കൊച്ചി കോർപ്പറേഷന്റെ ‘കുട്ടിവാർഡ്’, ആകെ വോട്ട് 544, സ്വന്തംവീടുള്ള ആരുമില്ല

#Election Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മട്ടാഞ്ചേരി: കൊച്ചി കോർപ്പറേഷനിലെ ഏറ്റവും ചെറിയ വാർഡ്, കൊച്ചി തുറമുഖം ഉൾപ്പെടുന്ന ഐലൻഡ് നോർത്ത് വാർഡാണ്. ഈ കുട്ടിവാർഡിൽ ആകെയുള്ളത് 544 വോട്ടർമാർ. വോട്ടർമാരിൽ ഭൂരിപക്ഷവും സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവിടെ സ്വന്തംവീടുള്ള ആരുമില്ല.

എല്ലാ വോട്ടർമാരും താമസിക്കുന്നത് ക്വാർട്ടേഴ്‌സുകളിലും വാടകക്കെട്ടിടങ്ങളിലുമാണ്. വോട്ടർമാർ കുറവാണെങ്കിലും അവരെ കണ്ടെത്താൻ സ്ഥാനാർഥികൾ നെട്ടോട്ടമോടുകയാണ്. കൊച്ചി കോർപ്പറേഷനിലെ സാധാരണ വാർഡിലെ വോട്ടർമാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, പത്തുശതമാനം പോലും വോട്ടർമാർ ഈ വാർഡിലില്ല.

അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനം എളുപ്പമാണെന്ന ധാരണ വേണ്ട. ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണെന്ന് സ്ഥാനാർഥികൾ പറയുന്നു.

കൊച്ചിൻ പോർട്ട്, കസ്റ്റംസ്, സിഐഎസ്എഫ്, സെൻട്രൽ എക്സൈസ്, നാവികസേന, ആർഎൻഎഎസ്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇടമാണിത്. ആ സ്ഥാപനങ്ങളിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. പ്രമുഖ ഹോട്ടലുകളുണ്ട്. അവിടെ ജോലിയെടുക്കുന്ന കുറച്ചുപേർക്കും വോട്ടുണ്ട്. വൻകിട കമ്പനികളിലെ ജീവനക്കാരുമുണ്ട്. പലരും താമസംമാറി പോയിട്ടുണ്ട്.

സാധാരണ നഗരത്തിൽ കാണുന്നതുപോലെ എല്ലാവരേയും നേരിട്ട് കാണാനാവില്ല. പുറത്തുനടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണമൊന്നും ഇവിടെ ഏശില്ല. സ്ഥാനാർഥിപര്യടനം, മൈക്ക് പ്രചാരണം, പൊതുസമ്മേളനം, മൈതാനപ്രസംഗം, പ്രകടനം ഇതൊക്കെയാണ് സാധാരണ കോർപ്പറേഷൻ വാർഡുകളിൽ തിരഞ്ഞെടുപ്പു കാലത്ത് നടക്കുന്ന പ്രവർത്തനങ്ങൾ. പക്ഷേ, ഇത്തരം പരിപാടികളൊന്നും ഐലൻഡ് നോർത്ത് വാർഡിൽ കാര്യമായ ചലനമുണ്ടാക്കില്ലെന്ന് രാഷ്ട്രീയ കക്ഷികൾക്ക് നന്നായി അറിയാം.

വോട്ടർമാരെ നേരിൽ കാണാതെ ഒന്നും നടക്കില്ല. അതുകൊണ്ട് കൊച്ചി തുറമുഖത്തെത്തുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതികൾ മാറുന്നു. ശരിയായ വോട്ടർമാരെ നേരിട്ട് കാണലാണ് ഇവിടെ പ്രധാന പരിപാടി.

അതിനുവേണ്ടിയുള്ള ഓട്ടത്തിൽ ജയിക്കുന്നയാൾ, കോർപ്പറേഷൻ കൗൺസിലിലെത്തും. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഈ പ്രവർത്തനമാണ് കൊച്ചി തുറമുഖത്ത് മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ നടത്തുന്നത്. പുറമേയ്ക്ക് കാര്യമായ ചലനമില്ലെങ്കിലും തുറമുഖത്തിന്റെ അകത്ത് പോരാട്ടച്ചൂടാണ്.

യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ആന്റണി കുരീത്തറയാണ് മത്സരിക്കുന്നത്. കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ബിജെപി സ്ഥാനാർഥി ബിജെപിയുടെ ടി. പത്മകുമാരിയാണ്. വാർഡിലെ സിറ്റിങ് കൗൺസിലാണ് അവർ. എൽഡിഎഫ് സ്ഥാനാർഥിയായി കൊച്ചി തുറമുഖത്തെ സിപിഇഒ (സിഐടിയു) നേതാവുകൂടിയായ ശിവപ്രസാദ് മത്സരിക്കുന്നു.

ട്വന്റി-20 സ്ഥാനാർഥിയായി അഗസ്റ്റിൻ സിജമോൻ സി.യും രംഗത്തുണ്ട്. എല്ലാ വോട്ടർമാരെയും കണ്ട് നേരിട്ട് വോട്ട് അഭ്യർഥിക്കാനുള്ള ഓട്ടത്തിലാണ് ഇവരെല്ലാം. തൊഴിലാളികളുടെയും, ഉദ്യോഗസ്ഥരുടെയും കേന്ദ്രമായ തുറമുഖം ഇക്കുറിയും പോരാട്ടച്ചൂടിലാണ്.

Content Highlights: Explore Kochi Corporation`s smallest ward, Island North, with just 544 voters. Discover the unique challenges candidates face reaching government officials in quarters.