വർക്കലയിൽ സിപിഎമ്മിന് വി. ജോയി തന്നെ; കഹാറും എസ്.എസ് ലാലും കോൺഗ്രസ് പട്ടികയിൽ

തിരുവനന്തപുരം: വർക്കല കഹാറിന്റെ മൂന്നുവട്ടത്തെ തേരോട്ടം ഒഴിച്ചാൽ ഇടതിന്റെ അജയ്യമായ കോട്ടയായിരുന്നു വർക്കല നിയമസഭാ മണ്ഡലം. ആദ്യകാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സ്വാധീനമുണ്ടായിരുന്നെങ്കിലും പിന്നീട് അത് നിലനിർത്താനായില്ല.
വർക്കല കഹാറിനെ അടിയറപറയിച്ച് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചത് ഇപ്പോഴത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയായ വി.ജോയിയാണ്. വീണ്ടും നിയമസഭാ തിരഞ്ഞടുപ്പ് മുന്നിലെത്തി നിൽക്കുമ്പോൾ സി.പി.എമ്മിനും കോൺഗ്രസിനുമൊപ്പം ബി.ജെ.പി.യും മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമായുണ്ട്. ടി.എ.മജീദും വർക്കല രാധാകൃഷ്ണനും തുടർച്ചയായി വിജയിച്ചെത്തിയ മണ്ഡലത്തിൽ പക്ഷേ, പി.കെ.ഗുരുദാസനെപ്പോലുള്ള മുതിർന്ന നേതാവും എ.എ.റഹീമിനെപ്പോലെയുള്ള യുവനേതാവും പരാജയപ്പെട്ട തിക്താനുഭവവും സി.പി.എമ്മിനുണ്ടായി. അതുകൊണ്ടുതന്നെ സ്ഥാനാർഥിനിർണയം മുതൽ സൂക്ഷ്മമായാണ് മുന്നണികളുടെ നീക്കങ്ങൾ.
1957, 1960-ലും ദ്വയാംഗ മണ്ഡലമായിരുന്നു വർക്കല. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ ടി.എ.മജീദും കെ. ശിവദാസനുമാണ് 1957-ൽ ജയിച്ചത്. 1960-ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ബാലകൃഷ്ണനും കോൺഗ്രസിലെ ഷംസുദ്ദീനും ജയിച്ചു. 1965-ൽ കോൺഗ്രസിലെ ഷാഹുൽ ഹമീദ് ജയിച്ചെങ്കിലും നിയമസഭ ചേർന്നില്ല.
തുടർന്ന് 1967, 1970, 1977 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും ടി.എ. മജീദ് മണ്ഡലം ചുവപ്പണിയിച്ചു. ഇതിനുപിന്നാലെ നാല് തിരഞ്ഞെടുപ്പുകളിൽ സി.പി.എം. പ്രതിനിധിയായെത്തിയ വർക്കല രാധാകൃഷ്ണൻ കുത്തക മണ്ഡലമായി നിലനിർത്തി. 1980-ൽ ജി. കാർത്തികേയനെയും 1982-ൽ എം.കെ. ശ്രീധരനെയും 1987-ൽ എൻ.ശ്രീനിവാസനെയും 1991-ൽ വർക്കല കഹാറിനെയുമാണ് തോൽപ്പിച്ചത്.
വർക്കല രാധാകൃഷ്ണന്റെ പിൻഗാമിയായി 1996-ൽ മത്സരരംഗത്തെത്തിയ എ.അലിഹസൻ 26389 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഇടതുകോട്ട നിലനിർത്തിയത്. യു.ഡി.എഫ്. സ്ഥാനാർഥി ജി.പ്രിയദർശനാണ് പരാജയമറിഞ്ഞത്.
2001-ൽ വർക്കല കഹാർ മണ്ഡലത്തിൽ യു.ഡി.എഫിന്റെ വെന്നിക്കൊടി പാറിച്ചു. മുൻ മന്ത്രി കൂടിയായ സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പി.കെ.ഗുരുദാസനെയാണ് കഹാർ വീഴ്ത്തിയത്. 1988 വോട്ടായിരുന്നു ഭൂരിപക്ഷം. 2006-ൽ പ്രാദേശിക സി.പി.എം. നേതാവായ എസ്.സുന്ദരേശനെ 1625 വോട്ടുകൾക്ക് കഹാർ വീണ്ടും പരാജയപ്പെടുത്തി. മൂന്നാംവട്ടം സി.പി.എമ്മിന്റെ യുവനേതാവായ എ.എ. റഹീമിനെ 10,710 വോട്ടുകൾക്കാണ് വീഴ്ത്തിയത്.
2016-ൽ വി.ജോയിയിലൂടെ എൽ.ഡി.എഫ്. വർക്കല തിരിച്ചുപിടിച്ചു. വർക്കല കഹാറിനെ 2286 വോട്ടുകൾക്കു തോൽപ്പിച്ചായിരുന്നു ജോയിയുടെ വരവ്. 2021-ൽ 17821 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.ജോയി മണ്ഡലം നിലനിർത്തി. കോൺഗ്രസിലെ ബി.ആർ.എം.ഷഫീറിനെയാണ് കഴിഞ്ഞതവണ തോൽപ്പിച്ചത്.
ബിജെപി മുന്നോട്ട്
2019-ലെ ലോക്‌സഭാ തിരഞ്ഞെുടുപ്പിൽ യുഡിഎഫ് -48019. എൽഡിഎഫ്- 42335. ബിജെപി 34343 എന്നിങ്ങനെ ആയിരുന്നു വോട്ട് നില. എന്നാൽ 2024 ആയപ്പോഴേക്കും യുഡിഎഫിനെ മറികടന്ന് ബിജെപി രണ്ടാംസ്ഥാനത്തെത്തി. സിപിഎമ്മിലെ വി. ജോയി 45,930 വോട്ട് നേടിയപ്പോൾ ബിജെപിയിലെ വി. മുരളീധരൻ 40,816 വോട്ട് നേടി. പാർലമെന്റ് മണ്ഡലത്തിൽ വിജയം നേടിയെങ്കിലും വർക്കലയിൽ കോൺഗ്രസിലെ അടൂർ പ്രകാശിന് നേടാനായത് 39,806 വോട്ട് മാത്രമാണ്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 51183 വോട്ട് നേടിയ എൽഡിഎഫിന് 2025-ൽ 49555 വോട്ട് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് 42381-ൽനിന്ന് 47521 ആയും ബിജെപിക്ക് 27102-ൽ നിന്ന് 29536 ആയും വോട്ട് വർധിച്ചു
വീണ്ടും ജോയി?
സംഘടനാ നേതൃത്വത്തിൽ നിൽക്കുന്നവരെ പാർലമെന്ററി സ്ഥാനത്തേക്കു പരിഗണിക്കേണ്ടെന്ന് തീരുമാനമുണ്ടെങ്കിലും ഇത്തവണ വിജയസാധ്യത നോക്കി ജോയിയെത്തന്നെ എൽഡിഎഫ് കളത്തിലിറക്കിയേക്കും. ജോയിയില്ലെങ്കിൽ രണ്ട് വനിതാ നേതാക്കളേയും പരിഗണിച്ചേക്കാം. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, ജില്ലാപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം എന്നിവർക്കാണ് സാധ്യത. മടവൂർ അനിലിന്റെ പേരും പരിഗണനയിലുണ്ട്.
മുൻ എം.എൽ.എ. വർക്കല കഹാർ, എസ്.എസ്. ലാൽ, ബി. ഷാലി, എം.എം. താഹ തുടങ്ങിയ പേരുകളാണ് കോൺഗ്രസിന്റെ പരിഗണനയിലുള്ളത്. എൻ.ഡി.എ.യിൽ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനാണ് വർക്കല മണ്ഡലം നൽകിയിരിക്കുന്നത്. ബി.ഡി.ജെ.എസാണെങ്കിൽ മുൻപ് മത്സരിച്ച അജി എസ്.ആർ.എമ്മിനെ തന്നെയാകും പ്രധാനമായും പരിഗണിക്കുക.
Content Highlights: v joy likely to contest for cpm in varkala kahar and ss lal in the list of congress