'ഗോവിന്ദൻ അങ്ങനെ പറഞ്ഞതോടെ വഴിയടഞ്ഞു'; മലമ്പുഴയിൽ മത്സരിക്കാൻ സജ്ജനായി എ.സുരേഷ് കുമാർ

#സ്വന്തം ലേഖകന്‍
എ.സുരേഷ്, എം.വി ഗോവിന്ദന്‍ |ഫോട്ടോ: മാതൃഭൂമി
എ.സുരേഷ്, എം.വി ഗോവിന്ദന്‍ |ഫോട്ടോ: മാതൃഭൂമി

പാലക്കാട്: നാല് തവണയല്ല 100 തവണ അപ്പീൽ നൽകിയാലും ചെവിക്കൊള്ളുന്ന പ്രശ്നമില്ലെന്നും പുറത്താക്കിയാൽ പുറത്താക്കിയതു തന്നെയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന വന്നതോടെ പാർട്ടി പ്രവേശനത്തിന് ഇനി വഴിയില്ലാതായി മാറിയെന്ന് എ.സുരേഷ്.

ചൊവ്വാഴ്ച വൈകുന്നേരം പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ ഭാഗമാകുമെന്നും എ സുരേഷ് പറഞ്ഞു. നാല് അപ്പീലുകൾ ഇതുവരെ കൊടുത്തിരുന്നു. ഒന്നുപോലും പരിഗണിച്ചില്ല. 13 വർഷമായി പാർട്ടിയുടെ പുറത്തുകിടക്കുന്ന തനിക്ക് ഇനി പ്രതീക്ഷയില്ലെന്നും വി.എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷ് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.

മത്സരിക്കുന്നുവെങ്കിൽ മലമ്പുഴയിൽ മാത്രമാണ് മത്സരിക്കുക. ഇടതുപക്ഷ മനസ്സുള്ള നിരവധി പേർ കൂടെയുണ്ട്. കോൺഗ്രസിലേക്ക് പോവില്ലെന്നും സ്വതന്ത്ര സ്ഥാനാർഥിയായിട്ടാകും മത്സരിക്കുകയെന്നും എ സുരേഷ് ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്കാണ് പുതുയുഗ യാത്രയുടെ ഭാഗമാവുന്നത്.

2013 മേയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി, വിഎസിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു എന്നൊക്കെയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ.

വൈക്കം വിശ്വൻ, എ വിജയരാഘവൻ എന്നിവരടങ്ങുന്ന കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നുപേരെയും പുറത്താക്കാൻ തീരുമാനമെടുത്തത്. ഇതിനിടെ ഈ ശുപാർശ വി.എസ് തള്ളി. പക്ഷെ നടപടിയിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ വി.എസിനായില്ല. എ.സുരേഷിനൊപ്പം പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരൻ എന്നിവരായിരുന്നു പുറത്താക്കപ്പെട്ട മറ്റ് മൂന്നുപേർ.

ഇതിനിടെ എ.സുരേഷ് മലമ്പുഴയിൽ സ്ഥാനാർഥിയായാൽ വി.എസിന്റെ മകൻ വി.എ അരുൺകുമാറിനെ ഇവിടെ സ്ഥാനാർഥിയാക്കാനുള്ള ആലോചനയും സിപിഎമ്മിൽ ഉയർന്നിട്ടുണ്ട്. അരുൺ മത്സരിച്ചാൽ വിഎസ് ഫാക്ടർ നിലനിർത്താനാവുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നത്. കഴിഞ്ഞതവണ 25734 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എ.പ്രഭാകരൻ മലമ്പുഴയിൽ നിന്നും വിജയിച്ചു കയറിയത്.

Content Highlights: CPM expels A. Suresh, former VS Achuthanandan aide. Suresh to join Opposition Leader`s yatra, contesting as an independent from Malampuzha. Read more.