‘കാഴ്ചയില്ലെങ്കിൽ തൊഴിലുറപ്പ് പണി പോകും’; സ്വയം വോട്ട് ചെയ്ത് സ്ത്രീ, ഓപ്പൺ വോട്ടിനെത്തിച്ചവർ മുങ്ങി

കാസർകോട്: ഓപ്പൺ വോട്ട് ചെയ്യാൻ 70-കാരിയായ അമ്മയേയുംകൂട്ടി മകൻ പോളിങ് ബൂത്തിലെത്തിയെങ്കിലും പ്രിസൈഡിങ് ഓഫീസറുടെ മുൻപിൽ അമ്മ വോട്ടുചെയ്യാൻ സന്നദ്ധത അറിയിച്ചതോടെ മകന് പിന്മാറേണ്ടിവന്നു. പള്ളിക്കര പഞ്ചായത്തിന്റെ കിഴക്കനതിർത്തിയിലെ ബൂത്തിലാണ് സംഭവം. കാഴ്ച പരിമിതി ചൂണ്ടിക്കാട്ടി ഓപ്പൺ വോട്ട് ചെയ്യാൻ വോട്ടർമാരെ എത്തിച്ച ചില പാർട്ടി പ്രവർത്തകരും വെട്ടിലായി.
പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങൾക്ക് മുൻപിൽ വോട്ടർ കാഴ്ചയുടെ രഹസ്യം തുറന്നുപറഞ്ഞതാണ് വിനയായത്. ഓട്ടോ പിടിച്ച് വോട്ടറെ ഓപ്പൺ വോട്ടിനായി എത്തിച്ച പാർട്ടി പ്രവർത്തകർ സ്ഥലംവിട്ടു. തൊഴിലുറപ്പ് ജോലിക്ക് തലേന്നാൾവരെ പോയിരുന്ന സ്ത്രീയെ കാഴ്ചപരിമിതിയുടെ കാരണം പറഞ്ഞ് ഓപ്പൺ വോട്ടിന് എത്തിച്ചവരും വെട്ടിലായി. ‘കാഴ്ചയില്ലെങ്കിൽ തൊഴിലുറപ്പ് പണി പോകു’മെന്ന് എതിർ പാർട്ടിക്കാർ വിളിച്ചുപറഞ്ഞതോടെ സ്ത്രീ സ്വയം വോട്ടുചെയ്ത് പുറത്തിറങ്ങി.
ചെമ്മനാട് പഞ്ചായത്തിലെ ഒരു പോളിങ് സ്റ്റേഷനിൽ വോട്ടെടുപ്പിന്റെ തലേന്ന് രാത്രി ഭക്ഷണവുമായെത്തിയ കുടുംബശ്രീ പ്രവർത്തകരോട് രാഷ്ട്രീയം പറഞ്ഞ ഫസ്റ്റ് പോളിങ് ഓഫീസർ പുലിവാൽ പിടിച്ചു. എതിർപാർട്ടിക്കാർ വിഷയം ഏറ്റെടുത്തതോടെ ബഹളമായി. ചിലർ വിവരം പോലീസിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചെവിയിലുമെത്തിച്ചു. ക്ഷമാപണം നടത്തി തടിയൂരിയ ഉദ്യോഗസ്ഥനെ തുടരാൻ എതിർപാർട്ടിക്കാർ സമ്മതിച്ചെങ്കിലും അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ അധികൃതർ രാത്രി തന്നെ ഈ ഉദ്യോഗസ്ഥനെ ചുമതലയിൽനിന്ന് ഒഴിവാക്കി തിരിച്ചയച്ചു.
Content Highlights: Voters rejecting proxy/open voting despite party pressure in Kasaragod., Instances of voters with alleged vision impairment participating in manual labor, exposing fraudulent open vote attempts., Removal of a polling official in Chemmanad for engaging in political discourse with election staff., Strict adherence to Election Commission protocols during the 2026 polling process.