കൊല്ലത്താരെന്ന് 13-ന് അറിയാം; വിജയപ്രതീക്ഷയിൽ മൂന്ന് മുന്നണികളും

കൊല്ലം: ആവേശത്തോടെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ വോട്ട് പെട്ടിയിലായി. കൊല്ലം കോർപ്പറേഷനിൽ 63.26 ശതമാനം പോളിങ്ങാണ് നടന്നത്. വൈകീട്ട് ആറിനുശേഷവും മിക്കയിടത്തും പോളിങ് നീണ്ടു.
തിരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി രാത്രി വൈകിയും വോട്ടിങ് സാമഗ്രികളുമായി കോർപ്പറേഷന്റെ വിതരണകേന്ദ്രമായ തേവള്ളി ബോയ്‌സ് മോഡൽ എച്ച്എസ്എസിൽ ഉദ്യോഗസ്ഥർ എത്തിക്കൊണ്ടിരുന്നു. വോട്ടിങ് യന്ത്രങ്ങൾ ഇവിടത്തെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. ഇവിടെത്തന്നെയാണ് ശനിയാഴ്ച കോർപ്പറേഷന്റെ 56 ഡിവിഷനുകളിലെയും വോട്ടെണ്ണലും നടക്കുക.
തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് മൂന്ന് മുന്നണി നേതാക്കളും പറയുന്നു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. സർക്കാരിന്റെ അഴിമതി ജനം തിരിച്ചറിയുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. മികച്ചവിജയം നേടാനാകുമെന്നാണ് എൻഡിഎയെ നയിക്കുന്ന ബിജെപി പറയുന്നത്.
വോട്ടർമാരുടെ നീണ്ടനിര; ബൂത്തിൽ ബഹളം
: താമരക്കുളം റെഡ്യാർ ഐക്യസംഘം കമ്യൂണിറ്റി ഹാളിലെ 43-ാം ബൂത്തിൽ ആറുമണിക്കുശേഷവും വോട്ടർമാരുടെ നീണ്ടനിര തുടർന്നു. നിശ്ചിതസമയം കഴിഞ്ഞിട്ടും ഒരാൾ ബൂത്തിനുള്ളിൽ പ്രവേശിച്ചതിനെതിരേ പാർട്ടിപ്രതിനിധികൾ പ്രതിഷേധമുയർത്തി. ആറുമണിക്കുശേഷം എത്തിയ ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ബഹളമുണ്ടാക്കിയതോടെ തർക്കം രൂക്ഷമായി.
തുടർന്ന് പോലീസ് എത്തി പ്രശ്നത്തിൽ ഇടപെട്ടു. പിന്നീട് ബൂത്തിൽ കയറിയയാളെ പുറത്താക്കുകയും നിരയിൽ നിന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി 82 കൂപ്പണുകൾ നൽകുകയും ചെയ്തു. 36 സ്ത്രീകളും 46 പുരുഷന്മാരുമാണ് ആറുമണിക്കുശേഷം വോട്ട് ചെയ്യാനായി ക്യൂവിലുണ്ടായിരുന്നത്.
സംഭവമറിഞ്ഞ് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവർത്തകർ സ്ഥലത്ത് കൂട്ടമായി എത്തി. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ സ്ഥാനാർഥികളായ എ.എം. ഇഖ്ബാൽ, എ.കെ. ഹഫീസ്, പ്രണവ് താമരക്കുളം എന്നിവരും ഇടപെട്ടു.
തലസ്ഥാനത്തുനിന്ന് എത്തിയ കിടപ്പുരോഗിയും ഭാര്യയും നിരാശരായി മടങ്ങി
: കിടപ്പുരോഗിയായ നാസറും ഭാര്യ സുനിതയും വോട്ട് രേഖപ്പെടുത്താൻ തിരുവനന്തപുരത്തുനിന്ന് എത്തിയെങ്കിലും നീണ്ടനിര കാരണം വോട്ട് ചെയ്യാനാകാതെ മടങ്ങി.
താമരക്കുളം റെഡ്യാർ ഐക്യസംഘം കമ്യൂണിറ്റി ഹാളിലെ 43-ാം ബൂത്തിലാണ് ഇവർക്ക് വോട്ട് ചെയ്യേണ്ടിയിരുന്നത്. വോട്ട് ചെയ്യണമെന്നത് ഭർത്താവിന്റെ ആഗ്രഹമായതിനാൽ നാസറിനൊപ്പം വൈകീട്ട് നാലിനാണ് സുനിത ബൂത്തിന് സമീപമെത്തിയത്. ബൂത്തിന് മുന്നിൽ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. ആളുകൾ കുറയുമെന്ന പ്രതീക്ഷയിൽ ഇവർ സമീപത്തെ വീട്ടിൽ കാത്തിരുന്നു. എന്നാൽ തിരിച്ചു ബൂത്തിൽ എത്തിയപ്പോഴേക്കും ആറുമണി കഴിഞ്ഞിരുന്നു. സമയപരിധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
ഭർത്താവിന്റെ ചികിത്സയെത്തുടർന്ന് സുനിത തിരുവനന്തപുരത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കിടപ്പുരോഗിയായ നാസറിന്റെ ആഗ്രഹമാണ് എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് വോട്ടിനായി നാട്ടിലെത്താനുള്ള കാരണം. എന്നാൽ യാത്ര നിരാശയിലാണ് അവസാനിച്ചത്.
Content Highlights: Kollam Corporation election concludes with 63.26% turnout. Vote counting for 56 divisions begins Saturday. Know the latest updates on the fiercely contested polls.