സുഷമ നിർത്തിയിടത്തുനിന്ന് തുടരാൻ ബാംസുരിയോ?, ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ?; BJP-യിൽ ചർച്ച സജീവം

ബാംസുരി സ്വരാജ്, എം.പിമാരായ മനോജ് തിവാരിയും രംവീര്‍സിങ് ബിധുരിയും ഹര്‍ഷ് മല്‍ഹോത്രയും നരേന്ദ്രമോദിക്കൊപ്പം | Photo: PTI
ബാംസുരി സ്വരാജ്, എം.പിമാരായ മനോജ് തിവാരിയും രംവീര്‍സിങ് ബിധുരിയും ഹര്‍ഷ് മല്‍ഹോത്രയും നരേന്ദ്രമോദിക്കൊപ്പം | Photo: PTI

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ മലര്‍ത്തിയടിച്ചുനേടിയ വിജയത്തിനൊടുവില്‍ ആരാകും മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് എത്തുക എന്നതിൽ ഡല്‍ഹി ബി.ജെ.പിയില്‍ ചർച്ച ചൂടുപിടിക്കുന്നു. ഒരുപിടി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി. പ്രാഥമികമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എ.എ.പി. കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മയുടെ പേരാണ് തുടക്കംമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.

പ്രധാനമന്ത്രി തിങ്കളാഴ്ച വിദേശപര്യടനങ്ങള്‍ക്കായി തിരിക്കുകയാണ്. തിങ്കളാഴ്ച ഫ്രാന്‍സിലേക്ക് പോകുന്ന മോദി, യു.എസ്. സന്ദര്‍ശനവും കഴിഞ്ഞശേഷമേ ഇന്ത്യയില്‍ തിരിച്ചെത്തുകയുള്ളൂ. ഇതിന് മുമ്പ് ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതല്ലെങ്കില്‍ മോദി തിരിച്ചെത്തിയശേഷം മാത്രമേ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന.

ഡല്‍ഹിയിലെ സിറ്റിങ് എം.പിമാരില്‍ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു അഭ്യൂഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ഇത്തവണ ആറ് സീറ്റിലും പുതുമുഖങ്ങളെയായിരുന്നു മത്സരിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഈസ്റ്റ് ഡല്‍ഹി എം.പിയും കേന്ദ്രസഹമന്ത്രിയുമായ ഹര്‍ഷ് മല്‍ഹോത്ര, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി. മനോജ് തിവാരി, ന്യൂഡല്‍ഹി എം.പി. ബാംസുരി സ്വരാജ് എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

സുഷമ സ്വരാജിന്റെ ഭരണം കഴിഞ്ഞ് 27 വര്‍ഷത്തിനുശേഷം അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി. മുഖ്യമന്ത്രിയായി മകൾ ബാംസുരി സ്വരാജ് എത്തുകയാണെങ്കില്‍ അത് പുതിയ ചരിത്രമായിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പര്‍വേശ് വര്‍മയും ബി.ജെ.പി. മുന്‍മുഖ്യമന്ത്രിയുടെ മകനാണ്. സുഷമ സ്വരാജിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ.

വിജയിച്ച് നിയമസഭയില്‍ എത്തിയവരില്‍നിന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ പര്‍വേശ് വര്‍മയ്ക്ക്‌ പുറമേ പ്രതിപക്ഷനേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വിജേന്ദ്ര ഗുപ്ത, സതീഷ് ഉപാധ്യായ എന്നീ പേരുകളും പരിഗണിക്കും. ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരെന്ന നിലയിലടക്കമുള്ള ഭരണപരിചയമാണ് ഇരുവര്‍ക്കും സാധ്യത നല്‍കുന്നത്..

വനിതകളില്‍നിന്നാണ് മുഖ്യമന്ത്രിയെ പരിഗണിക്കുന്നതെങ്കില്‍ ഷാലിമാര്‍ബാഗില്‍നിന്ന് വിജയിച്ച രേഖ ശര്‍മ, എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റായ് എന്നിവര്‍ക്കും സാധ്യതയുണ്ട്. മധ്യപ്രദേശിനും ഹരിയാണയ്ക്കും സമാനമായി ഇതിനെല്ലാം പുറത്തൊരു സര്‍പ്രൈസ് മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്.

Content Highlights: After BJP`s Delhi victory, speculation mounts over the next Chief Minister