പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി അഞ്ചുവര്‍ഷം, ഒരുപിടി പദ്ധതികള്‍; ഇനി ജനങ്ങള്‍ പറയട്ടേയെന്ന് രേഷ്മ മറിയം റോയ്

കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ചരിത്രംകുറിച്ചാണ് 2020-ല്‍ രേഷ്മ മറിയം റോയ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തില്‍ പ്രസിഡന്റായത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 21 വയസ്സായിരുന്നു രേഷ്മയുടെ പ്രായം. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. അങ്ങനെ അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയെന്നനിലയില്‍ രേഷ്മയെ കേരളമറിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫില്‍നിന്ന് 11-ാം വാര്‍ഡ് പിടിച്ചെടുത്ത് രേഷ്മ ചരിത്രം കുറിച്ചു. അങ്ങനെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി പ്രായംകുറഞ്ഞ പഞ്ചായത്തംഗമായി. യുഡിഎഫില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോള്‍ പഞ്ചായത്തിലെ ഭരണസമിതിയുടെ തലപ്പത്ത് ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ നിയോഗിച്ച് സിപിഎം അന്ന് ഏവരെയും ഞെട്ടിച്ചു. അങ്ങനെ രേഷ്മ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി.
പ്രായമല്ലല്ലോ ഒരാളുടെ പക്വത നിര്‍ണയിക്കുന്നത് എന്നായിരുന്നു പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ രേഷ്മയുടെ പ്രതികരണം. പ്രായക്കുറവും പഞ്ചായത്ത് പ്രസിഡന്റ് പദവിയും തമ്മില്‍ ഒരുബന്ധവുമില്ലെന്നും ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുനല്‍കാനാണ് തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും രേഷ്മ പറഞ്ഞിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തദ്ദേശതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരുന്ന് അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാനായ പദ്ധതികളും അഞ്ചുവര്‍ഷത്തെ അനുഭവങ്ങളും രേഷ്മ മറിയം റോയ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍...
''അന്ന് അപ്രതീക്ഷിതമായിട്ടാണ് പാര്‍ട്ടി ഇങ്ങനെയൊരു അവസരം നല്‍കിയത്. ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തു. പഞ്ചായത്ത് അംഗമായിട്ടിരിക്കാമെന്നാണ് വിചാരിച്ചത്. അപ്പോളാണ് പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്ക് നിര്‍ദേശിച്ചത്. അങ്ങനെ പ്രസിഡന്റായി. പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്നനിലയില്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. പ്രായക്കുറവല്ലല്ലോ മികച്ച പ്രവര്‍ത്തനം നടത്തുക എന്നുള്ളതാണല്ലോ പ്രധാനം. അപ്പോള്‍ അതൊരു വെല്ലുവിളിയായിരുന്നു. അതിനുവേണ്ടിയിട്ടുള്ള ഒരു പരിശ്രമത്തിലായിരുന്നു ഇത്രയും നാളും. അതില്‍ വിജയിക്കാന്‍ കഴിഞ്ഞെന്നാണ് എന്റെ പ്രതീക്ഷ. പിന്നെ നാട്ടുകാരല്ലേ പറയേണ്ടത്''
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം, പ്രധാനപദ്ധതികള്‍?
''അഞ്ചു വര്‍ഷം ഒരുപാട് പദ്ധതികള്‍ ഏറ്റെടുക്കാന്‍ പറ്റി. അതില്‍ പ്രധാനമായും പറയാന്‍ കഴിയുന്ന ചില പദ്ധതികളുണ്ട്. അരുവാപ്പുലം പഞ്ചായത്ത് തീര്‍ത്തും ഒരു ഗ്രാമീണമേഖലയിലാണ്. കൃഷിയാണ് എല്ലാവരുടെയും പ്രധാനപ്പെട്ട വരുമാന മാര്‍ഗം. അതുപോലെ ഇവിടെ വന്യമൃഗശല്യവും രൂക്ഷമാണ്. അപ്പോള്‍ ഈ പ്രശ്‌നത്തെയും അതിജീവിക്കുന്ന നിലയിലുള്ള കൃഷി വേണമെന്നായിരുന്നു നമ്മുടെ ആഗ്രഹം. പിന്നെ ആളുകള്‍ക്ക് ഒരു വരുമാനവും കിട്ടണമല്ലോ. അങ്ങനെ നമ്മള്‍ 'അരുവാപ്പുലം ചില്ലീസ'് എന്നപേരില്‍ മുളക് കൃഷി ആരംഭിച്ചു. അതിന് കുടുംബശ്രീയുടെ സഹായം കിട്ടി. കുടുംബശ്രീയിലെ വനിതകളെയെല്ലാം ചേര്‍ത്ത് 15 ഏക്കറോളം സ്ഥലത്ത് കൃഷി ആരംഭിച്ചു. കൃഷിക്ക് ആവശ്യമായ സാധനങ്ങളെല്ലാം നല്‍കി. അവര്‍ കൃഷിചെയ്ത മുളക് നമ്മള്‍ ഏറ്റെടുത്ത് മുളകുപൊടിയാക്കി 'അരുവാപ്പുലം ചില്ലീസ്' എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കി.
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഒരു കര്‍ഷക കഫേ ആരംഭിച്ചു. ആളുകളില്‍നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ സ്വീകരിച്ച് അത് വില്‍പ്പന നടത്തുന്നതായിരുന്നു കര്‍ഷക കഫേയുടെ പ്രവര്‍ത്തനം. ഇത്തരമൊരു കര്‍ഷക കഫേ വേറെ എവിടെയും ഇല്ല. കഫേ വഴി പുഴുക്ക്, കഞ്ഞി തുടങ്ങിയവ വില്‍ക്കാനുള്ള ഔട്ട്‌ലെറ്റും ആരംഭിച്ചു. അരുവാപ്പുലത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കുരുമുളകും തേനും മുളകുപൊടിയുമെല്ലാം കര്‍ഷക കഫേ വഴി വില്‍പ്പന നടത്തി.
'അരുവാപ്പുലം റൈസ്' എന്ന പേരില്‍ അരിയും പുറത്തിറക്കി. പത്തിരുപത് കൊല്ലമായി പഞ്ചായത്തില്‍ നെല്‍കൃഷി ഇല്ലായിരുന്നു. നേരത്തേ കൃഷിചെയ്തിരുന്ന സ്ഥലങ്ങളെല്ലാം കാട് മൂടി കിടക്കുകയായിരുന്നു. ആ സ്ഥലമെല്ലാം കൃഷിചെയ്യാന്‍ യോഗ്യമാക്കി. കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് അവരുടെ നേതൃത്വത്തില്‍ കൃഷിചെയ്തു. അതാണ് 'അരുവാപ്പുലം റൈസ്' എന്ന പേരില്‍ വിപണിയിലിറക്കിയത്.
യുവജനങ്ങളുടെ കൂടി പ്രതിനിധിയായതിനാല്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് യുവാക്കള്‍ക്ക് കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനായി ഒരു ടര്‍ഫ് നിര്‍മിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി. രാജേഷുമെല്ലാം ഈ ടര്‍ഫിന്റെ കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ആദിവാസമേഖലകളുള്ള പഞ്ചായത്താണ് അരുവാപ്പുലം. അവിടെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. അവര്‍ക്ക് അങ്കണവാടി ടീച്ചര്‍മാര്‍ മുഖേന എല്ലാദിവസവും ഭക്ഷണം പാകംചെയ്തുകൊടുക്കാനുള്ള ക്രമീകരണം ഏര്‍പ്പാടാക്കി. 'ന്യൂട്രി ഡ്രൈവ്' എന്ന പേരില്‍ ആദിവാസി മേഖലയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനായി പ്രത്യേക പദ്ധതി നടപ്പാക്കി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓരോ കുട്ടിക്കും അവര്‍ക്ക് ആവശ്യമായ അളവില്‍ അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം, നെയ്യ്, ശര്‍ക്കര തുടങ്ങിയവയെല്ലാം ചേര്‍ന്ന ഒരു കിറ്റ് എല്ലാമാസവും നല്‍കുന്നതാണ് ഈ പദ്ധതി. ഇത്തരത്തിലുള്ള കിറ്റുകള്‍ ആദിവാസിമേഖലയില്‍ എത്തിച്ചുനല്‍കി.
പഞ്ചായത്തിലെ കുട്ടികള്‍ക്കായി സ്പീച്ച് തെറാപ്പി സെന്റര്‍ ആരംഭിച്ചു. കോവിഡിന് ശേഷം പല കുട്ടികളിലും സംസാരവൈകല്യം അടക്കം കണ്ടിരുന്നു. മാത്രമല്ല, സ്പീച്ച് തെറാപ്പി ആവശ്യമുള്ളവര്‍ക്ക് ഒരുപാട് ദൂരം പോയി ചെയ്യേണ്ട അവസ്ഥയുമായിരുന്നു. ഇത്രയുംദൂരം കുട്ടികളെ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായതിനാല്‍ അരുവാപ്പുലത്ത് തന്നെ സ്പീച്ച് തെറാപ്പിക്കുള്ള സൗകര്യം ഏര്‍പ്പാടാക്കി. രണ്ട് വയോജന ക്ലബ്ബുകള്‍ ആരംഭിച്ചു. പകല്‍സമയം വയോജനങ്ങള്‍ക്ക് ചിലവഴിക്കാന്‍ കഴിയുന്നരീതിയിലാണ് ക്ലബ്ബുകള്‍ ആരംഭിച്ചത്. ടിവി, പത്രം, കാരംസ്, തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കി. രണ്ടുതവണ അവരെ വിനോദയാത്ര കൊണ്ടുപോയി. വിമാനത്തില്‍ കയറണമെന്ന് ആഗ്രഹം പറഞ്ഞതിനാല്‍ ഇത്തവണ അതിനുവേണ്ടിയാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ ഭരണസമിതി മാറിയാലും അടുത്തമാസം തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും അവര്‍ക്ക് വിമാനയാത്ര നടത്താനുള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്.''
തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാമ്പത്തികപ്രതിസന്ധിയുണ്ടായോ?
''ഇടക്കാലത്ത് അങ്ങനെ ഒരു ബുദ്ധിമുട്ട് പറഞ്ഞിരുന്നു. നമ്മുടേത് അത്യാവശ്യം ഫണ്ടുള്ള ഒരു പഞ്ചായത്താണ്. ഇടയ്ക്ക് ഒരു സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഫണ്ടെല്ലാം വെട്ടിക്കുറച്ചസമയത്ത് അങ്ങനെ ഒരു ബുദ്ധിമുട്ടുണ്ടായി. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ നല്ലനിലയില്‍ അത് കൈകാര്യംചെയ്തു. പിന്നീട് എല്ലാ ഫണ്ടും ലഭിച്ചു. പ്ലാന്‍ഫണ്ട് എല്ലാം കൃത്യമായി ലഭിച്ചു. ലൈഫ് പദ്ധതിയിലൂടെ ഒരുപാട് പൈസ കൊടുക്കാനായി.''
പ്രതിപക്ഷത്തിന്റെ വിമര്‍ശനമുണ്ടായോ, വിമര്‍ശനങ്ങള്‍ വേദനിപ്പിച്ചോ?
''ശരിക്കുംപറഞ്ഞാല്‍ ഒരു പഞ്ചായത്തിലും പ്രതിപക്ഷമില്ല, പഞ്ചായത്തില്‍ എല്ലാവരും ചേര്‍ന്നാണ് ഭരണം. നമ്മളും അങ്ങനെയാണ് മുന്നോട്ടുപോയത്. പിന്നെ പ്രതിപക്ഷം രാഷ്ട്രീയപരമായി നില്‍ക്കുമ്പോള്‍ അവര്‍ക്കും സമ്മര്‍ദം വരുമല്ലോ. നിങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നെല്ലാം അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കും. പക്ഷേ, എന്തെങ്കിലും വേദനിപ്പിക്കുന്ന ആരോപണം ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍ വ്യക്തിപരമായിട്ട് എടുക്കേണ്ട കാര്യവുമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും നമുക്ക് മുന്നോട്ടുപോകാനാകില്ല.
പഞ്ചായത്തില്‍ ടര്‍ഫ് നിര്‍മിച്ചപ്പോള്‍ അതൊരു മോശം കാര്യമാണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ടര്‍ഫ് നിര്‍മിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. കാടുകയറി കിടന്നിരുന്ന സ്ഥലമായിരുന്നു അത്. അതിന്റെ ഒരുഭാഗം മാത്രമാണ് കുട്ടികള്‍ കളിക്കാനായി ഉപയോഗിച്ചിരുന്നത്. അവിടത്തെ കാട് നീക്കണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. പിന്നെ കളിക്കുന്നതിനിടെ പന്ത് തട്ടി സമീപത്തെ ലൈബ്രറിയുടെയും ആയുര്‍വേദ ആശുപത്രിയുടെയും ചില്ല് പൊട്ടുന്നതും പതിവായി. ഇതൊഴിവാക്കാന്‍ ഒരു നെറ്റ് എങ്കിലുംനല്‍കണമെന്നും കാട് മൂടിയഭാഗം കൂടി വൃത്തിയാക്കണമെന്നും പറഞ്ഞ് കുട്ടികളും യുവാക്കളും നിരന്തരം വന്നിരുന്നു. ഇതോടെ ഈ പ്രശ്‌നത്തെക്കുറിച്ച് കാര്യമായി ആലോചിച്ചു. അങ്ങനെയാണ് ഇതിനൊരു തീര്‍പ്പായി ടര്‍ഫ് നിര്‍മിക്കാം എന്ന ആശയത്തിലേക്ക് എത്തിയത്. പക്ഷേ, അതിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.''
വിവേചനങ്ങളോ വേര്‍തിരിവോ?
''സ്ത്രീയെന്നനിലയില്‍ ഒരിക്കലും വിവേചനമുണ്ടായിട്ടില്ല. ഒരിക്കലും അങ്ങനെ തോന്നിയിട്ടുമില്ല. നമ്മള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണല്ലോ എല്ലാം. ഒരിക്കലും വേര്‍തിരിവൊന്നും ഉണ്ടായിട്ടില്ല. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അരുവാപ്പുലം പഞ്ചായത്തിന് രണ്ടുതവണ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ നടന്ന ദേശീയ വനിതാ സമ്മേളനത്തില്‍ പങ്കാളിയാകാനായി. പല സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരും അവിടെയുണ്ടായിരുന്നു. അവരുടെ നാട്ടില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചെല്ലാം അവര്‍ വേദിയില്‍ അവതരിപ്പിച്ചു. അങ്കണവാടികള്‍ക്ക് കസേരയും മേശയുമെല്ലാം വാങ്ങിനല്‍കിയതാണ് അവര്‍ വലിയ പദ്ധതികളെന്നരീതിയില്‍ അവതരിപ്പിച്ചത്. എന്നാല്‍, കേരളത്തെ പ്രതിനിധീകരിച്ചെത്തിയവര്‍ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. നമ്മള്‍ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് അവര്‍ സന്തോഷത്തോടെ വന്ന് ചോദിച്ചത്.''
പാര്‍ട്ടി, കുടുംബം...
നിലവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു രേഷ്മയുടെ വിവാഹം. ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വര്‍ഗീസ് ബേബിയാണ് ഭര്‍ത്താവ്. രണ്ടരവയസ്സ് പ്രായമുള്ള ഡേവിഡ് വര്‍ഗീസ് പാര്‍ലി നാലുമാസം പ്രായമുള്ള ഡെറിക് വര്‍ഗീസ് പാര്‍ലി എന്നിവരാണ് മക്കള്‍.
ഭര്‍ത്താവും ജനപ്രതിനിധിയായതിനാല്‍ തന്റെ സാഹചര്യങ്ങളെല്ലാം പൂര്‍ണമായി മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നാണ് രേഷ്മ പറയുന്നത്. ''രണ്ടുപേര്‍ക്കും തിരക്കാണ്. പിന്നെ രണ്ടാള്‍ക്കും ഈ അവസ്ഥകളെല്ലാം മനസിലാകുമല്ലോ, അതാണ് ഏറ്റവും പ്രധാനം. ഇങ്ങനെയുള്ള ആളല്ലെങ്കില്‍ ചിലപ്പോള്‍ നമ്മുടെ അവസ്ഥകളൊന്നും മനസിലാകണമെന്നില്ല. പൊതുപ്രവര്‍ത്തനത്തില്‍ അങ്ങനെ ഒരു സമയം ഒന്നും ഇല്ലല്ലോ. എപ്പോള്‍ ആളുകള്‍ വിളിച്ചാലും പോകേണ്ടിവരും. അല്ലെങ്കില്‍ വീട്ടില്‍ വന്നാലും ഫോണ്‍ കോളുകള്‍ ആയിരിക്കും. വേറെ പ്രൊഫഷനുള്ള ആളാണെങ്കില്‍ ഇതൊന്നും ചിലപ്പോള്‍ ഉള്‍ക്കൊള്ളണമെന്നില്ല. ഇതിപ്പോള്‍ രണ്ടുപേരും ഒരേരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി മുന്നോട്ടുപോകാം'', രേഷ്മ പറഞ്ഞു. മൂന്നുമാസം മാത്രമേ രണ്ട് കുട്ടികളുടെയും പ്രസവത്തിനായി ഞാന്‍ അവധിയെടുത്തുള്ളൂ. ബാക്കി സമയത്തെല്ലാം പുറത്ത് സജീവമായിരുന്നു. ബന്ധുവിന്റെ വീടുണ്ട് പഞ്ചായത്ത് ഓഫീസിന് സമീപം. ഓഫീസിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ അവിടെയാക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ കുഞ്ഞുങ്ങളും ഭരണത്തിന്റെ ഭാഗമായി.
സ്ത്രീകള്‍ക്ക് വെല്ലുവിളിയാണോ പൊതുപ്രവര്‍ത്തനം...
''എന്റെ കാര്യത്തില്‍ കുടുംബത്തിന്റെ പിന്തുണ നല്ലരീതിയില്‍ കിട്ടി. ഭര്‍ത്താവ് ആണെങ്കിലും അദ്ദേഹത്തിന്റെ വീട്ടുകാരാണെങ്കിലും നല്ലനിലയില്‍ പിന്തുണ നല്‍കിയതുകൊണ്ട് എനിക്ക് ബുദ്ധിമുട്ട് അറിഞ്ഞില്ല. പിന്നെ എല്ലാവരുടെയും സാഹചര്യം ഒരേപോലെ ആയിരിക്കില്ല. പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുന്ന മറ്റു സ്ത്രീകളുടെ അവസ്ഥ എന്നെപ്പോലെയാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ലല്ലോ. ഇപ്പോള്‍ കുഞ്ഞുങ്ങളെയും നോക്കണം. അവര്‍ക്കൊപ്പം ചിലവഴിക്കേണ്ട സമയം കൂടിയാണ്. ഇപ്പോള്‍ അവരും ഇതെല്ലാം അഡ്ജസ്റ്റ് ചെയ്താണ് പോകുന്നത്. മത്സരിക്കുന്ന സമയത്ത് ഞാന്‍ ബിബിഎ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ എംബിഎ ചെയ്യുന്നു.''
ഇനി മത്സരിക്കുമോ...
''അതൊന്നും നമ്മളല്ലല്ലോ പാര്‍ട്ടി അല്ലേ തീരുമാനിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ നോക്കാം. പക്ഷേ, ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളും അങ്ങനെയുള്ള സാഹചര്യങ്ങളുമൊക്കെയാണ്. അതുകൊണ്ട് എങ്ങനെയാകുമെന്ന് അറിയില്ല.
അരുവാപ്പുലത്തെ സാഹചര്യമെല്ലാം എല്‍ഡിഎഫിന് അനുകൂലമാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞതവണ എല്‍ഡിഎഫിന് ഭരണം കിട്ടിയത്. അത് തുടരുമെന്ന ആത്മവിശ്വാസമുണ്ട്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്. ആളുകള്‍ക്ക് ആ മാറ്റം അനുഭവപ്പെടുന്നുണ്ട്. അവര്‍ എല്ലാം നേരിട്ടുകണ്ടുകൊണ്ടിരിക്കുകയാണ്. 25 വര്‍ഷത്തിന് ശേഷം പെട്ടെന്ന് മാറ്റങ്ങള്‍ വരുമ്പോള്‍ അവര്‍ അത് ഉള്‍ക്കൊള്ളുമല്ലോ.''
ചെയ്യാന്‍ ബാക്കിവെച്ചത്...
''അവസാനഘട്ടത്തില്‍ കുടിവെള്ള പദ്ധതികളുണ്ടായിരുന്നു. കിലോമീറ്ററുകളോളം കുന്നിന്‍മുകളിലേക്ക് വെള്ളം ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയുള്ള സ്ഥലങ്ങളുണ്ടായിരുന്നു. അവിടെയെല്ലാം കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി. അതിന്റെ ചെറിയ ജോലികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ.''
Content Highlights: Explore the impactful 5-year tenure of Reshma Mariyam Roy, Kerala`s youngest Panchayat President, and her journey of development and challenges in Aruvappulam.