മുഖ്യമന്ത്രിയെ നേരിടാൻ ഷാഫി എത്തുമോ? അഡ്ജസ്റ്റ്‌മെന്റുകളില്ല, പ്രമുഖമണ്ഡലങ്ങളിൽ പോരാട്ടം കടുക്കും

തിരുവനന്തപുരം: നേതാക്കളുടെ മണ്ഡലങ്ങളിലെ അഡ്ജസ്റ്റ്‌മെന്റ് മത്സരം ഇപ്രാവശ്യം ഉണ്ടാകില്ല. മുൻനിര നേതാക്കളെ നേരിടാൻ കരുത്തരെത്തന്നെ രംഗത്തിറക്കാനാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും തീരുമാനം. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ കെ.കെ. ശൈലജയെ രംഗത്തിറക്കാൻ സി.പി.എം. തീരുമാനിച്ചതോടെ മറ്റ് പ്രമുഖമണ്ഡലങ്ങളിലും കടുത്ത മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഷാഫി പറമ്പിലിനെ രംഗത്തിറക്കാൻ കോൺഗ്രസിൽ ചർച്ച സജീവമാണ്. എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നാണ് നിലവിൽ കോൺഗ്രസിലെ തീരുമാനമെങ്കിലും മുഖ്യമന്ത്രിക്കെതിരേ ശക്തമായ മത്സരമുണ്ടാകണമെന്ന അഭിപ്രായം ശക്തമാണ്. പൊതുനയത്തിന് ഇളവുനൽകിയാവും ഷാഫിയെ ധർമടത്ത് മത്സരിപ്പിക്കുക.
കെ. സുധാകരന്റെ പേരും ധർമടത്തേക്ക് പാർട്ടി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജന് ധർമടം അസംബ്ലിമണ്ഡലത്തിൽ ഭൂരിപക്ഷം കിട്ടിയയെങ്കിലും കേവലം 2616 വോട്ടിന്റെ ലീഡുമാത്രമായിരുന്നു അത്. 2021 നിയമസഭയിൽ പിണറായി വിജയന്റെ ഭൂരിപക്ഷം 50,123 വോട്ടായിരുന്നതാണ് സുധാകരൻ 2616 ആയി കുറച്ചത്. 2016 നിയമസഭയിൽ പിണറായി വിജയന്റെ ഭൂരിപക്ഷം 36,905 വോട്ടായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിലെ 153 വാർഡിൽ 108 വാർഡും ഇടതുമുന്നണി നേടി. യു.ഡി.എഫിന് 38 വാർഡുമാത്രം.
കണക്കുകൾ മുഖ്യമന്ത്രിക്ക് അനുകൂലമാണെന്നത് ഉൾക്കൊള്ളുമ്പോഴും അനായാസ വിജയം പിണറായി വിജയന് സമ്മാനിക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ സി.പി.ഐ.യും ശക്തനായ സ്ഥാനാർഥിക്കായുള്ള തിരച്ചിലിലാണ്. മന്ത്രിമാരായ കെ.എൻ. ബാലഗോപാലിനെതിരേ സി.പി.എമ്മിൽനിന്നെത്തിയ അയിഷാ പോറ്റിയെയും എം.ബി. രാജേഷിനെതിരെ വി.ടി. ബൽറാമിനെയും കോൺഗ്രസ് നിശ്ചയിച്ചുകഴിഞ്ഞു. കളമശ്ശേരി സീറ്റ് മുസ്‌ലിംലീഗിൽനിന്ന് വിട്ടുകിട്ടിയാൽ മന്ത്രി പി. രാജീവിനെതിരേ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസാകും മത്സരിക്കുക.
കെ.പി.സി.സി. പ്രസിഡന്റിനെതിരേ കെ.കെ. ശൈലജയെ മത്സരിപ്പിക്കുന്നതുതന്നെ കടുത്ത മത്സരം നൽകി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനാണെന്ന് കോൺഗ്രസ് കരുതുന്നു. 2011-ൽ കെ.കെ. ശൈലജയുമായി സണ്ണി ജോസഫ് പേരാവൂരിൽ ഏറ്റുമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 3440 വോട്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3176 വോട്ടായിരുന്നു സണ്ണിയുടെ ഭൂരിപക്ഷം.
Content Highlights: End of 'adjustment politics' in Kerala's upcoming elections., UDF and LDF are fielding strong candidates against each other's top leaders., Key contests include Pinarayi Vijayan in Dharmadam and K.K. Shailaja in Peravoor., The strategy aims to confine senior leaders to their own constituencies.