LDF-16, UDF-16; മൂന്നിടത്ത് കടുത്ത മത്സരം, 35 ഇടത്തെ സൂചനകൾ ഇങ്ങനെ; മാതൃഭൂമി പ്രീ പോൾ സർവേ

#മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ട്രെൻഡ് എന്താണെന്നറിയാൻ മാതൃഭൂമി നടത്തിയ സർവേയിൽ ആദ്യദിനത്തിൽ 35 മണ്ഡലങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 16 മണ്ഡലങ്ങളിൽ എൽഡിഎഫ്, 16 ഇടത്ത് യുഡിഎഫ്. എൻഡിഎയ്ക്ക് സീറ്റുകളൊന്നും തന്നെ സർവേയിൽ ലഭിച്ചില്ല. മൂന്നിടത്ത് ശക്തമായ മത്സരം നടക്കുമെന്നാണ് സർവേയിൽ പ്രവചിക്കുന്നത്.

മഞ്ചേശ്വരം, നെയ്യാറ്റിൻകര, ഇടുക്കി എന്നീ മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടക്കുമെന്നാണ് സർവേയിൽ പറയുന്നത്. മഞ്ചേശ്വരത്ത് എൻഡിഎയും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്.

മാതൃഭൂമി ഇന്ന് പുറത്തുവിട്ട സർവേ പ്രകാരം ഒമ്പത് എൽഡിഎഫ് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. റാന്നി, അരുവിക്കര, പീരുമേട്, അടൂർ, കുന്നത്തൂർ, തിരുവനന്തപുരം, കുന്നത്തുനാട്, തവനൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫ് പിടിച്ചെടുത്തേക്കാം എന്നാണ് സൂചന. അതേസമയം ഇന്ന് പുറത്തുവിട്ട 35 മണ്ഡലങ്ങളിലെ സർവേ ഫലങ്ങളിൽ ഒരു സിറ്റിങ് സീറ്റുപോലും യുഡിഎഫിന് നഷ്ടപ്പെട്ടേക്കില്ല എന്നാണ് പ്രവചിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന്; വളരെ മികച്ചതെന്ന് 16.87 ശതമാനം പേർ പ്രതികരിച്ചു. മികച്ചത് - 23.55%, ശരാശരി - 28.32%, മോശം - 20.86%, വളരെ മോശം - 9.89% പേരും സർവേയിൽ പ്രതികരിച്ചു.

അതേസമയം യുഡിഎഫിന്റെ പ്രവർത്തനം വളരെ മികച്ചത് - 7.74% പേർ മാത്രമാണ് പ്രതികരിച്ചത്. മികച്ചത് - 22.43%, ശരാശരി - 42.02%, മോശം - 22.01%, വളരെ മോശം - 5.79% എന്നിങ്ങനെയാണ് സർവേയിൽ വിലയിരുത്തിയത്.

ശബരിമല സ്വർണ്ണക്കൊള്ള വിവാദം തിരഞ്ഞെടുപ്പിൽ ആരെ ബാധിക്കും എന്ന ചോദ്യത്തിന്; എൽഡിഎഫിനെ ബാധിക്കുമെന്നായിരുന്നു കൂടുതൽ പേരും സർവേയിൽ പ്രതികരിച്ചത്. 52.09 ശതമാനം പേരാണ് ശബരിമല സ്വർണ്ണക്കൊള്ള എൽഡിഎഫിനെ ബാധിക്കുമെന്ന് പ്രതികരിച്ചത്.

യുഡിഎഫിനെ ബാധിക്കുമെന്ന് 11.33 ശതമാനം പേരും എൽഡിഎഫിനേയും യുഡിഎഫിനേയും ഒരുപോലെ ബാധിക്കുമെന്ന് 16.03 ശതമാനം പേരും പ്രതികരിച്ചു. അതേസമയം, സ്വർണ്ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് 19.24 ശതമാനം പേർ പ്രതികരിച്ചു.

നാല് ദിവസങ്ങളിലായാണ് സർവേ ഫലങ്ങൾ മാതൃഭൂമി പുറത്തുവിടുന്നത്. ശനി, ഞായർ, തിങ്കൾ ദിനങ്ങളിൽ ബാക്കിയുള്ള മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതികളെക്കുറിച്ചുള്ള സർവേ പ്രവചനങ്ങൾ ഉണ്ടാകും.

മാതൃഭൂമിക്ക് വേണ്ടി സിറ്റിസൺ ഒപ്പീനിയൻ റിസർച്ച് ആൻഡ് ഇവാല്യൂവേഷൻ സെന്റർ കോർ ആണ് സർവേ നടത്തിയിരിക്കുന്ന്. 16000 കേന്ദ്രങ്ങളിൽ നിന്ന് 28432 സാമ്പിളുകളാണ് സർവേയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഓരോ മണ്ഡലങ്ങളിലും എംഎൽഎമാർക്ക് എത്രത്തോളം ജനസ്വീകാര്യതയുണ്ട്? പിണറായി സർക്കാരിന് ജനം എത്ര മാർക്ക് നൽകും? പ്രതിപക്ഷത്തിന്റെ പ്രവർത്തനം ജനം എങ്ങനെ വിലയിരുത്തുന്നു? ആരാകണം അടുത്ത മുഖ്യമന്ത്രി? തുടങ്ങിയ ചോദ്യങ്ങൾക്ക് ജനം മറുപടി പറയുന്നു. 35 മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് മാതൃഭൂമി പുറത്തുവിട്ടത്.

Content Highlights: Mathrubhumi survey covers 140 constituencies in Kerala., Initial results show a tight contest between LDF and UDF with 16 seats each., UDF projected to gain 9 LDF sitting seats based on current trends., Sabarimala and gold smuggling issues identified as key factors affecting LDF., Survey conducted by Citizen Opinion Research and Evaluation Center (CORE).