നേമത്ത് ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടാണ് പിന്തുണ നൽകിയതെന്ന് എസ്.ഡി.പി.ഐ.; മത്സരക്കളം കലങ്ങിമറിയുന്നു

#വിവേക് ആർ. ചന്ദ്രൻ
നേമം മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർഥി വി. ശിവൻകുട്ടിയും
നേമം മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർഥി വി. ശിവൻകുട്ടിയും

തിരുവനന്തപുരം: സംസ്ഥാനമാകെ ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിലെ മത്സരം എസ്.ഡി.പി.ഐ. ഇടപെടലോടെ കലങ്ങിമറിയുന്നു. ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടാണ് പിന്തുണ നൽകിയതെന്ന് എസ്.ഡി.പി.ഐ. പരസ്യമായി സമ്മതിച്ചത് രാഷ്ട്രീയ വിവാദവുമായിക്കഴിഞ്ഞു.

എസ്.ഡി.പി.ഐ.യോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനു പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതൃത്വം പിന്തുണതേടിയെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വെളിപ്പെടുത്തിയത്.

നാമനിർദേശപത്രിക സമർപ്പണംമുതൽതന്നെ മൂന്ന് സ്ഥാനാർഥികളും തമ്മിൽ നടക്കുന്ന വാഗ്വാദങ്ങളും വെല്ലുവിളികളും ഇതോടെ അടുത്തഘട്ടത്തിലേക്കു കടന്നു. പ്രവചനാതീതമായ കടുത്ത മത്സരം നടക്കുന്ന നേമത്തെ വോട്ടർമാരെ പുതിയ വിവാദം ഏങ്ങനെയൊക്കെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.

നേമത്ത് എസ്.ഡി.പി.ഐ.ക്ക് നിർണായകമായ വോട്ടുബാങ്കുണ്ട്. ഇത് എൽ.ഡി.എഫിന് പ്രഖ്യാപിച്ചത് മറ്റ് രണ്ട് മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകൾക്ക് ഒരുപോലെ വിധിനിർണയിക്കാൻ ശേഷിയുള്ള മണ്ഡലമാണ് നേമം. ബി.ജെ.പി.യെ പരാജയപ്പെടുത്താനാണ് എൽ.ഡി.എഫിന് പിന്തുണനൽകുന്നതെന്നാണ് എസ്.ഡി.പി.ഐ. നേതാക്കളുടെ വാദം.

കഴിഞ്ഞ തവണയും പിന്തുണ എൽ.ഡി.എഫിനായിരുന്നുവെന്നും തങ്ങളുടെ 10,000 ത്തോളം വോട്ടുകളാണ് വി. ശിവൻകുട്ടിയുടെ ജയത്തിന് വഴിയൊരുക്കിയതെന്നും എസ്.ഡി.പി.ഐ. നേതാക്കൾ അവകാശപ്പെട്ടിരുന്നു. എസ്.ഡി.പി.ഐ.യുടെ പരസ്യ പ്രഖ്യാപനം ന്യൂനപക്ഷ ഏകോപനത്തിന് ഇടയാക്കുമോയെന്നാണ് മറ്റ് മുന്നണികളുടെ ആശങ്ക.

ആവശ്യപ്പെട്ടിട്ടാണ് പിന്തുണനൽകിയതെന്ന എസ്.ഡി.പി.ഐ.യുടെ വെളിപ്പെടുത്തൽ തിരിച്ചടിയാകുമോ എന്ന ഭീതി എൽ.ഡി.എഫിനുമുണ്ട്. ഇത് ഭൂരിപക്ഷ വോട്ടുകളെ അകറ്റുമോ എന്നതാണ് ആശങ്ക. വർഗീയ പാർട്ടിയെന്ന് നിരന്തരം ആരോപിച്ചിരുന്ന ഒരു പ്രസ്ഥാനത്തിന്റെ പിന്തുണ എൽ.ഡി.എഫ്. തേടിയെന്നത് മറ്റ് മുന്നണികൾ ചർച്ചയാക്കിക്കഴിഞ്ഞു. പത്തുകൊല്ലം മുൻപ്‌ എല്ലാം ശരിയാകും എന്ന് പറഞ്ഞ പാർട്ടി ഇന്ന് ജയിക്കാൻ എസ്.ഡി.പി.ഐ.യുടെ കാലുപിടിക്കുന്നു എന്ന ആരോപണവുമായി ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.

എൽ.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകോപനമുണ്ടായതാണ് കഴിഞ്ഞതവണ ബി.ജെ.പി.ക്ക് തിരിച്ചടിയായത്. 2016 ൽ ഒ.രാജഗോപാൽ നേമത്ത് താമരവിരിയിച്ചപ്പോൾ പാർട്ടി വോട്ടുകൾക്കുപുറമേ നിഷ്‌പക്ഷ വോട്ടുകളും ലഭിച്ചിരുന്നു. ഈ വോട്ടുകളിലാണ് ഇത്തവണയും ബി.ജെ.പി.യുടെ കണ്ണ്.

പരമാവധി ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിനൊപ്പം ഒരുവിഭാഗം ന്യൂനപക്ഷ വോട്ടുകളും ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. എസ്.ഡി.പി.ഐ. പിന്തുണ പ്രചാരണ ആയുധമാക്കിയാൽ ഭൂരിപക്ഷവോട്ടുകളിൽ ഏകോപനമുണ്ടാകുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

സ്ഥാനാർഥിയായി കെ.എസ്.ശബരീനാഥൻ എത്തിയതോടെ കോൺഗ്രസ് വോട്ടുകൾ ചോരാതെ സ്വന്തം പെട്ടിയിലേക്കുതന്നെ എത്തും. മുൻപ്‌ ഘടകകക്ഷി സ്ഥാനാർഥികൾ മത്സരിച്ചപ്പോഴാണ് കോൺഗ്രസിൽനിന്നുള്ള ഒരുവിഭാഗം വോട്ടുകൾ ബി.ജെ.പി.യിലേക്കു പോയത്. ഒ.രാജഗോപാലിന്റെ വിജയത്തിന് ഇതൊരു ഘടകമായിരുന്നു. ന്യൂനപക്ഷ വോട്ടുകളിൽ യു.ഡി.എഫും കണ്ണുവെക്കുന്നുണ്ട്.

എന്നാൽ, മാറിമറിയുന്ന പുതിയ സാഹചര്യം വോട്ടർമാരെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നത് പ്രവചനാതീതമെന്ന് പ്രചാരണത്തിനു നേതൃത്വംനൽകുന്ന നേതാക്കളും പറയുന്നു. ഒാരോ വോട്ടും സ്വന്തം ചിഹ്നത്തിൽ ഉറപ്പാക്കാനുള്ള കടുത്ത ശ്രമമാണ് നേമത്ത്. മറ്റൊരിടത്തും പ്രചാരണത്തിനറങ്ങാതെ സ്ഥാനാർഥികളും പരമാവധി സ്വന്തം മണ്ഡലത്തിൽ ഉറച്ചുനിൽക്കുകയാണ്. മൂന്ന് പ്രമുഖർ ഏറ്റുമുട്ടുമ്പോൾ ആരുവീഴും, ആരുവാഴും എന്നുള്ളത് വോട്ടെണ്ണി അവസാനിക്കുമ്പോഴേ അറിയാനാവുകയുള്ളൂ.

Content Highlights: SDPI claims LDF solicited their support for the 2026 Nemom election. The revelation has triggered a major political controversy between LDF and opposition parties. BJP and UDF are leveraging this alliance to target LDF's secular narrative. Voter consolidation among majority and minority groups is expected to be unpredictable. Candidates are focusing on retaining core votes to ensure victory in a high-stakes constituency.