തീരുമാനം ഡൽഹിയിൽനിന്ന് വരും; കെ.സിക്ക് ഭൂരിപക്ഷപിന്തുണ; കടുത്ത നിലപാടിൽ വി.ഡി സതീശൻ

#ന്യൂസ് ഡെസ്ക്
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ | Photo: Mathrubhumi
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ | Photo: Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള സജീവ ചർച്ചകളിൽ എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ കെ.സി വേണുഗോപാലിനെന്ന് സൂചന. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം.എൽ.എമാരെ പ്രത്യേകം പ്രത്യേകം കണ്ടാണ് അഭിപ്രായം തേടിയത്. 63 എം.എൽ.എമാരിൽ ഭൂരിഭാഗം പേരും കെ.സിയെ പിന്തുണച്ചതായാണ് സൂചന. 

നാൽപ്പതോളം എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് റിപ്പോർട്ട്. പത്തോളംപേരുടെ വീതം പിന്തുണയാണ് ചെന്നിത്തലയ്ക്കും സതീശനുമുള്ളത്. 

മുതിർന്ന നേതാക്കളുടെ അഭിപ്രായവും നിരീക്ഷകർ തേടിയിട്ടുണ്ട്. ഇതിൽ കെ.സുധാകരൻ രേഖാമൂലം തന്നെ കെ.സിക്കുള്ള പിന്തുണ അറിയിച്ചു. സീനിയോറിറ്റി പരിഗണനവെച്ച് രമേശ് ചെന്നിത്തലയെ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായം മുതിർന്ന നേതാക്കളടക്കമുള്ളവർ ഉന്നയിക്കുന്നുണ്ട്.

ചെന്നിത്തല, സതീശൻ, വേണുഗോപാൽ എന്നീ മൂന്ന് പേരിൽ ഏറ്റവും സീനിയറാണ് എന്നത് രമേശിന് അനുകൂല ഘടകമാണ്. എന്നാൽ, എത്ര എംഎൽഎമാരുടെ പിന്തുണ കിട്ടും എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ സാധ്യതകൾ. കെ.സി പക്ഷത്തിന്റെയും, രമേശ് ചെന്നിത്തലയെ പിന്തുണക്കുന്നവരിൽ ഒരു വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വി.ഡി സതീശൻ ക്യാമ്പ്.

എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയ്ക്കാണ് മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ഹൈക്കമാൻഡ് മുഖ്യ പരിഗണന നൽകുക. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകത്തിലും തെലങ്കാനയിലും ഈ രീതിയാണ് പിന്തുടർന്നത്. ഘടകകക്ഷികളുടെ ഉറച്ച പിന്തുണയാണ് വി.ഡി. സതീശന് അനുകൂലമായ ഘടകവും.

പൊതുസമൂഹത്തിലും സോഷ്യൽമീഡിയയിലും വി.ഡി സതീശനായി അണികളുടെ മുറവിളി തുടരുകയാണ്. അതുപോലെ, കെ.സി മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തിൽ വി.ഡി സതീശൻ മന്ത്രിസ്ഥാനം അടക്കം ഒരു പദവിയും ഏറ്റെടുക്കാതെ പ്രതിഷേധമുയർത്താനാണ് സാധ്യത. ഇതുകൂടിയാകുമ്പോൾ പൊതുസമൂഹത്തിലും കോൺഗ്രസ് അണികളിലും അതുണ്ടാക്കാവുന്ന പ്രതിഷേധങ്ങൾ നേതൃത്വത്തിന് മറ്റൊരു വെല്ലുവിളിയാകും.

വി.എസ്. അച്യുതാനന്ദന് സ്ഥാനാർഥിത്വം നിഷേധിച്ച സാഹചര്യവും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്നെയുമല്ല, കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. വി.ഡിയെ അവഗണിച്ചുവെന്ന വികാരം ശക്തമാകുമ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നൊരു വെല്ലുവിളിയും വരും. ഇതിനൊപ്പം ആലപ്പുഴ ലോക്സഭാ സീറ്റിലും തിരഞ്ഞെടുപ്പുണ്ടാകും. അതോടെ രണ്ട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടും.

മുഖ്യമന്ത്രിയാകുന്നപക്ഷം ആലപ്പുഴ അല്ലെങ്കിൽ ഇരിക്കൂർ സീറ്റിൽ മത്സരിക്കാനാകും കെ.സി. താത്പര്യപ്പെടുക. സണ്ണി ജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിൽ പകരം മുതിർന്ന നേതാവ് കൂടിയായ ബെന്നി ബെഹനാൻ കെ.പി.സി.സിയുടെ തലപ്പത്തേക്ക് എത്താനാണ് എല്ലാ സാധ്യതയും. മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നില്ലെങ്കിൽ റോജി എം. ജോണിന്റെ പേരും പരിഗണനയിൽ വരാം.

മുഖ്യമന്ത്രി ആരെന്ന ഹൈക്കമാൻഡിന്റെ തീരുമാനം ഞായറാഴ്ച ഉണ്ടായേക്കും. അതിന് മുൻപായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, മുന്നണി കൺവീനർ അടൂർ പ്രകാശ് എന്നിവർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്.

Content Highlights: KC Venugopal holds majority support among MLAs., AICC observers Mukul Wasnik and Ajay Maken conducting individual consultations., VD Satheesan faces potential exclusion leading to internal dissent., Potential by-election scenarios if KC Venugopal is appointed CM., Ramesh Chennithala considered due to seniority.