പൂതാടിയില് പൊട്ടിത്തെറി; കോണ്ഗ്രസിന്റെ രണ്ട് ഗ്രാമപഞ്ചായത്തംഗങ്ങള് രാജിവെച്ചു

കേണിച്ചിറ: പൂതാടി കോണ്ഗ്രസിനുള്ളില് പൊട്ടിത്തെറി. കോണ്ഗ്രസ് അംഗങ്ങളായ രണ്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങള് പാര്ട്ടിയില്നിന്ന് രാജിവെച്ചു. അഞ്ചാം വാര്ഡ് (ചീയമ്പം) അംഗം എം.വി. രാജനും 19-ാം വാര്ഡ് (പുളിയമ്പറ്റ) അംഗം തങ്കച്ചന് നെല്ലിക്കയത്തുമാണ് പാര്ട്ടിയില്നിന്ന് രാജിവെച്ചത്. എം.വി. രാജന് ഇരുളം മണ്ഡലം പ്രസിഡന്റിനും തങ്കച്ചന് പൂതാടി മണ്ഡലം പ്രസിഡന്റിനും ചൊവ്വാഴ്ച രാജിക്കത്ത് നല്കി.
കോണ്ഗ്രസിലെ ഗ്രൂപ്പ് പോരിന് ഇരയായിട്ടാണ് പാര്ട്ടിയില്നിന്ന് രാജിവെക്കുന്നതെന്നും മറ്റൊരു രാഷ്ട്രീയപ്പാര്ട്ടിയില് ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു. അതേസമയം, വരുംദിവസങ്ങളില് കൂടുതല്പ്പേര് കോണ്ഗ്രസ് വിട്ട് പുറത്തുവരുമെന്നാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ഥിനിര്ണയവുമായി ബന്ധപ്പെട്ട് കോണ്ഗ്രസിനുള്ളില് ആഭ്യന്തരകലഹം രൂക്ഷമാണ്. ഇതുവരെ പൂതാടി പഞ്ചായത്തിലെ സ്ഥാനാര്ഥിനിര്ണയം പൂര്ത്തിയാക്കാന് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
മത്സരിക്കാനുള്ള സീറ്റിനുവേണ്ടി ഗ്രൂപ്പുതിരിഞ്ഞുള്ള വടംവലിയിലാണ് നേതാക്കള്. മത്സരിക്കാന് സീറ്റ് നല്കിയില്ലെങ്കില് വിമതരായി മത്സരിക്കുമെന്ന ഭീഷണിയും നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
ഐഎന്ടിയുസി ജില്ലാസെക്രട്ടറിയും ഓട്ടോഡ്രൈവേഴ്സ് യൂണിയന് ഭാരവാഹിയുമായ പി.ജെ. ഷാജിയും കോണ്ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്നിന്ന് രാജിവെച്ചു. ഇരുളം സ്വദേശിയാണ്. ചൊവ്വാഴ്ച ഇരുളം മണ്ഡലം പ്രസിഡന്റിനാണ് രാജിക്കത്ത് കൊടുത്തത്. പാര്ട്ടിക്കുള്ളിലെ വിഭാഗീയതയാണ് രാജിക്ക് കാരണം.
ജീവിതം ബലികൊടുക്കാനില്ല -എം.വി. രാജന്
കോണ്ഗ്രസിനുള്ളില് ഇനിയും പ്രവര്ത്തിക്കേണ്ടിവന്നാല് അടുത്തിടെ ആത്മഹത്യചെയ്ത മുള്ളന്കൊല്ലി ഗ്രാമപ്പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ സ്ഥിതി തനിക്കുമുണ്ടാകുമെന്ന് രാജിവെച്ച എം.വി. രാജന് മാതൃഭൂമിയോട് പറഞ്ഞു. ഓര്മ്മവെച്ചകാലത്ത് ഈ പാര്ട്ടിയില്വന്നതാണെന്നും ചില നേതാക്കളുടെ ഗ്രൂപ്പുകളുടെ പിടിയിലാണ് കോണ്ഗ്രസ് ഇപ്പോഴുള്ളതെന്നും രാജന് കുറ്റപ്പെടുത്തി.
ഗ്രാമപ്പഞ്ചായത്ത് അംഗമെന്നനിലയില് രാഷ്ട്രീയം നോക്കാതെ വാര്ഡിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് നാളിതുവരെ പ്രവര്ത്തിച്ചത്. പക്ഷേ, പാര്ട്ടിക്കുള്ളില്നിന്ന് വലിയ അവഗണനയാണ് നേരിടേണ്ടിവന്നത്. സ്വന്തം പാര്ട്ടിയിലുള്ളവര്തന്നെ തനിക്കെതിരേ വ്യാജപ്രചാരണങ്ങള് നടത്തുകയും കള്ളക്കേസില് കുടുക്കാനും ശ്രമിച്ചു. കെപിസിസി ജനറല് സെക്രട്ടറി കെ.എല്. പൗലോസ് പാര്ട്ടിക്കുള്ളില് പിടിമുറുക്കുകയാണ്. കെ.എല്. പൗലോസിനെ പിന്തുണയ്ക്കുന്നവര്ക്കുമാത്രമേ ഇവിടെ പ്രവര്ത്തിക്കാന്സാധിക്കൂ എന്ന സ്ഥിതിയാണ്. ഇനിയും പാര്ട്ടിക്കുള്ളില് തുടര്ന്ന് ജീവിതം ബലികൊടുക്കാനില്ലെന്നും തിരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്നും എം.വി. രാജന് പറഞ്ഞു.
കോണ്ഗ്രസ് ഗ്രൂപ്പുകളുടെ പിടിയില് -തങ്കച്ചന് നെല്ലിക്കയത്ത്
ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ കോണ്ഗ്രസിനുള്ളില് പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് തങ്കച്ചന് നെല്ലിക്കയത്ത് മാതൃഭൂമിയോട് പറഞ്ഞു. ഗ്രൂപ്പുകളുടെ ഭാഗമല്ലാത്തവരെ ചവിട്ടിത്തേക്കുകയാണ് നേതാക്കള്. 41 വര്ഷമായി ഈ പാര്ട്ടിയില് പ്രവര്ത്തിച്ചുവരുകയായിരുന്നു. ബൂത്ത് പ്രസിഡന്റ്, വാര്ഡ് പ്രസിഡന്റ്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലെല്ലാം പ്രവര്ത്തിച്ചിട്ടുണ്ട്. അഴിമതിക്കും കള്ളത്തരങ്ങള്ക്കും കൂട്ടുനിന്നെങ്കിലേ കോണ്ഗ്രസിനുള്ളില് പ്രവര്ത്തിക്കാന്സാധിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അല്ലാത്തവരെ പാര്ട്ടിക്കുള്ളില് വളരാന് അനുവദിക്കില്ല.
പാര്ട്ടിക്കുള്ളിലെ അഴിമതിക്കെതിരേ പ്രതികരിച്ചുതുടങ്ങിയതോടെയാണ് താന് നേതാക്കളുടെ കണ്ണിലെ കരടായത്. പാര്ട്ടിക്കായി ഒരു പ്രവര്ത്തനംപോലും നടത്താത്തവര് ഇപ്പോള് മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികള്. എന്നാല്, സത്യസന്ധമായി പ്രവര്ത്തിച്ചുവരുന്ന തന്നെപ്പോലുള്ളവര് തഴയപ്പെടുകയാണ്. ?
വോട്ടുചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് നീതിപുലര്ത്തുന്നതിനുവേണ്ടിയാണ് പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരുന്നതുവരെ പാര്ട്ടിയില് തുടര്ന്നത്. ഇത്തവണ മത്സരിക്കാന് പാര്ട്ടിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ജനസേവനം നടത്താന് ഏതെങ്കിലും പാര്ട്ടിയുടെ പിന്തുണവേണമെന്നില്ല. ചെറുകുന്ന് വാര്ഡില് സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിക്കുമെന്നും തങ്കച്ചന് പറഞ്ഞു.
Content Highlights: Two Congress ward members in Poothadi have resigned citing internal groupism and candidate selection disputes. More defections expected.