ചൂടിൽ ഉരുകി തിരഞ്ഞെടുപ്പ് നാളുകൾ; നാമനിർദേശപത്രികാ സമർപ്പണത്തിലും മെല്ലെപ്പോക്ക്

കാസർകോട്: അന്തരീക്ഷത്തിൽ താപനില ഉയർന്നുതുടങ്ങിയെങ്കിലും കുറഞ്ഞ ദിവസങ്ങളിൽ വോട്ടെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് അത്രകണ്ട് ഉയരുന്നില്ല. കാസർകോട് മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയൊഴികെ എല്ലായിടത്തും മുന്നണിസ്ഥാനാർഥികളുടെ പ്രഖ്യാപനം വന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മെല്ലെപ്പോക്ക് പ്രകടമാണ്. നാമനിർദേശപത്രികാ സമർപ്പണത്തിന് ഇനി രണ്ടുദിവസം മാത്രം മുൻപിലുള്ളപ്പോൾ ജില്ലയിൽ ഇതുവരെ ഒരു പത്രികപോലും സമർപ്പിച്ചില്ല. തിങ്കളാഴ്ചയോടെയായിരിക്കും ഭൂരിഭാഗം സ്ഥാനാർഥികളുടെയും പത്രികാ സമർപ്പണം.
പെരുന്നാൾ ആഘോഷം കഴിയുന്നതോടെ പ്രചാരണം ടോപ് ഗിയറിലെത്തുമെന്നും പരമാവധി വോട്ടർമാരെ നേരിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മാറിയകാലത്ത് പുതുതലമുറയെ ആകർഷിക്കാൻ സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിനൊപ്പം പരമ്പരാഗത പ്രചാരണരീതികളെ ഒഴിവാക്കാതെയാണ് ഇപ്പോഴും മുന്നണികളുടെ സഞ്ചാരം. ചുമരെഴുത്തും പോസ്റ്ററുകളും ബാനറുകളും മണ്ഡലങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.
ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെയായി ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിലേക്കെല്ലാം സ്ഥാനാർഥികളെത്തുന്നുണ്ട്. സ്ഥാനാർഥിപ്രഖ്യാപനം വന്നതിന് പിന്നാലെ എല്ലായിടങ്ങളിലും റോഡ് ഷോ നടത്തിയിട്ടുണ്ട്. ഇനി പരസ്യപ്രചാരണത്തിന്റെ അവസാനനാളുകളിലാകും തുറന്ന വാഹനങ്ങളിലെ സ്ഥാനാർഥികളുടെ സഞ്ചാരം. കനത്ത ചൂടാണ് ഇക്കാര്യത്തിൽ വിഘാതമാകുന്നതും.
പൊതുയോഗങ്ങൾ കുറയും
തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ സാധാരണ കാണുന്നതാണ് കോർണർ മീറ്റിങ്ങുകളെന്ന് പാർട്ടിപ്രവർത്തകർ പൊതുവിൽ പറയുന്ന പൊതുയോഗങ്ങൾ. മിക്കയിടങ്ങളിലും സ്വീകരണപരിപാടികളിൽ മുൻപത്തെപോലെ പങ്കാളിത്തം ഉറപ്പാക്കാനാകാത്തതാണ് പ്രധാന പ്രശ്‌നം. പുതുതലമുറ പൊതുവിൽ ഇത്തരം പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകാതെ അകന്നുനിൽക്കുന്നുമുണ്ട്.
അതിനാൽ, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെ ഉൾപ്പെടെ ഉപയോഗപ്പെടുത്തുകയാണ് മുന്നണികൾ. എല്ലാ ദിവസവും റീലുകളും സചിത്ര പോസ്റ്ററുകളുമായി സ്ഥാനാർഥികളുടെയും പാർട്ടിയണികളുടെ പേജുകൾ നിറയുന്നുണ്ട്. പരമ്പരാഗതരീതിയിൽ താഴെത്തട്ടിലുള്ള പ്രവർത്തകർ അഭ്യർഥനയും മറ്റുമായി വീടുകൾ കയറിത്തുടങ്ങിയിട്ടുണ്ട്. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ എല്ലാ പാർട്ടിയും നടത്തുന്നുണ്ട്.
Content Highlights: Slow start to the election campaign in Kasaragod despite candidate announcements., Impact of rising temperatures on traditional outdoor campaign activities., Shift toward social media and digital platforms to engage the younger generation., Continued reliance on door-to-door visits and traditional wall writings., Anticipated surge in campaign intensity following the Eid festivities.