‘പടക്കം വാങ്ങിയില്ല, 5 തവണ ജയിച്ചപ്പോഴും പടക്കം പൊട്ടിച്ചിട്ടില്ല, ഭരണത്തുടർച്ചയുണ്ടാകും’-ഗണേഷ്കുമാർ

#ന്യൂസ് ഡെസ്ക്
കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർ

പത്തനാപുരം: കേരളത്തിൽ ഇത്തവണയും ഇടതുപക്ഷം ഭരണം നിലനിർത്തുമെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാർ. കേരളത്തിന്റെ ചരിത്രത്തിൽ ജനങ്ങൾക്ക് ഏറ്റവുമധികം ഉപകാരം ചെയ്ത സർക്കാർ ഇടതുസർക്കാരാണെന്നും അവരെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'കേരളത്തിൽ എൽഡിഎഫ് ഇത്തവണയും ഭരണം നിലനിർത്തും. ഞാൻ വടക്കൻ ജില്ലകളിലടക്കം പോയിരുന്നു, അവിടെയെല്ലാം എൽഡിഎഫിന് തന്നെയാണ് മുൻതൂക്കം. കേരളത്തിന്റെ ചരിത്രത്തിൽ ജനങ്ങൾക്ക് ഏറ്റവുമധികം ഉപകാരം ചെയ്ത സർക്കാർ ഇടതുസർക്കാരാണ്. അഴിമതിയില്ലാത്ത സർക്കാർ. ഈ സർക്കാരിനെ ജനങ്ങൾ അംഗീകരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.' ഗണേഷ് കുമാർ പറഞ്ഞു.

'മതേതര നിലപാടുകൾ സ്വീകരിക്കുകയും മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുകയും ചെയ്ത മുന്നണിയാണ് എൽഡിഎഫ്. തമ്മിലടിയില്ലാതെ, അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാതെ മുന്നോട്ടുപോയ സർക്കാരാണിത്. ആ സർക്കാരിനെ ജനങ്ങൾ വീണ്ടും ഇഷ്ടത്തോടെ തിരഞ്ഞെടുക്കും എന്നാണ് വിശ്വാസം.' അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇതുവരെ വന്ന ഒരു സർവേയിലും പ്രത്യേക തരംഗമൊന്നും പറയുന്നില്ല. അതിനർത്ഥം ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്നേക്കാം എന്നാണ്. ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നതും ഇതാണ്, ഒപ്പത്തിനൊപ്പം വന്ന് ഞങ്ങൾ മുന്നിൽക്കയറും എന്ന്. ഇപ്പോഴും അതിൽതന്നെ ഉറച്ചുനിൽക്കുന്നു.' അദ്ദേഹം പറഞ്ഞു.

'മലപ്പുറം ലീഗിന് മുൻതൂക്കമുള്ള സ്ഥലമാണ്, അവിടെ നേരത്തെയും അവർക്കാണ് കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ ആയിരിക്കും, അതിൽ ആർക്കും എതിരഭിപ്രായമില്ല. യുഡിഎഫിന്റെ കൈയിലുള്ളതാണ്. പിന്നെ, വെള്ളാപ്പള്ളി നടേശൻ പറഞ്ഞ കാര്യങ്ങൾ മുഖവിലയ്‌ക്കെടുത്ത്, അതിന്റെ പേരിൽ ജനങ്ങൾ വൈരാഗ്യത്തോടെ പെരുമാറും എന്നൊക്കെ പറയാൻ അദ്ദേഹം എൽഡിഎഫിന്റെ ഭാഗമൊന്നും അല്ലല്ലോ.' അദ്ദേഹം പറഞ്ഞു.

'വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയും, ജനങ്ങൾ അത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയും. തദ്ദേശ തിരഞ്ഞെടുപ്പിൽ ആ വിഷയം ചർച്ചയായി എന്നത് ശരിയാണ്, പക്ഷേ ഈ തിരഞ്ഞെടുപ്പിൽ അതൊന്നും ചർച്ചയായിട്ടില്ല. വികസന വിഷയങ്ങളാണ് ഇത്തവണ പ്രധാനമായും ചർച്ചയായത്.' ഗണേഷ് കുമാർ വ്യക്തമാക്കി.

'പത്തനാപുരത്തെ വികസനത്തെക്കുറിച്ചാണ് ഞങ്ങൾ ഇത്തവണ ചർച്ച ചെയ്തത്. യുഡിഎഫ് ചർച്ച ചെയ്തതാകട്ടെ മറ്റുചില വിഷയങ്ങളാണ്. അതിന്റെയൊക്കെ ഫലം എന്താണെന്നുള്ളത് നാളെ രാവിലെ അറിയാം. തമാശ കാണാൻ ആഗ്രഹിക്കുന്നവർക്കും മാധ്യമങ്ങൾക്കും യുഡിഎഫ് അധികാരത്തിൽ വന്നാൽ കൊള്ളാം എന്നുണ്ട്. അത് വേറൊന്നും കൊണ്ടല്ല, രാവിലെ എഴുന്നേറ്റാൽ ആരെങ്കിലും എന്തെങ്കിലുമൊക്കം കോമാളിത്തരങ്ങൾ കാണിക്കും. മാധ്യമങ്ങൾക്ക് നല്ല കണ്ടന്റുകൾ കിട്ടും.' മന്ത്രി പരിഹസിച്ചു.

വിജയാഘോഷങ്ങൾക്കായി പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല പടക്കംവരെ വാങ്ങിച്ചു, എൽഡിഎഫിന്റെ വിജയാഘോഷം എങ്ങനെയാണ് എന്ന ചോദ്യത്തിന്, 'ഞാൻ പടക്കമൊന്നും വാങ്ങിച്ചിട്ടില്ല, അഞ്ചുതവണ ജയിച്ചപ്പോഴും പടക്കം വാങ്ങിവെച്ചിട്ടില്ല. ജനങ്ങളല്ലേ ഇതെല്ലാം തീരുമാനിക്കുന്നത്. നാളെ വോട്ടെണ്ണുമ്പോൾ അറിയാം കൃത്യമായിട്ട്.' എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. 

Content Highlights: KB Ganesh Kumar predicts LDF will retain power in the 2026 elections. Claims the current government is the most beneficial and corruption-free in Kerala history. Highlights development as the core issue discussed in the Pathanapuram constituency. Dismisses UDF's anticipation of victory, labeling it as media entertainment. Maintains a modest approach toward election results, avoiding premature victory celebrations.