സാധ്യതാപട്ടിക തയ്യാറാക്കിത്തുടങ്ങി; BJP മുന്നേറ്റത്തിന് അമിത് ഷായുടെ ‘പഞ്ചതന്ത്രം’

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ അഞ്ച് തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ എല്ലാ ഘട്ടങ്ങളിലും അമിത് ഷായുടെ മേൽനോട്ടമുണ്ടാകും.
ജയസാധ്യതയുള്ള 50 സ്ഥാനാർഥികളെ രണ്ടാഴ്ചയ്ക്കുള്ളിൽ കണ്ടെത്തണമെന്നാണ് ആദ്യ നിർദേശം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതാക്കൾ പ്രധാന മണ്ഡലങ്ങളിലെ സാധ്യതാപട്ടിക തയ്യാറാക്കിത്തുടങ്ങി. സ്ഥാനാർഥികളായി താരപരിവേഷമുള്ളവരെ കണ്ടെത്തണമെന്നതാണ് അടുത്തത്. പല പ്രമുഖരും മോദി സർക്കാറിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്. അവരെ നേരിൽക്കണ്ട് സ്ഥാനാർഥിയാക്കാനുള്ള ശ്രമം അണിയറയിൽ തുടങ്ങിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളുടെ ചുമതല നൽകിയിട്ടുള്ള നേതാക്കളെ അതേ മണ്ഡലത്തിൽ സ്ഥാനാർഥികളായി നിർത്താമെന്നതാണ് മറ്റൊന്ന്. നേതാക്കൾ ഇത്തരം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്ന് അമിത് ഷായെ അറിയിച്ചു. എന്നാൽ അത്തരം മണ്ഡലങ്ങളിൽ പൊതുസമ്മതരായ സ്ഥാനാർഥികളെ ലഭിച്ചാൽ മാറ്റം വരുത്താവുന്നതാണെന്നും നിർദേശമുണ്ട്.
പ്രായപരിധി കഴിഞ്ഞ മുതിർന്ന നേതാക്കളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് ചുമതല നൽകണമെന്നും ഷാ നിർദേശിച്ചിട്ടുണ്ട്. യുവാക്കൾക്കും യുവതികൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്കും സീറ്റ് നൽകണം.
ശബരിമല സ്വർണക്കൊള്ളയും ആചാരലംഘനങ്ങളും വീടുകൾതോറും കയറിയിറങ്ങി ശക്തമായി പ്രചരിപ്പിക്കണമെന്നതാണ് മറ്റൊന്ന്. പരമ്പരാഗത തിരഞ്ഞെടുപ്പ് രീതിയിൽനിന്ന് മാറിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് ബിജെപി ഭരണത്തിൽ വരേണ്ടതിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ആധുനിക സംവിധാനം ഉപയോഗിച്ച് ഹൈടെക് പ്രവർത്തനം സജീവമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
യുവാക്കളുടെയും വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവരുടെയും സേവനം പരമാവധി ഉപയോഗിക്കണം. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്. തിരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട പ്രാദേശിക വിഷയങ്ങൾ, പ്രചാരണ വിഷയങ്ങൾ, പാർട്ടിക്കെതിരായ വിമർശനങ്ങൾക്ക് പ്രതിരോധം തുടങ്ങിയവയിലും സംസ്ഥാന നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കണം.
Content Highlights: bjp kerala assembly election amit shah