നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിയും വിജയരാഘവനും മത്സരിക്കുമോ? തീരുമാനം നാളെ ഡൽഹിയിൽ

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ് ബ്യുറോ അംഗങ്ങളായ പിണറായി വിജയനും എ. വിജയരാഘവനും മത്സരിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടായേക്കും. ഡൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
തുടർ ഭരണം എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയതാണ്. പിണറായി വിജയൻ സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്. രണ്ടാമത് ഒരു പൊളിറ്റ് ബ്യുറോ അംഗം കൂടി മത്സരിക്കാൻ തീരുമാനിച്ചാൽ എ വിജയരാഘവൻ ജനവിധി തേടാൻ ഇറങ്ങും. വിജയരാഘവനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ മലമ്പുഴ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ ഒന്നിലാകും ജനവിധി തേടുക.
സിപിഎം സംസ്ഥാന സെക്രട്ടറിയും, പൊളിറ്റ് ബ്യുറോ അംഗവുമായ എം വി ഗോവിന്ദൻ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ല. എന്നാൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ മത്സര രംഗത്ത് ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവർ വീണ്ടും ജനവിധി തേടും. തോമസ് ഐസക് (അരൂർ), സി എസ് സുജാത (കായംകുളം), എന്നിവരുടെ പേരും സജീവമായി പാർട്ടി പരിഗണിക്കുന്നുണ്ട്. പി സതീ ദേവിയുടെ പേരും സജീവ ചർച്ചയിൽ ഉണ്ട്.
Content Highlights: CPI Politburo will meet in Delhi to decide on candidates for the Kerala assembly elections., Chief Minister Pinarayi Vijayan is expected to contest and lead the LDF's campaign