മോദി ജഗന്നാഥന്റെ ഭക്തനാണെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞപ്പോൾ മാറിപ്പോയതാണെന്നും അദ്ദേഹം പറഞ്ഞു. പറ്റിയ തെറ്റിന് പുരി ജഗന്നാഥനോട് മാപ്പ് അപേക്ഷിക്കുകയാണെന്നും പ്രായശ്ചിത്തമായി അടുത്ത മൂന്നുദിവസം ഉപവാസം അനുഷ്ഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്താവന ഭക്തർക്ക് അപമാനമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദി സ്വയം ചക്രവർത്തിയാവുകയാണെന്നും പ്രവർത്തകർ അദ്ദേഹത്തെ ദൈവമായി കാണുകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും പ്രസ്താവനയെ അപലപിച്ചു. ഇത് ലോകമെമ്പാടുമുള്ള ഭക്തരെയും ഒഡിഷക്കാരുടെ വികാരത്തെ വ്രണപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. പത്രയെയും ബി.ജെ.പി.യെയും വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. ഭഗവാനെ മോദിയുടെ ഭക്തൻ എന്നുപറയുന്നത് ഭഗവാനെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: BJP's Sambit Patra calls Lord Jagannath ‘bhakt’ of PM Modi