എറണാകുളം ജില്ലയില്‍ ജനം വിധിയെഴുതി; പോലീസ് കാവലില്‍ ഇനി നാലുനാള്‍

കാക്കനാട്: വോട്ടിങ് യന്ത്രങ്ങള്‍ ഇനി നാലുനാള്‍ കനത്ത പോലീസ് സുരക്ഷാവലയത്തില്‍. കോര്‍പ്പറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഗ്രാമ-ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെയും വോട്ടിങ് യന്ത്രങ്ങള്‍ അതതു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ച് മുറിപൂട്ടി മുദ്രവെച്ചു. സായുധരായ പോലീസിന്റെ കാവലിലാണ് ഇവ.
കോര്‍പ്പറേഷനിലെ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാത്രിയോടെ എത്തിച്ചു. 76 വാര്‍ഡുകളിലെയും യന്ത്രങ്ങള്‍ ഇവിടെയാണ് സൂക്ഷിക്കുന്നത്. എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമന്‍ഡാന്റിന്റെ നേതൃത്വത്തില്‍ തോക്കുധാരികളായ 15 പോലീസുകാരാണ് ഒരുസമയം ഇവിടെ ഡ്യൂട്ടിയില്‍. ഇതിനുപുറമേ നൈറ്റ് പട്രോളിങ്, നഗരത്തിലെ രാത്രി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനയും ഇടയ്ക്കിടെ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
യന്ത്രം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വെള്ളം കയറാതെ മുന്‍ കരുതല്‍ വേണമെന്നും ജില്ലാ കളക്ടര്‍ പോലീസിനോട് ആവശ്യപ്പെട്ടു. കോളേജിലും പരിസരത്തും കൂടുതല്‍ ലൈറ്റ് തെളിച്ചിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയെല്ലാം കോളേജും പരിസരവും നേരത്തേ വിശദമായി പരിശോധിച്ചിരുന്നു. നിരീക്ഷണ ക്യാമറകളും പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഇതേ ക്രമീകരണമാണ് മറ്റു കേന്ദ്രങ്ങളിലും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 13-ന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍.
വോട്ടിങ് യന്ത്രങ്ങള്‍ ഇവിടെ
തൃക്കാക്കര നഗരസഭ: തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കളമശ്ശേരി: ഗവ. പോളിടെക്‌നിക് കളമശ്ശേരി, തൃപ്പൂണിത്തുറ: ഗവ. ബോയ്സ് സ്‌കൂള്‍ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ: മുനിസിപ്പല്‍ ഓഫീസ് മൂവാറ്റുപുഴ, കോതമംഗലം: മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം, പെരുമ്പാവൂര്‍: മുനിസിപ്പല്‍ ലൈബ്രറി ഹാള്‍, ആലുവ: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലുവ, പറവൂര്‍: ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ പറവൂര്‍, അങ്കമാലി: മുനിസിപ്പല്‍ ഓഫീസ്, ഏലൂര്‍: പാതാളം ടൗണ്‍ഹാള്‍ ഏലൂര്‍, മരട്: ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍, മരട്, പിറവം: എംകെഎം ഹൈസ്‌കൂള്‍, പിറവം, കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം, 14 ബ്ലോക്കുതല വിതരണ കേന്ദ്രങ്ങളില്‍ ഗ്രാമ-ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.
നോട്ട എവിടെ
കാക്കനാട്: നോട്ടയെ തപ്പിനടന്നു കണ്ടില്ല, ഒടുവില്‍ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത് മടങ്ങി വോട്ടര്‍മാര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തില്‍ 'നോട്ട' (ഇവരാരുമല്ല) എന്ന ബട്ടണ്‍ ഇല്ലായിരുന്നു. പകരം താഴെ ചുവപ്പ് നിറത്തിലുള്ള എന്‍ഡ് ബട്ടനാണ് ഉണ്ടായിരുന്നത്. എന്നാല്‍, നോട്ട ഒഴിവാക്കിയ വിവരമറിയാതെ നോട്ടയ്ക്ക് വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരാണ് എന്‍ഡ് ബട്ടന്റെ ഉപയോഗം അറിയാതെ നിരാശരായത്.
Content Highlights: Electronic Voting Machines (EVMs) are under heavy police protection across various counting centers. Find out where the machines are secured and when counting begins.