തലസ്ഥാനത്തേക്കുള്ള തലശ്ശേരിക്കാരുടെ ‘അംബാസഡർ’ ആയിരുന്നു അച്ഛൻ; കോടിയേരിയുടെ ഓർമകൾ പങ്കിട്ട് ബിനീഷ്

കോടിയേരിയും തലശ്ശേരിയും രണ്ട് സ്ഥലനാമങ്ങൾ ആണ്. എന്നാൽ, തലശ്ശേരിക്കാർക്ക് കോടിയേരി എന്നാൽ നഗരത്തിനോട് ചേർന്നുകിടക്കുന്ന ഒരു നാടല്ല. ഹൃദയത്തിൽ വേരാഴ്ത്തിനിൽക്കുന്ന ഒരു വ്യക്തിയുടെ പേരാണ്. മരിച്ചിട്ടും മറവിയിലേക്ക് പോകാത്ത ഒരോർമ്മ. നീണ്ട 25 വർഷം അച്ഛൻ തലശ്ശേരിയുടെ ജനപ്രതിനിധിയായിരുന്നു. അച്ഛൻ മത്സരിക്കാതെ മാറിനിന്ന കാലത്തും തലശ്ശേരിയിലെ ജനങ്ങൾ ഇടതടവില്ലാതെ സമീപിച്ചത് കോടിയേരിയെയാണ്.
1982 മുതൽ തലശ്ശേരിയുടെ തിരഞ്ഞെടുപ്പിൽ കോടിയേരിയുടെ കൈയൊപ്പാണ്. അച്ഛന് ശേഷം മമ്മു മാസ്റ്ററും സാക്ഷാൽ നായനാരും തലശ്ശേരിയുടെ ജനപ്രതിനിധികൾ ആയപ്പോഴും അച്ഛനാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനും കാർമികനും.
ഉയരങ്ങളിൽ പറക്കുമ്പോഴും ഭൂമിയിലെ ചെറു ചലനങ്ങൾ വരെ ശ്രദ്ധിക്കുന്ന പക്ഷിയെ പോലെയായിരുന്നു തലശ്ശേരിക്കാർക്ക് കോടിയേരി ബാലകൃഷ്ണൻ. അതിഥിയല്ല, വീട്ടിലെ ഒരാളെ പോലെ ഒരർഥത്തിൽ തലശ്ശേരിക്കാർ തലസ്ഥാനത്തേക്ക് നിയോഗിച്ച അവരുടെ അനൗദ്യോഗിക അംബാസഡർ എന്ന് വിളിക്കാവുന്ന മനുഷ്യൻ. തലശ്ശേരിയിലെ ഏത് വീട്ടിലും കോടിയേരിക്ക് ഒരു കസേര ഉണ്ട്. തിരിച്ച് ഏത് തലശ്ശേരിക്കാരനും കോടിയേരിയുടെ തലസ്ഥാനത്തെ എം.എൽ.എ. ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കും!
1982-ൽ ആണ് അച്ഛൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളം മുഴുവൻ അറിയുന്ന നേതാവ് എന്ന നിലയിൽ തലശ്ശേരിയിൽ അതിനോടകം അറിയപ്പെടുന്ന ഒരാളായി മാറിയിരുന്നു കോടിയേരി. അമ്മയുടെ അച്ഛനായ എം.വി. രാജഗോപാലൻ ആയിരുന്നു അതിന് മുന്നത്തെ എം.എൽ.എ. 1987-ൽ അച്ഛൻ രണ്ടാമത് മത്സരിക്കുമ്പോൾ ഞങ്ങൾ മക്കൾ ചെറിയ കുട്ടികൾ. ഓർമ്മയിൽ വരുന്ന ആദ്യ തിരഞ്ഞെടുപ്പ് 1991-ലെതാണ്. അച്ഛൻ പാർട്ടിസംഘടനയിലേക്ക് മാറിയിരുന്നു. പകരം, മമ്മു മാഷാണ് സ്ഥാനാർഥി. റിസൾട്ട് അറിഞ്ഞ ശേഷം യുദ്ധം വിജയിച്ച ഭാവത്തോടെ എന്നാൽ ഭരണം നഷ്ടപ്പെട്ടതിൽ ഖിന്നനായി വീട്ടിലേക്ക് കയറി വന്ന അച്ഛനെ ഞാൻ ഓർക്കുന്നു.
1996-ലെ തലശ്ശേരി ഉപതിരഞ്ഞെടുപ്പാണ് പിന്നീട് ഓർമ്മയിലുള്ളത്. സ്ഥാനാർഥി മുഖ്യമന്ത്രി നായനാർ. അച്ഛൻ തലശ്ശേരിയുടെ ചുമതലക്കാരൻ. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് ആണെന്ന പ്രചാരണവുമായി കോൺഗ്രസ് നേതൃത്വം പ്രചാരണത്തിന് കോപ്പുകൂട്ടി. തലശ്ശേരിക്ക് ഒരു മുഖ്യമന്ത്രി എന്ന മറുപ്രചാരണം ശക്തമാക്കിയാണ് അച്ഛന്റെ നേതൃത്വത്തിൽ പാർട്ടി അതിനെ മറികടന്നത്. നായനാർക്ക് തലശ്ശേരി ചരിത്രഭൂരിപക്ഷം നൽകി. 2001-ൽ സംസ്ഥാനത്ത് വലിയ യു.ഡി.എഫ്. തരംഗം ഉണ്ടായി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി മത്സരിക്കാൻ എത്തി. എന്നാൽ, അച്ഛൻ വിജയിച്ച് കയറി. 2006-ൽ വീണ്ടും ജയിച്ചതോടെ ആഭ്യന്തരമന്ത്രിയായി.
അച്ഛന് പോക്കറ്റ് ഡയറി ഉൾപ്പെടെ കുറേ ഡയറി ഉണ്ടായിരുന്നു. സത്യത്തിൽ ആ ഡയറികളിൽ മുഴുവൻ തലശ്ശേരിയുടെ അച്ഛന്റെ പ്രിയപ്പെട്ട ജനങ്ങളായിരുന്നു, അച്ഛന്റെ വിലപ്പെട്ട സ്വത്ത്. മണ്ഡലത്തിലെ മിക്ക വോട്ടർമാരുടെയും നമ്പർ ആ ഡയറിയിൽ ഉണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം തുറക്കുകയും കഴിയുമ്പോൾ അടച്ചുവെക്കുകയും ചെയ്യുന്ന ഡയറിയല്ല അച്ഛനത്. എന്നും അച്ഛന്റെ നെഞ്ചിന്റെ ചൂട് അതിലുണ്ടായിരുന്നു. അതിൽ സ്വന്തം കൈയക്ഷരത്തിൽ അച്ഛൻ എഴുതിയിട്ട അക്ഷരങ്ങളും അക്കങ്ങളും ഗുണിച്ചാൽ കിട്ടുന്ന ഉത്തരമാണ് കോടിയേരി എന്ന പൊതുപ്രവർത്തകന്റെ രാഷ്ട്രീയ ഒസ്യത്ത്.
(തയ്യാറാക്കിയത്: കെ. രാജേഷ് കുമാർ)
Content Highlights: Reflective tribute by Bineesh Kodiyeri on his father's legacy., Insight into Kodiyeri Balakrishnan's 25-year bond with Thalassery constituency., Historical perspective on elections in Thalassery from 1982 onwards., The human side of Kodiyeri: his diary, accessibility, and connection with voters., Analysis of his political acumen as a master strategist for the CPM.