തിരുവനന്തപുരത്ത് സിപിഎംപരീക്ഷണത്തിനില്ല, സിറ്റിങ് എംഎൽഎമാരെ തന്നെ ഇറക്കാൻ തീരുമാനം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് മുതിരാതെ സിപിഎം. 10 സിറ്റിങ്ങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരിഗണിച്ചാണ് എല്ലാ സിറ്റിങ്ങ് എംഎൽഎമാരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്നും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ജോയ് മത്സരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വരും. എന്നാൽ ഉടനടി തീരുമാനം വേണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തൽ. താൽക്കാലിക ജില്ലാ സെക്രട്ടറിയെ പിന്നീട് തീരുമാനിക്കും. തിരുവനന്തപുരവും കോവളവും സിപിഎം ഏറ്റെടുക്കണമെന്നും സെക്രട്ടറിയേറ്റിൽ നിർദേശമുയർന്നു.
ജനാധിപത്യ കേരള കോൺഗ്രസ് നേതാവായിരുന്ന ആന്റണി രാജുവാണ് തിരുവനന്തപുരത്ത് കഴിഞ്ഞ തവണ വിജയിച്ചത്. തൊണ്ടിമുതൽ കേസിൽ ജയിൽ ശിക്ഷ ലഭിച്ചതിനെ തുടർന്ന് ആന്റണി രാജുവിനെ അയോഗ്യനാക്കിയിരുന്നു. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് കോവളം. ഇവിടെ കഴിഞ്ഞ തവണ ജനതാ ദൾ ആയിരുന്ന മത്സരിച്ചിരുന്നത്.
സിറ്റിങ് എംഎൽഎമാരെ തന്നെ മത്സരിപ്പിക്കാനുളള തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചാൽ തിരുവനന്തപുരത്തെ സിപിഎം സ്ഥാനാർഥികൾ ഇവരായിരിക്കും;
വർക്കല- വി.ജോയ്
ആറ്റിങ്ങൽ- ഒ.എസ് അംബിക
വാമനപുരം-ഡി.കെ.മുരളി
കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത്
നേമം-വി.ശിവൻകുട്ടി
അരുവിക്കര-ജി.സ്റ്റീഫൻ
പാറശ്ശാല-സി.കെ.ഹരീന്ദ്രൻ
കാട്ടക്കട- ഐബി സതീഷ്
നെയ്യാറ്റിൻകര- കെ.ആൻസലൻ
Content Highlights: CPM`s district secretariat decides to field all 10 sitting MLAs in Thiruvananthapuram for the assembly elections