മലമ്പുഴ മണ്ഡലം; സുരേഷിനെ മത്സരിപ്പിച്ചാൽ വോട്ടുകൾ ചോരുമെന്ന് വിലയിരുത്തൽ

#ഇലക്ഷന്‍ ഡെസ്‌ക്‌
എ.സുരേഷ്| ഫോട്ടോ: ഷഹീര്‍ സി.എച്ച്
എ.സുരേഷ്| ഫോട്ടോ: ഷഹീര്‍ സി.എച്ച്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്ന് മണ്ഡലംതല അവലോകനയോഗം. മലമ്പുഴ മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി. ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ എന്നിവരാണ് അവലോകനയോഗത്തിൽ പങ്കെടുത്തത്. എ.െഎ.സി.സി. സെക്രട്ടറി പി.വി. മോഹനന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന്റെ പുരോഗതിയുൾപ്പെടെ വിലയിരുത്താനായിരുന്നു യോഗം.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ്. ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യോഗതീരുമാനം.

സുരേഷിനെ യു.ഡി.എഫ്. മത്സരിപ്പിക്കുന്നത് കോൺഗ്രസ് വോട്ടുകൾ ചോരാൻ ഇടയാക്കുമെന്നും ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു.

സുരേഷിനെ മത്സരിപ്പിക്കുന്നത് ഫലത്തിൽ ബി.ജെ.പി. ക്കാവും സഹായകമാവുകയെന്ന വിലയിരുത്തലുമുണ്ടായതായാണ് സൂചന. 2016, 2021 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ്. മൂന്നാംസ്ഥാനത്താണ്. മണ്ഡലത്തിൽ യു.ഡി.എഫ്. സംവിധാനം ശക്തമല്ലെന്നും ഭാരവാഹികൾ എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് മണ്ഡലംതല അവലോകനയോഗത്തിലാണ് തീരുമാനം

Content Highlights: Congress deliberates contesting Malampuzha seat under the `Hand` symbol for the upcoming assembly elections. Discussion on candidate and voter list progress.