ഏല്‍ക്കാതെ വോട്ടര്‍പ്പട്ടിക കൊണ്ടുള്ള തല്ല്; വോട്ടുചോരിയുമായി വീണ്ടും വരുമോ രാഹുല്‍ ഗാന്ധി?

രാഷ്ട്രീയ എതിരാളികളേക്കാള്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ ചോദ്യംചെയ്തായിരുന്നു ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കിയ മഹാസഖ്യം ബിഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേ മഹാസഖ്യം രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചു. വോട്ടര്‍മാര്‍ക്ക് ക്ഷേമവാഗ്ദാനങ്ങളും നല്‍കി. എന്നാല്‍, അതിനേക്കാളെല്ലാം മുകളില്‍ ഉയര്‍ന്നുനിന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്കുവേണ്ടി ‘മാച്ച് ഫിക്‌സിങ്’ നടത്തുന്നുവെന്ന ആരോപണമായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാജ്യത്തെ പ്രതിപക്ഷം നിരന്തരം അവിശ്വാസം രേഖപ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. വലിയ തോതില്‍ വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായപ്പോള്‍, വോട്ടര്‍ അധികാര്‍ യാത്രയെന്ന രാഷ്ട്രീയമുന്നേറ്റവുമായി ‘ഇന്ത്യ’ സഖ്യമിറങ്ങി. വോട്ടെടുപ്പിന്റെ തലേദിവസവും തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയമുനയില്‍നിര്‍ത്തി രാഹുല്‍ഗാന്ധി വോട്ടുചോരി ആരോപണവുമായി രംഗത്തെത്തി.
കമ്മിഷനില്‍ അവിശ്വാസം രേഖപ്പെടുത്തുമ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് വിട്ടുനില്‍ക്കുന്നതടക്കം കടുത്ത നടപടിയിലേക്ക് മഹാസഖ്യം നീങ്ങിയില്ല. പതിവ് വിഷയങ്ങള്‍ക്കപ്പുറം ബിഹാര്‍ തിരഞ്ഞെടുപ്പിനെ പ്രസക്തമാക്കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും പ്രതിപക്ഷത്തിന്റെ വോട്ടുകവര്‍ച്ച ആരോപണവുമായിരുന്നു.
2025 ജൂണിലെ കണക്കുകള്‍ പ്രകാരം, ബിഹാറില്‍ 7.89 കോടി വോട്ടര്‍മാരായിരുന്നു ബിഹാറിലുണ്ടായിരുന്നത്. തീവ്രപരിഷ്‌കരണം നടപ്പാക്കിയ കരടുപട്ടികയില്‍ 65 ലക്ഷംപേര്‍ വോട്ടവകാശത്തിന് പുറത്തായി. രേഖകളില്‍ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി 3.66 ലക്ഷം പേരുകളും പിന്നീട് പട്ടികയില്‍നിന്ന് വെട്ടി. ഫോം ആറ് വഴി 21.53 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ തിരിച്ചെത്തി. എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം 7.42 കോടി വോട്ടര്‍മാരാണ് ബിഹാറിലുണ്ടായിരുന്നത്. 243 മണ്ഡലങ്ങളുള്ള ബിഹാറില്‍ ശരാശരി ഒരു മണ്ഡലത്തില്‍ 15,000 മുതല്‍ 20,000 വരെ പേരുകള്‍ വെട്ടിപ്പോയെന്നാണ് കണക്ക്.
നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശക്തികേന്ദ്രമെന്ന് അറിപ്പെടുന്ന, പട്ന ഉള്‍പ്പെടുന്ന മഗധ മേഖലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പുതുതായി ചേര്‍ക്കപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ സീമാഞ്ചല്‍ മേഖലയിലാണ് ‘വെട്ടല്‍’നിരക്ക് കൂടുതല്‍. കിഷന്‍ഗഞ്ച്, പപ്പുയാദവിന്റെ ശക്തിമേഖലയായ പുര്‍ണിയ, കത്തിയാര്‍, അരാരിയ ഉള്‍പ്പെടുന്ന ഈ മേഖലയില്‍ 48% മുസ്ലിം ജനസംഖ്യയാണുള്ളത്. പരമ്പരാഗതമായി ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം നില്‍ക്കുന്ന പ്രദേശങ്ങളാണിത്.
വന്‍തോതിലുള്ള വോട്ടുവെട്ടിപ്പോകല്‍ വലിയ രാഷ്ട്രീയപ്രശ്നമായി. പിന്നാലെ സുപ്രീം കോടതി വരെയെത്തിയ നിയമപ്രശ്‌നവും. സര്‍ക്കാരിനെ ലക്ഷ്യമിട്ട് മഹാസഖ്യം ഇത് ആയുധമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അതിനെ 'വോട്ടുകവര്‍ച്ച' എന്ന് വിളിച്ചു. എസ്സി/ എസ്ടി, ഒബിസി, ന്യൂനപക്ഷ, ദരിദ്ര വിഭാഗങ്ങളെയാണ് വോട്ടവകാശത്തിന്റെ പരിധിയില്‍നിന്ന് പുറത്താക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏറെ മുമ്പ് 'വോട്ടര്‍ അധികാര്‍ യാത്ര'യുമായി രാഹുല്‍ ബിഹാറിലെത്തി. ‘ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തില്‍ വലിയ റാലികള്‍ നടന്നു. ജഗ്ജീവന്‍ റാമിന്റെ രാഷ്ട്രീയ തട്ടകമായ സസാറാമില്‍ ഓഗസ്റ്റ് 17-ന് ആരംഭിച്ച യാത്ര, 16 ദിവസങ്ങളിലായി 20-ലധികം ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ സഞ്ചരിച്ച് പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയില്‍ സെപ്റ്റംബര്‍ ഒന്നിന് സമാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 67.13 ശതമാനമാണ് ബിഹാറിലെ ഇത്തവണത്തെ പോളിങ്. 1951-ന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ പോളിങ്ങാണിതെന്ന് കണക്കുകള്‍ പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പില്‍ 65.08 ശതമാനവും രണ്ടാംഘട്ടത്തില്‍ 69.20 ശതമാനവും പോളിങ് രേഖപ്പെടുത്തി.
വോട്ടര്‍പട്ടിക പരിഷ്‌കരണവും ഉയര്‍ന്ന പോളിങ് നിരക്കിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് ഇരുപക്ഷവും അവകാശപ്പെട്ടു. മധ്യപ്രദേശും ഗുജറാത്തും ചൂണ്ടി, സര്‍ക്കാര്‍ അനുകൂല തരംഗമാണ് ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതിഫലിച്ചതെന്ന് ബിജെപി അവകാശപ്പെട്ടു. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരായ വികാരമാണ് പ്രതിഫലിച്ചതെന്ന് മഹാസഖ്യവും അഭിപ്രായപ്പെട്ടു. സമാന അവകാശവാദമായിരുന്നു ജന്‍സുരാജ് പാര്‍ട്ടി നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന്റേത്. ഫലം വരുമ്പോള്‍ ബിജെപിയുടെ അവകാശവാദം മാത്രം നിലനിന്നു.
വോട്ടര്‍ അധികാര്‍ യാത്രയിലൂടെ നേടിയ ആവേശം ഊര്‍ജമാക്കി മാറ്റാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനൊരുങ്ങിയത്. അതിപിന്നാക്ക- പാര്‍ശ്വവത്കൃത, ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ യാത്രയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് സാധിച്ചുവെന്ന് ‘ഇന്ത്യ’ സഖ്യം കണക്കുകൂട്ടി. യാത്രയില്‍ ഉടനീളം രാഹുലിനൊപ്പം ആര്‍ജെഡി നേതാവ് തേജസ്വി യാദവും പങ്കെടുത്തു.
ജഗന്നാഥ് മിശ്രയുടെ യുഗം അവസാനിച്ചശേഷം ബിഹാറില്‍ ഏറെക്കുറെ ഇല്ലാതായ കോണ്‍ഗ്രസ്, തിരിച്ചുവരവിനുള്ള വഴിയായി രാഹുലിന്റെ യാത്രയെ കണ്ടു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കുകളായിരുന്ന ബ്രാഹ്‌മണ്‍, ഭൂമിഹാര്‍, രജപുത്ര വിഭാഗങ്ങള്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു. കോണ്‍ഗ്രസിനെപ്പറ്റി വീണ്ടും പ്രതീക്ഷയ്ക്ക് വഴിവെക്കാന്‍ രാഹുലിന്റെ യാത്രയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.
2020-ല്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്തു മാത്രമാണ് വിജയിച്ചത്. രാഹുലിന്റെ യാത്ര നല്‍കിയ ആവേശം വിലപേശി ഇത്തവണ കൂടുതല്‍ സീറ്റ് അവകാശപ്പെടാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പാളി. 61 സീറ്റുകളാണ് ഇത്തവണ മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസിന് ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയത്തിന് അടുത്തെത്താന്‍ പോലും സാധിച്ചില്ലെന്ന് മാത്രമല്ല, രണ്ടക്കം പോലും കടക്കാന്‍ സാധിച്ചില്ല. സിപിഎംഎല്ലിനും പിന്നില്‍പ്പോയെന്ന നാണക്കേടും ദേശീയ പാര്‍ട്ടിക്ക് നേരിടേണ്ടിവന്നിരിക്കുന്നു.
രാഹുല്‍ഗാന്ധി ഒറ്റയ്ക്കു നയിച്ച വോട്ടുചോരി ആരോപണവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാന്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ആദ്യംരംഗത്തെത്തി. ഒരാഴ്ചയ്ക്കപ്പുറം വീഡിയോ വാളും പവര്‍പോയിന്റ് പ്രസന്റേഷനും കടലാസ് കെട്ടുകളുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരേയായിരുന്നു ആരോപണങ്ങള്‍. കമ്മിഷന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അനുകൂലമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ചുവെന്ന് 'തെളിവുകളുടെ' പിന്‍ബലത്തില്‍ രാഹുല്‍ ആരോപിച്ചു.
കര്‍ണാടകയിലെ മഹാദേവപുരയില്‍ വ്യാപകമായി തിരിമറികള്‍ നടന്നുവെന്നായിരുന്നു ആരോപണം. വിശ്വസനീയമായ മറുപടികള്‍ക്ക് പകരം തിരഞ്ഞെടുപ്പ് കമ്മിഷന്റേത് വെല്ലുവിളിയുടെ സ്വരമായിരുന്നു. രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്, പ്രിയങ്കാഗാന്ധി വിജയിച്ച വയനാട് ഉള്‍പ്പെടെ ചൂണ്ടി സമാന തിരിമറി നടന്നുവെന്നായിരുന്നു ബിജെപിയുടെ തിരിച്ചടി. എന്നാല്‍, രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വസനീയമായ മറുപടികള്‍ ലഭിക്കാതിരിക്കുകയും പ്രത്യാരോപണങ്ങള്‍ തകര്‍ന്നടിയുകയുംചെയ്തതോടെ കമ്മിഷനും ബിജെപിയും പ്രതിരോധത്തിലാവുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതി. ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന്, കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി രാഹുലെത്തി. ഹരിയാണയില്‍ ഒരു സര്‍ക്കാരിനെയാകെ ബിജെപി കവര്‍ന്നുവെന്നായിരുന്നു ആരോപണം.\
മഹാസഖ്യം തിരഞ്ഞെടുപ്പിനെ നേരിടാന്‍ കരുതിയ ആയുധങ്ങളെല്ലാം ഒന്നാകെ നിര്‍വീര്യമായെന്നാണ് ഒടുവിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങളും ക്ഷേമവാഗ്ദാനങ്ങള്‍ക്കുമൊപ്പം വോട്ടര്‍പ്പട്ടികയും ക്രമക്കേടുകളുമായും ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം കടപുഴകിപ്പോയെന്ന് വേണം കരുതാന്‍. ബിഹാറിലെ ഫലം വോട്ടര്‍മാരുടെ വിധിയെഴുത്തായി ‘ഇന്ത്യ’ സഖ്യവും രാഹുല്‍ ഗാന്ധിയും സ്വീകരിക്കുമോ അതോ കൂടുതല്‍ രാഷ്ട്രീയ ആരോപണങ്ങളുമായി വീണ്ടുമെത്തുമോ എന്നാണ് ഇനി അവശേഷിക്കുന്ന ചോദ്യം.
Content Highlights: Bihar Result 2025: Rahul Gandhi’s ‘vote chori’ charge finds few takers