തെങ്ങിൻപുരയിടത്തിലെ വോട്ടുചർച്ചകൾ; തിരഞ്ഞെടുപ്പ് ഓര്‍മകൾ പങ്കുവെച്ച് മുല്ലക്കര രത്നാകരൻ

മുല്ലക്കര രത്നാകരൻ
മുല്ലക്കര രത്നാകരൻ

കൊല്ലം: രാത്രിസമയങ്ങളിൽ നടക്കുന്ന ചെറിയ യോഗങ്ങൾ, ജാഥകൾ, മൈക്രോഫോണും നിലവിളക്കിന്റെ അടിഭാഗവും ഉപയോഗിച്ചുള്ള വിളിച്ചുപറയൽ എല്ലാം തിരഞ്ഞെടുപ്പിന്റെ നല്ല ഓർമ്മകളായി പങ്കുവെക്കുകയാണ് മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ.

1977-ലെ തിരഞ്ഞെടുപ്പ് കാലം. അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന് സ്വാധീനമുള്ള സ്ഥലമാണ് ഞങ്ങളുടേത്. ചന്ദ്രശേഖരൻനായരാണ് സ്ഥാനാർഥി. കന്നിപ്രസംഗവും കന്നിവോട്ടും അവിടെനിന്നാണ്.

ഗ്രാമീണ ചായക്കടകളിലും കുളിക്കടവിലും തെങ്ങിൻപണകളിലുമൊക്കെയാണ് രാഷ്ട്രീയചർച്ചകൾ. ഞങ്ങൾ കൗമാരക്കാർ ഒത്തുചേരുന്നത് അവിടത്തെ തെങ്ങിൻപണയിലാണ്. തൊട്ടടുത്തുള്ള തോട്ടിൽ ശുദ്ധമായ വെള്ളമാണ് ഒഴുകുന്നത്. അവിടെ കുളിച്ച് വീണ്ടും പണയിൽ വന്നിരുന്നു ചർച്ചചെയ്യും. രാഷ്ട്രീയചർച്ചകൾ സൗഹാർദപരവും ആശയപരമായുള്ള എതിർപ്പുകൾ പങ്കുവെക്കുന്ന ഇടങ്ങളുമായിരുന്നു. മത്സരം കഴിയുമ്പോഴും സൗഹാർദങ്ങളുടെ ഒത്തുചേരലുകളായിരുന്നു അന്ന്.

ഏറ്റവും ഉയരമുള്ള മരത്തിൽ കൊടികെട്ടുന്നതും തിരഞ്ഞെടുപ്പ് ഫലമറിയാൻ, റേഡിയോ ഉള്ള വീടുകളിൽ ആളുകൾ തടിച്ചുകൂടുന്നതുമെല്ലാം ഓർക്കുന്നു. ധാരാളം ചെറിയ ചെറിയ രാഷ്ട്രീയ യോഗങ്ങൾ നടക്കുമായിരുന്നു. എന്റെ കന്നി പ്രസംഗവും അവിടെനിന്നാണ് തുടങ്ങുന്നത്.

വീട് നിൽക്കുന്നയിടം കടയ്ക്കൽ പഞ്ചായത്തും രണ്ടുകിലോമീറ്റർ മാറിയാൽ തിരുവനന്തപുരവുമാണ്. തറയിൽ ഇരുന്നും നിന്നും പ്രസംഗം കേൾക്കാൻ എല്ലാ ആളുകളും വരും. പുറത്തുനിന്നുള്ള നേതാക്കളെയാണ് പ്രസംഗിക്കാൻ വിളിക്കുന്നത്. അവർ വരുന്നതിനുമുൻപ് പ്രസംഗിക്കാൻ കിട്ടുന്ന അവസരങ്ങൾ ഏറെ അനുഭവങ്ങൾ സമ്മാനിച്ചു. പ്രചാരണ വാഹനത്തിലാണ് മൈക്ക്.

പണ്ടേ പുസ്തകങ്ങൾ വായിച്ചു കൂട്ടുന്നതിനാൽ ആളുകളുടെ മുന്നിൽ പതറാതെ പ്രസംഗം കസറി. അന്നൊക്കെ രാത്രി 10 മണി നിയന്ത്രണമൊന്നുമില്ലല്ലോ. പല യോഗങ്ങളും വയലിലും പണയിലുമൊക്കെയാണ്. പുലർച്ചെവരെ നടക്കും. പ്രസംഗം കേൾക്കാൻതന്നെ ആളുകൾക്ക് താത്പര്യമായിരുന്നു.

അന്നൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥിയുടെ ചിത്രം കാണില്ല. പേരുമാത്രമേയുള്ളൂ, പേരിനേക്കാൾ പ്രാധാന്യം ചിഹ്നത്തിനാണ്. ഇന്ന് ആകെ ആർഭാടകരമായി മാറി-മുല്ലക്കര പറയുന്നു.

Content Highlights: Relive the charm of old election campaigns in Kerala: village chats, candid talks, and community gatherings. A nostalgic look back.