ഇത്തവണ വലിയ പരീക്ഷണത്തിനില്ല, ജയം മാത്രം മാനദണ്ഡം; ശിവൻകുട്ടിയും കടകംപള്ളിയും മത്സരിച്ചേക്കും

#ഇലക്ഷന്‍ ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിലെ അപ്രമാദിത്വം നിലനിർത്താൻ സിറ്റിങ് എം.എൽ.എ.മാരെ വീണ്ടും പരീക്ഷിക്കാൻ സി.പി.എം. ജയസാധ്യത മാത്രമാണ് ഇത്തവണ സ്ഥാനാർഥി നിർണയത്തിൽ എൽ.ഡി.എഫ്. പരിഗണിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടു തവണ വിജയിച്ചവരെ മാറ്റിനിർത്തി സി.പി.എം. പുതുമുഖങ്ങളെ പരീക്ഷിച്ചിരുന്നു. എന്നാൽ ഇത്തവണ മണ്ഡലങ്ങൾ നിലനിർത്തണമെങ്കിൽ സിറ്റിങ് എം.എൽ.എ.മാരെ തന്നെ രംഗത്തിറക്കേണ്ടി വരുമെന്നാണ് പാർട്ടിയുടെ കണക്കു കൂട്ടൽ. ഔദ്യോഗികമായ ചർച്ചകളൊന്നും പാർട്ടിതലത്തിൽ ആരംഭിച്ചിട്ടില്ലെങ്കിലും അനൗദ്യോഗിക ചർച്ചകളിൽ സിറ്റിങ് എം.എൽ.എ.മാർക്കാണ് മുൻഗണന.

നിലവിൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ കോവളം ഒഴിച്ചുള്ളവയെല്ലാം എൽ.ഡി.എഫിനാണ്. നെടുമങ്ങാടും ചിറയിൻകീഴും സി.പി.ഐക്കാണ്. ജനാധിപത്യ കേരള കോൺഗ്രസ് എം.എൽ.എ. ആയിരുന്ന ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലം കൂടി സി.പി.എം. ഏറ്റെടുക്കും. നെടുമങ്ങാട്ട് മന്ത്രി ജി.ആർ.അനിലിനെ തന്നെ സി.പി.ഐ. മത്സരിപ്പിക്കും. ചിറയിൻകീഴിൽ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് ആലോചന.

മണ്ഡലത്തിൽ ബി.ജെ.പി.യുടെ ക്രമാനുഗതമായ വളർച്ചയും എൽ.ഡി.എഫിന് വെല്ലവിളി ഉയർത്തുന്നുണ്ട്. വിജയസാധ്യത കണക്കിലെടുത്ത് മൂന്ന് തവണ തുടർച്ചയായി വിജയിച്ച വി.ശശിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനും സാധ്യതയുണ്ട്.

മറ്റൊരു ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കിൽ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി തന്നെ വീണ്ടും വർക്കലയിൽ മത്സരിക്കും. സംഘടനാ നേതൃത്വത്തിലുള്ളവരെ പാർലമെന്ററി രംഗത്തേക്ക് പരിഗണിക്കുന്ന പതിവില്ലെങ്കിലും വി.ജോയിയുടെ കാര്യത്തിൽ ഇത്തവണ ഇത് പരിഗണിക്കേണ്ടെന്നാണ് തീരുമാനം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടർന്നു കൊണ്ട് തന്നെയായിരിക്കും ജോയി മത്സരിക്കുക. തിരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറി ചുമതല താത്കാലികമായി മറ്റൊരു നേതാവിന് നൽകിയേക്കും.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും. കടകംപള്ളിയെ മാറ്റിനിർത്തി മറ്റ് എം.എൽ.എ.മാരെ മത്സരിപ്പിക്കുമ്പോൾ ശബരിമല സ്വർണക്കൊള്ളക്കേസിൽ പാർട്ടി സംശയ നിഴലിലാവാനുള്ള സാധ്യതയുണ്ട്. ഇത് മുൻകൂട്ടിക്കണ്ടാണ് കടകംപള്ളി സുരേന്ദ്രനേയും മത്സര രംഗത്തിറക്കുന്നത്. നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളിൽ കൂടുതൽ വിജയസാധ്യതയുള്ള നേതാക്കളേയും പരിഗണിക്കുന്നുണ്ട്. നിലവിലെ എം.എൽ.എ.മാരെല്ലാവരും മത്സരിക്കട്ടേയെന്നു തീരുമാനിക്കുകയാണെങ്കിൽ കെ.ആൻസലനും ഐ.ബി.സതീഷും തന്നെ വീണ്ടും രംഗത്തിറങ്ങും.

നേമത്ത് വി.ശിവൻകുട്ടി, വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത്, ആറ്റിങ്ങലിൽ ഒ.എസ്.അംബിക, അരുവിക്കരയിൽ ജി.സ്റ്റീഫൻ, വാമനപുരത്ത് ഡി.കെ.മുരളി, പാറശ്ശാലയിൽ സി.കെ.ഹരീന്ദ്രൻ എന്നിവർ തന്നെ മത്സര രംഗത്തെത്തും. തിരുവനന്തപുരത്ത് ലത്തീൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്.

Content Highlights: CPM in Thiruvananthapuram prioritizes winning chances for Kerala Assembly elections, considering sitting MLAs for candidacy to retain dominance.