ചുവപ്പിനിത്തിരി കട്ടികുറഞ്ഞോ? കാഞ്ഞങ്ങാട്ടെ കാറ്റ് മാറി വീശുമോ

#ഇ.വി.ജയകൃഷ്ണൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: എ.സി.കണ്ണൻ നായരും വിദ്വാൻ പി.കേളുനായരും മുതൽ കെ.മാധവൻ വരെ നീളുന്ന ദേശീയപ്രസ്ഥാന പ്രവർത്തകർക്കും മഹാകവി പി.കുഞ്ഞിരാമൻ നായർക്കും ജന്മം നൽകിയ നാട്. ദേശീയപ്രസ്ഥാനവും സാഹിത്യപ്രസ്ഥാനവും അത്രമേൽ അലയടിച്ചയിടം. കർഷകസമരങ്ങൾക്കും തൊഴിലാളിസമരങ്ങൾക്കും മൂർച്ചയേറിയ അനുഭവങ്ങൾ പറയാനുള്ള മണ്ണ്. എല്ലാത്തിനും മീതെ ഇടതുകോട്ടയെന്ന വിശേഷണവും. എന്നാൽ, കാഞ്ഞങ്ങാട് മണ്ഡലത്തിൽ അത്രയും കട്ടിച്ചുവപ്പില്ലിപ്പോൾ. എതിർചേരിയിലുള്ളവർ അത്‌ വെറുതെപറയുന്നതല്ലെന്ന് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാട്ടിക്കൊടുക്കുകയും ചെയ്തു.

കേരളമൊട്ടാകെ യു.ഡി.എഫ്. തൂത്തുവാരിയ ഘട്ടത്തിൽപ്പോലും വലത്തോട്ട് ചായാതിരുന്ന കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം 2024-ൽ മനസ്സൊന്നു മാറ്റി. 2,050 വോട്ടിന്റെ ഭൂരിപക്ഷം രാജ്‌മോഹൻ ഉണ്ണിത്താന് നൽകി മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നു. മൂന്നരപ്പതിറ്റാണ്ടിനുശേഷമാണ് ഇങ്ങനെ സംഭവിച്ചത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. തരംഗമുണ്ടായപ്പോൾപോലും എൽ.ഡി.എഫിന് 2,221 വോട്ടിന്റെ ഭൂരിപക്ഷം നൽകി ഈ മണ്ഡലം ഇടതിനെ കൈവിടാതെ നിന്നിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്കും നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കും താരതമ്യം ചെയ്യരുതെന്നാണ് പറയാറ്. വെറുതെയെങ്കിലും ആ കണക്ക് നിരീക്ഷിച്ചാലും ഇടതിന്റെ ചുവപ്പിനിത്തിരി കട്ടികുറഞ്ഞതായി കാണാം. 2020-ലെ തദ്ദേശഭരണതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 21,289 ആണ്. അതേസമയം 2025-ൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതിന്റെ ഭൂരിപക്ഷം 14,915 ആയി. നിയമസഭാ തിരഞ്ഞെടുപ്പിൽ 2016-ലും 2021-ലും കാൽലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് ഇടതുസ്ഥാനാർഥി സി.പി.ഐ. നേതാവ് ഇ.ചന്ദ്രശേഖരനെ ഈ മണ്ഡലം നിയമസഭയിലേക്കയച്ചത്. ആ കണക്കുകളും ലോക്‌സഭാ-തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്കും വലിയ ഏറ്റക്കുറച്ചിലോടെ നിൽക്കുന്നു.

2016-ൽ ഇടതുപക്ഷത്തിന് 26,011 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിടത്തുനിന്നാണ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2,221-ലേക്കെത്തിയത്. ഒരു വർഷം കഴിഞ്ഞു നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ 21,289-ലേക്കെത്തിച്ച് ചുവപ്പിന് കട്ടികുറഞ്ഞിട്ടില്ലെന്ന് ഇടതുപക്ഷം കാണിച്ചുകൊടുത്തു. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 27,139 വോട്ടിന്റെ ഭൂരിപക്ഷം നേടി ഇടതുമുന്നണി ആധിപത്യം നിലനിർത്തുകയും ചെയ്തു.

87-ലും ഇടതുകോട്ടയെ കുലുക്കിയിരുന്നു

ഇടതുകോട്ടയെ ഞെട്ടിച്ച് 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലം (അന്നത്തെ ഹൊസ്ദുർഗ്) യു.ഡി.എഫ്. പിടിച്ചെടുത്തിരുന്നു. 89 വോട്ടിന് കോൺഗ്രസിലെ എൻ.മനോഹരൻ മാഷാണ് വിജയിച്ചത്. കാഞ്ഞങ്ങാട്ടിനെ പറയുമ്പോൾ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിൽനിന്നുവേണം തുടങ്ങാൻ. 1957-ൽ സോഷ്യലിസ്റ്റ് നേതാവ് കെ. ചന്ദ്രശേഖരനാണ് മണ്ഡലത്തിലെ പ്രഥമ എം.എൽ.എ. 57-ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ കെ.മാധവനെയാണ് അദ്ദേഹം അന്ന്‌ തോല്പിച്ചത്. 1960-ൽ നടന്ന തിരഞ്ഞെടുപ്പിലും ചന്ദ്രശേഖരനുതന്നെ വിജയം. 65-ലും 67-ലും 70-ലും സോഷ്യലിസ്റ്റ്‌ നേതാവ് എൻ.കെ.ബാലകൃഷ്ണൻ എം.എൽ.എ. ആയി. 77 മുതൽ ഹൊസ്ദുർഗ് സംവരണമണ്ഡലമായി. ആ വർഷവും 80-ലും 82-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.ഐ.യിലെ കെ.ടി.കുമാരൻ വിജയിച്ചു.

സോഷ്യലിസ്റ്റ് നേതാവ് കെ.ചന്ദ്രശേഖരനും സി.പി.ഐ. നേതാവ് ഇ.ചന്ദ്രശേഖരനും ഇവിടെനിന്ന് ജയിച്ച് മന്ത്രിമാരായി. 1960-ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോഴാണ് കെ.ചന്ദ്രശേഖരൻ മന്ത്രിയായത്. ചന്ദ്രശേഖരൻ പിന്നീടും മന്ത്രിയായിട്ടുണ്ടെങ്കിലും ആദ്യ മന്ത്രിപദം ഈ മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയായപ്പോഴാണ്. 2016-ലാണ് സി.പി.ഐ. നേതാവ് ഇ.ചന്ദ്രശേഖരൻ മന്ത്രിയായത്. റവന്യൂവകുപ്പാണ് ലഭിച്ചത്. എൻ.കെ.ബാലകൃഷ്ണനും മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്. 70-ൽ മൂന്നാമൂഴത്തിൽ എം.എൽ.എ. ആയപ്പോഴാണ് ബാലകൃഷ്ണൻ ആരോഗ്യമന്ത്രിയായത്.

തദ്ദേശത്തിൽ ആറിടത്തും എൽ.ഡി.എഫ്.

കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ, മടിക്കൈ, കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ, കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. കള്ളാർ, ബളാൽ പഞ്ചായത്തുകൾ യു.ഡി.എഫും ബാക്കി പഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയും എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.

ഇടതുമുന്നണി സ്ഥാനാർഥിയെ ഉറപ്പിച്ചു; യു.ഡി.എഫ്. കണക്കുകൂട്ടുന്നതേയുള്ളൂ

ഇടതുപക്ഷം സി.പി.ഐ.ക്കു നൽകിയ മണ്ഡലമാണ് കാഞ്ഞങ്ങാട്. മൂന്നുതവണ തുടർച്ചയായി ഇ.ചന്ദ്രശേഖരൻ മത്സരിച്ചതിനാൽ ഇക്കുറി സ്ഥാനാർഥിമാറ്റം ഉറപ്പിച്ചു. പാർട്ടിയുടെ ദേശീയസമിതിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിനെയാണ് സ്ഥാനാർഥിയാക്കുകയെന്നറിയുന്നു. മറ്റൊരാളുടെയും പേര് ഉയർന്നുവന്നിട്ടില്ലെന്നത് ഗോവിന്ദന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നു. അതേസമയം യു.ഡി.എഫ്. സ്ഥാനാർഥിനിർണയത്തിന്റെ അണിയറചർച്ചയിലാണ്. ഡി.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായരും വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറുമുൾപ്പെടെയുള്ളവരുണ്ട് പട്ടികയിൽ. ഒരു സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിച്ചാലോയെന്ന ചർച്ചയും നേതൃത്വത്തിനിടയിൽ നടക്കുന്നുണ്ട്. ബി.ജെ.പി. സംസ്ഥാനസമിതിയംഗം എ.വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ്, ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത്, വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി പനത്തടിയിലെ കെ.കെ.വേണുഗോപാലൻ എന്നിവരുടെ പേരുകളാണ് എൻ.ഡി.എ. പട്ടികയിലുള്ളത്.

2021 (നിയമസഭ)

എൽ.ഡി.എഫ്. - 84,615

യു.ഡി.എഫ്. - 57,476

എൻ.ഡി.എ. - 21,570

ഭൂരിപക്ഷം (എൽ.ഡി.എഫ്.) - 27,139

2024 (ലോക്‌സഭ)

യു.ഡി.എഫ്.- 69,171

എൽ.ഡി.എഫ്.- 67,121

എൻ.ഡി.എ. -29,301

ഭൂരിപക്ഷം (യു.ഡി.എഫ്) - 2,050

2025 തദ്ദേശം

എൽ.ഡി.എഫ്. - 82,825

യു.ഡി.എഫ്. - 67,910

എൻ.ഡി.എ - 21,672

ഭുരിപക്ഷം (എൽ.ഡി.എഫ്.) - 14,915

Content Highlights: Analysis of the surprising 2024 Lok Sabha election results where the UDF gained a lead in the traditional LDF stronghold of Kanhangad., A historical overview of the constituency's political journey, from its socialist roots to becoming a left bastion., Comparative analysis of vote shares across the 2021 Assembly, 2024 Lok Sabha, and local body elections., Insights into potential candidates from LDF, UDF, and NDA for the upcoming assembly elections.