ഹേമന്ത് സോറന്റെ സഹോദരഭാര്യ ജെഎംഎം വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

റാഞ്ചി: ജെ.എം.എം. നേതാവും എം.എല്‍.എയുമായ സീത മുര്‍മു സോറന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയാണ് സീത. ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.
പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് സീത, ഭര്‍തൃപിതാവും ജെ.എം.എം. ദേശീയ അധ്യക്ഷനുമായ ഷിബു സോറന് കത്ത് നല്‍കി. ഭര്‍ത്താവ് ദുര്‍ഗാ സോറന്റെ മരണശേഷം താനും കുടുംബവും പാര്‍ട്ടില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടുവെന്ന് സീത കത്തില്‍ ചൂണ്ടിക്കാട്ടി. 2009-ല്‍ 39-ാം വയസ്സില്‍ ദുര്‍ഗാ സോറന്‍ മരിച്ചിരുന്നു.
തന്റെ ഭര്‍ത്താവ് മികച്ച സംഘടനയായി ഉയര്‍ത്തിയ പാര്‍ട്ടി ആദര്‍ശങ്ങളില്‍നിന്നും മൂല്യങ്ങളില്‍നിന്നും വ്യതിചലിച്ചുവെന്നും അതില്‍ അതിയായ വേദനയുണ്ടെന്നും സീത കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, സീതയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ജെ.എം.എം. വൃത്തങ്ങള്‍ പ്രതികരിച്ചു.
Content Highlights: Jharkhand MLA Sita Soren, Shibu Soren's daughter-in-law, quits JMM