'ഹൃദയഭൂമി'യില്‍നിന്ന് പ്രാര്‍ഥനയോടെ; മേപ്പാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി സ്ഥാനാര്‍ഥികള്‍

#Election Desk
പുത്തുമല ഹൃദയഭൂമിയിലെത്തിയ യുഡിഎഫ് സ്ഥാനാർഥികൾ, എൽഡിഎഫ് സ്ഥാനാർഥി എ. ബാലചന്ദ്രൻ ഹൃദയഭൂമിയിൽനിന്ന് പ്രചാരണം തുടങ്ങുന്നു.|Photo: MBI
പുത്തുമല ഹൃദയഭൂമിയിലെത്തിയ യുഡിഎഫ് സ്ഥാനാർഥികൾ, എൽഡിഎഫ് സ്ഥാനാർഥി എ. ബാലചന്ദ്രൻ ഹൃദയഭൂമിയിൽനിന്ന് പ്രചാരണം തുടങ്ങുന്നു.|Photo: MBI

മേപ്പാടി: ഹൃദയഭൂമിയില്‍ മണ്ണില്‍പ്പുതഞ്ഞ് ഉറങ്ങുന്നവരെ നിറഞ്ഞ കണ്ണുകളാല്‍ അഭിവാദ്യം ചെയ്താണ് മേപ്പാടിയില്‍ ഇത്തവണ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. അവരുടെ കൂടപ്പിറപ്പുകളാകാം, സന്തതസഹചാരികളാകാം, എപ്പോഴും പുഞ്ചിരി സമ്മാനിച്ച പരിചിതമുഖങ്ങളാകാം. പുഷ്പാര്‍ച്ചന നടത്തിയും പ്രാര്‍ഥിച്ചും സ്ഥാനാര്‍ഥികള്‍ ഉരുള്‍ കൊണ്ടുപോയവരെ അനുസ്മരിച്ചു.

ജില്ലാപഞ്ചായത്ത് മേപ്പാടി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. ബാലചന്ദ്രനും പുത്തുമല ഹൃദയഭൂമിയില്‍നിന്ന് പ്രചാരണം തുടങ്ങി. തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ദുരന്തത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ബാലിക അവന്തികയില്‍നിന്നാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.

മേപ്പാടി ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡ് സ്ഥാനാര്‍ഥി ഷൈജ ബേബി, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ചൂരല്‍മല ഡിവിഷന്‍ സ്ഥാനാര്‍ഥി കെ അബ്ദുറഹ്‌മാന്‍ എന്നിവരും ഹൃദയഭൂമിയിലെത്തി സ്മരണാഞ്ജലി അര്‍പ്പിക്കുകയും തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. മൂര്‍ത്തി, മേപ്പാടി മണ്ഡലം സെക്രട്ടറി രമേശന്‍ മഹിത മൂര്‍ത്തി, വി. യൂസഫ്, അതുല്‍ നന്ദന്‍, പ്രശാന്ത്, തമ്പി, ശിവാനന്ദന്‍ എന്നിവരും പങ്കെടുത്തു.

ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൃദയഭൂമിയിലെത്തി സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചത്. ദുരന്ത ബാധിതരുടെ അന്തിമ ഗുണഭോക്ത്യ ലിസ്റ്റുപോലും ഇത്രയും കാലമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് ടി. സിദ്ദിഖ് എംഎല്‍എ കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനര്‍ പി.പി. ആലി, ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടി. ഹംസ, ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Candidates in Wayanad`s Meppadi visit Hridayabhoomi, a site of tragedy, to pay respects and launch their election campaigns. Remembering victims and connecting with constituents.