ഉമ്മൻചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പ്; കോട്ട കാക്കാൻ ചാണ്ടി ഉമ്മൻ, ചെങ്കൊടി പാറിക്കാൻ രാധാകൃഷ്ണൻ

കോട്ടയം: അര നൂറ്റാണ്ടിനുശേഷം ഉമ്മൻചാണ്ടിയില്ലാതെ പുതുപ്പള്ളി മണ്ഡലം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ്. 2023-ൽ ഉപതിരഞ്ഞെടുപ്പിൽ അപ്പയുടെ വിജയവഴി പിൻതുടർന്ന മകൻ ചാണ്ടി ഉമ്മൻ ഇൗ പൊതുതിരഞ്ഞെടുപ്പിലും കളത്തിലുണ്ട്, രണ്ടാം വിജയം തേടി. യു.ഡി.എഫ്.കോട്ടയിലേക്ക് വഴിവെട്ടാൻ ആഗ്രഹിച്ച് സി.പി.എം. മുതിർന്നനേതാവ് കെ.എം. രാധാകൃഷ്ണനെ നിയോഗിച്ചിരിക്കുന്നു.
സഹോദരി മറിയ ഉമ്മന്റെ പേര് മറ്റ് ചില മണ്ഡലങ്ങളിൽ പാർട്ടി പരിഗണിക്കുന്നതായി വാർത്തകൾ വന്നതോടെ ഒരു കുടുംബത്തിൽനിന്ന് ഒരാൾമതി എന്ന നയത്തിൽ ചാണ്ടി ഉമ്മൻ ഉറച്ചുനിന്നു. സഹോദരി മത്സരരംഗത്ത് വന്നാൽ ചാണ്ടി പുതുപ്പള്ളിയിൽനിന്ന് മാറിനിൽക്കുമെന്ന് നേതൃത്വത്തെ അറിയിച്ചതായി വാർത്തകൾ നിറയുന്നതിനിടെ അണികൾ അദ്ദേഹത്തിനായി പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു.
ഫ്ലെക്സുകളും ബാനറുകളും പൂർണമായും ഒഴിവാക്കി, ചുവരെഴുത്തുകൾ മാത്രം ഉപയോഗിച്ചും സൈക്കിൾ പര്യടനം നടത്തിയുമാണ് ചാണ്ടിഉമ്മന്റെ പ്രചാരണം. പ്രചാരണത്തിനായി മാറ്റിവെച്ച തുക മണ്ഡലത്തിൽ വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകാൻ ഉപയോഗിക്കുമെന്നാണ് ചാണ്ടിയുടെ നയം.
യു.ഡി.എഫ്. തേരോട്ടത്തിന് തടയിടാൻ ഇടതു രാഷ്ടീയത്തിലെ ‘ഇരുത്തംവന്ന’ കെ.എം. രാധാകൃഷ്ണന് കഴിയുമെന്നാണ് പാർട്ടിയുടെ വിശ്വാസം. വീടുകൾകയറിയും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടർമാരെ നേരിൽക്കണ്ടും കെ.എം. രാധാകൃഷ്ണൻ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം നീണ്ടതോടെ തുടങ്ങാൻ വൈകിയ എൻ.ഡി.എ.യുടെ പ്രചാരണം ബി.ജെ.പി.യിലെ രവീന്ദ്രനാഥ് വാകത്താനത്തെ രംഗത്തിറക്കിയതോടെ ആവേശത്തിലായി. സംഘടനാ രംഗത്ത് മികവു തെളിയിച്ച് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലേക്ക് മത്സരിച്ച പാരമ്പര്യവുമായാണ് രവീന്ദ്രനാഥ് ഗോദയിലെത്തുന്നത്.
ജനം ആഗ്രഹിക്കുന്നത് യു.ഡി.എഫ്. ജയം
കഴിഞ്ഞ രണ്ടുവർഷം ഞാൻ പ്രവർത്തിച്ചതും എന്റെ പിതാവിന്റെ 53 വർഷത്തെ പ്രവർത്തനങ്ങളും മണ്ഡലത്തിൽ കാണാം. ദേശീയ പ്രാധാന്യമുള്ള അഞ്ചിലേറെ സ്ഥാപനങ്ങൾ ആർ.ഐ.ടി., അസാപ്, രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, കേരള ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഡയറ്റ് തുടങ്ങിയവ ഇവിടെയുണ്ട്. ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷം സൂപ്പർ സ്ട്രക്ച്ചറുകളാണ് ഇനി പണിയുക. സ്പോർട്സ്, വിനോദം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ അർഥത്തിലും ഇത് ജനങ്ങൾക്ക് ബോധ്യമാകും. യു.ഡി.എഫ്. ജയം ജനങ്ങൾ ആഗ്രഹിക്കുന്നു. നൂറ് ശതമാനവും ജയം ഉറപ്പാണ്.- ചാണ്ടി ഉമ്മൻ,യു.ഡി.എഫ്. സ്ഥാനാർഥി
വിജയം എൽ.ഡി.എഫിന് ഉറപ്പ്
ഇക്കുറി വിജയം എൽ.ഡി.എഫിന് ഉറപ്പാണ്. വികസനം നടക്കുന്നെന്നും ലോകനിലവാരത്തിലേക്ക് കേരളം മാറിയെന്നും എതിരാളികൾപോലും അംഗീകരിക്കുന്ന സാഹചര്യം. ഇതിന് സമാനമായ വികസനം പുതുപ്പള്ളിയിൽ നടക്കുന്നിെല്ലന്നത് യാഥാർഥ്യമാണ്. കഴിഞ്ഞ രണ്ടരവർഷക്കാലമായി എം.എൽ.എ.യ്ക്ക് ഒരു ജീവിതപ്രശ്നങ്ങളിലും ഇടപെടാനോ, പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല. 55 വർഷമായി യു.ഡി.എഫ്. പ്രതിനിധീകരിക്കുന്ന മണ്ഡലം വികസനരംഗത്ത് ഏറ്റവും മുരടിപ്പ് അനുഭവിക്കുകയാണ്. ഇത് പരിഹരിക്കാൻ ഇടതുപക്ഷം ക്രിയാത്മകമായ കർമപരിപാടികൾ ആവിഷ്കരിച്ചുകഴിഞ്ഞു.- കെ.എം. രാധാകൃഷ്ണൻ,എൽ.ഡി.എഫ്. സ്ഥാനാർഥി.
അതിദാരിദ്ര്യമുക്തമായ പുതുപ്പള്ളിക്ക് എൻ.ഡി.എ.
എൻ.ഡി.എ. സ്ഥാനാർഥി എന്നനിലയിൽ കേന്ദ്രം നൽകിയിട്ടുള്ള വ്യക്തിഗതആനുകൂല്യങ്ങൾ പൂർണമായും അടിസ്ഥാനജനതയുടെ കൈയിലെത്തണം. പുതുപ്പള്ളിയെ സംബന്ധിച്ച് ഇത് ജനങ്ങളിലെത്തുന്നില്ല. ഒരുപാട് പ്രതിസന്ധികൾ മണ്ഡലത്തിൽ കാണാനുണ്ട്. എം.എൽ.എ. ആയാൽ കേന്ദ്രസർക്കാരിന്റെ പദ്ധതികൾ താഴേത്തട്ടിലുള്ള മുഴുവൻ ജനങ്ങളിലുമെത്തിക്കും. അതിദാരിദ്ര്യമില്ലെന്ന് സർക്കാർ പറയുന്നത് വെറുതെയാണ്. അത്തരക്കാരെ കണ്ടെത്തി യഥാർഥ അതിദാരിദ്ര്യമുക്തമായ ഒരു പുതുപ്പള്ളി സൃഷ്ടിക്കുകയെന്നതാണ് എന്റെ ലക്ഷ്യം.- രവീന്ദ്രനാഥ് വാകത്താനം,എൻ.ഡി.എ. സ്ഥാനാർഥി.
Content Highlights: First general election in Puthuppally without Oommen Chandy in 50 years., Chandy Oommen focuses on sustainable, eco-friendly campaigning., LDF candidate KM Radhakrishnan highlights development stagnation., NDA candidate Ravindranath focuses on central government welfare schemes., Strategic shift from traditional campaigning to grassroots engagement.