ആ വിദ്യാർഥികൾ, ഇതാ സ്ഥാനാർഥികൾ

കൊല്ലം: 42 വർഷം മുൻപ് ശ്രീനാരായണ വനിതാ കോളേജിൽ ഒന്നിച്ചുപഠിച്ച മൂന്നു കൂട്ടുകാരികൾ ദിവസങ്ങൾക്ക് മുൻപ് കളക്ടറേറ്റിൽ കണ്ടുമുട്ടി. അന്നത്തെ ഇക്കണോമിക്സുകാരി ബി. ജയന്തിയും ഹിസ്റ്ററിക്കാരി ലതാദേവിയും മലയാളത്തിലെ ഗീതാശിവനും ഇപ്പോൾ വേറൊരു പരീക്ഷയുടെ തയ്യാറെടുപ്പിലാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് വിവിധ ഡിവിഷനുകളിലെ സ്ഥാനാർഥികളാണ് മൂവരും.
ജയന്തി സിപിഎമ്മിനായി പെരിനാട് ഡിവിഷനിൽനിന്നും ഗീതാശിവൻ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് മുഖത്തലയിൽനിന്നും ലതാദേവി സിപിഐയ്ക്കായി ചടയമംഗലത്തുനിന്നുമാണ് ജനവിധി തേടുന്നത്.
ജയന്തിയും ഗീതാശിവനും 1980-83 ബാച്ചുകാരാണ്. ലതാദേവി ഇവർക്ക് ഒരു വർഷം സീനിയറായിരുന്നു. എങ്കിലും കോളേജുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു മൂവരും. വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവം. ജയന്തിയും ലതാദേവിയും ഇടതു വിദ്യാർഥിപ്രസ്ഥാനങ്ങളിലും ഗീതാശിവൻ കെഎസ്‍യുവിനായും പ്രവർത്തിച്ചു. കോളേജിനുശേഷവും മൂവരും സജീവരാഷ്ട്രീയം തുടർന്നു.
ലതാദേവി 1996-ൽ ചടയമംഗലം എംഎൽഎയായി. നിലവിൽ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. വർക്കല എസ്എൻ കോളേജിൽ ചരിത്രവിഭാഗം മേധാവിയായിരുന്നു. മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയാണ്.
പ്രാക്കുളം സ്വദേശിനിയായ ഗീതാശിവൻ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. നിലവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശകസമിതി അംഗം. ജ്യോതിനികേതൻ വനിതാ കോളേജിൽ അധ്യാപികയായിരുന്നു. ആർട്ടിസ്റ്റ് കൊല്ലം ശിവനാണ് ഭർത്താവ്.
ജയന്തി നിലവിൽ ജില്ലാപഞ്ചായത്ത് അംഗമാണ്. സിപിഎം സിവിൽ സ്റ്റേഷൻ ലോക്കൽ കമ്മിറ്റി അംഗമാണ്. 2010-15 കാലയളവിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. റിട്ട. എസ്‌പി വിജയകുമാറാണ് ഭർത്താവ്.
കോളേജിനുശേഷവും സൗഹൃദം തുടർന്ന ഇവർ പല വേദികളിൽ കണ്ടുമുട്ടിയിരുന്നു. വാട്സാപ്പ് കൂട്ടായ്മകളിലും സൗഹൃദം തുടർന്നിരുന്നു. എന്നാൽ മൂന്നുപേരും ഒന്നിച്ചെത്തുന്നത് വർഷങ്ങൾക്കിപ്പുറമാണെന്ന് ഇവർ പറയുന്നു.