എൻഡിഎയിൽ ഭിന്നത; ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിഡിജെഎസ്

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബിജെപി സ്വന്തമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ആലപ്പുഴ തെക്ക് ജില്ലാ പരിധിയിൽ നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലാണ് പാർട്ടി മത്സരിക്കുക.

നൂറനാട് ഡിവിഷനിൽ ബിഡിജെഎസ് ആലപ്പുഴ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി വി. സതീഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കും.

ബിജെപി നേതൃത്വവുമായി നടന്ന ആദ്യഘട്ട ചർച്ചയിൽ ബിഡിജെഎസ് നൂറനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനു വേണ്ടി ശക്തമായ സമ്മർദം ചെലുത്തിയിരുന്നു.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിയെ മത്സരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പരിഗണിക്കാമെന്ന ഉറപ്പ് ബിജെപി നേതൃത്വം നൽകിയെങ്കിലും കഴിഞ്ഞദിവസം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. അനൂപിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ബിഡിജെഎസും തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ നാലു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇക്കുറി രണ്ട് സീറ്റുകൾ മാത്രമേ തരികയുളളുവെന്ന് ബിജെപി നേതൃത്വം അറിയിച്ചതായി ബിഡിജെഎസ് നേതാക്കൾ പറയുന്നു.

Content Highlights: Political Rift in Alappuzha NDA: BDJS leaves alliance and decides to contest alone after dispute over District Panchayat seat sharing