‘പാർട്ടിയെ അണികൾ തിരുത്തി’- സി.പി.എം. കേന്ദ്ര കമ്മിറ്റിയിൽ വിമർശനം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി പാർട്ടിയെ അണികൾ തിരുത്തിയതുപോലെയാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം. അതേസമയം, തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നാണ് സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ വിശദീകരണം.

വെള്ളിയാഴ്ച ആരംഭിച്ച പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലാണ് കേരളഘടകത്തിന്റെ ന്യായീകരണം. അതേസമയം, പാർട്ടിയെ അണികൾ തിരുത്തിയതുപോലെയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് റിപ്പോർട്ടിന്മേൽ ആരംഭിച്ച ചർച്ചയിൽ കേരളത്തിൽനിന്നുൾപ്പെടെ സംസാരിച്ച അംഗങ്ങൾ വിമർശനമുയർത്തി. പാർട്ടി കേന്ദ്രങ്ങളിലുൾപ്പെടെയുണ്ടായ അട്ടിമറിത്തോൽവി ഇതാണ് വിരൽചൂണ്ടുന്നതെന്ന് ഇവർ പറഞ്ഞു. കേരളത്തിൽനിന്ന് ആദ്യദിനം നാലുപേരാണ് പങ്കെടുത്തത്.

വിമതരുടെ അട്ടിമറിവിജയമടക്കം സൂചിപ്പിച്ചായിരുന്നു വിമർശനമെങ്കിലും വിമതരായി മത്സരിച്ച് വിജയിച്ചവർക്കെതിരായ സംസ്ഥാനഘടകത്തിന്റെ നിരീക്ഷണം ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. പാർട്ടി വിമതരായി വിജയിച്ചവർ പിന്നിൽനിന്ന് കുത്തിയെന്നും വിമതർ നടത്തിയത് ആസൂത്രിതനീക്കമാണെന്നും പറയുന്നു.

മുതിർന്ന പി.ബി. അംഗം പിണറായി വിജയനെയും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെയും വ്യക്തിപരമായി ആക്രമിച്ചുള്ള വിമർശനം സംസ്ഥാനത്ത് ജില്ലാ കമ്മിറ്റികളിലുൾപ്പെടെ ഉയരുമ്പോൾ അതിനെ കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ട് തള്ളി. വ്യക്തികളുടെ പിഴവല്ല, മറിച്ച് കൂട്ടായ ഉത്തരവാദിത്വമാണ് പാർട്ടിയുടേതെന്നാണ് വിലയിരുത്തൽ.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി. പോരാട്ടമെന്ന നിലയിലേക്ക് മാറിയതാണ് ഇടതുപക്ഷത്തെ അപ്രസക്തമാക്കിയതെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ഇന്ത്യാസഖ്യത്തിന് നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന്റെ തമിഴ്‌നാട്ടിലെയും ബംഗാളിലെയും സമീപനം നിരുത്തരവാദപരമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാരാണ് രണ്ടാം പിണറായി സർക്കാരെന്നാണ് കേരളഘടകത്തിന്റെ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി യോഗം ഞായറാഴ്ച സമാപിക്കും.

ക്യൂബയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭീഷണിയെ അപലപിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റി. ക്യൂബൻ ജനതയ്ക്കും ക്യൂബൻ വിപ്ലവനേതൃത്വത്തിനും പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി കേന്ദ്രകമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.

ക്യൂബൻ വിപ്ലവനേതാവായ റൗൾ കാസ്‌ട്രോയ്‌ക്കെതിരേ അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച കുറ്റപത്രം നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമാണ്. മനസ്സിൽ ക്യൂബയാണെന്നും ആക്രമിക്കുമെന്നുമാണ് യു.എസ്. പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.

Content Highlights: CPM Central Committee reviews the recent election setbacks in Kerala., Internal criticism suggests the electoral result was a correction by party cadres., State leadership defends performance, denying strong anti-incumbency sentiment., Report highlights organized moves by party rebels during the election., CPM expresses solidarity with Cuba against US imperialism.