'രാഷ്ട്രീയത്തില് എനിക്ക് ശത്രുക്കളില്ല, മത്സരാര്ഥികള് മാത്രം'; ജനപ്രിയത ചോരാതെ ആസാദ്

ശ്രീ നഗറിൽനിന്ന് 40 കിലോ മീറ്റർ ദൂരെ ദക്ഷിണ കശ്മീരിലെ ഗാന്ദെർബാൽ നഗരം. രാവിലെ പത്തുമണിയോടെ പ്രധാന കവലയിലെത്തുമ്പോൾ ആളനക്കമേറെയില്ല. പിന്നീട് പതുക്കെ പലതുള്ളിപ്പെരുവെള്ളംപോലെ ആൾക്കൂട്ടങ്ങൾ കലർന്ന് ആൾത്തിരക്കായി. വാഹനത്തിനു മുകളിൽക്കയറിനിന്ന്, ഒരു ബോഡി ബിൽഡറുടെ ആകാരസൗഷ്ഠവമുള്ള സ്ഥാനാർഥി ഖൈസർ സുൽത്താൻ ഗനെ പ്രസംഗിക്കുന്നു.
പ്രസംഗം കഴിഞ്ഞിറങ്ങിയ സ്ഥാനാർഥിയോട് ചോദിച്ചു: നേതാവെപ്പോൾ വരും. ഉടനെ വരുമെന്ന് മറുപടി. തൊട്ടുപിന്നാലെ, കനത്ത സുരക്ഷാവലയമുള്ള വാഹനത്തിൽ ഗുലാം നബി ആസാദ് എത്തി. ആൾക്കൂട്ടം ആർത്തിരമ്പി. പ്രവർത്തകരുടെ അഭ്യർഥന മാനിച്ച്, ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് ആസാദ് വാഹനത്തിനുള്ളിൽ എഴുന്നേറ്റുനിന്നു. തൊഴുതും കൈവീശിയും അഞ്ച് കിലോ മീറ്റർ ദൂരേക്ക് റോഡ് ഷോ മെല്ലെ നീങ്ങി. വഴിയോരത്ത് ജനക്കൂട്ടം കാത്തു നിൽക്കുന്നു. തട്ടത്തിലൊരുക്കിയ പൂക്കൾ നേതാവിന് നേരെ വിതറുന്നു. തന്റെ കുഞ്ഞിനെ തെല്ലുനേരം ഒരു യുവാവ് കൈമാറിയപ്പോൾ മുത്തച്ഛഭാവത്തോടെ ഗുലാം നബി ആസാദ് ചേർത്തു പിടിച്ചു.
അടുത്ത ജങ്ഷനിൽ വണ്ടി നിർത്തിയപ്പോൾ മൈക്ക് കൈയിലെടുത്തു. ഗാന്ദെർബാലുമായുള്ള പഴയ ബന്ധം അയവിറക്കി ആരംഭിച്ച പ്രസംഗത്തിൽ, താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിനായിച്ചെയ്ത സേവനങ്ങൾ അക്കമിട്ട് വിവരിച്ചു. ഗന്ദർബാലിൽ കോളേജ് വിദ്യാഭ്യാസത്തിനെത്തിയ കാലം മുതലുള്ള അനുഭവങ്ങൾ ഹിന്ദിയിലും കശ്മീരിയിലും പങ്കിട്ടു. പ്രസംഗത്തിൽ ഇടയ്ക്ക് കേരളത്തെയും പരാമർശിച്ചു. പ്രായാധിക്യത്തിലും ചോരാത്ത ആവേശം.
കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി സംസ്ഥാനത്തേക്ക് ഒതുങ്ങിയപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മങ്ങിയെങ്കിലും കശ്മീരിൽ ഗുലാം നബി ആസാദിന്റെ ജനപ്രിയത ചോർന്നിട്ടില്ലെന്ന് ഗന്ദർബാലിലെ ജനക്കൂട്ടം തെളിയിക്കുന്നു. എന്നാൽ, കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ഭിന്നതയെത്തുടർന്ന് കടുത്ത എതിർപ്പുയർത്തി പാർട്ടി വിട്ട പഴയ പടക്കുതിരയെ കേൾക്കാനും കാണാനുമെത്തിയ ആൾക്കൂട്ടം വോട്ടായി മാറുമോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
ജനപ്രീതി വോട്ടായി മാറുമോ
2022-ലാണ് ആസാദ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി രൂപവത്കരിച്ചത്. തുടക്കത്തിൽ ആവേശമുയർത്തിയെങ്കിലും പിന്നീട് നേതാക്കൾ തുടരെ കൊഴിഞ്ഞ് പാർട്ടി ദുർബലമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യവ്യാപകമായി നേട്ടമുണ്ടാക്കിയ സാഹചര്യത്തിൽ ആസാദ് കോൺഗ്രസിലേക്ക് മടങ്ങുമെന്ന പ്രചാരണമുണ്ടായെങ്കിലും അദ്ദേഹം ഉടൻ നിഷേധിച്ചു.
ഇതിനിടയിൽ ആരോഗ്യപ്രശ്നങ്ങളും ആസാദിനെ ബാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റിലാണ് ആസാദിന്റെ പാർട്ടി മത്സരിക്കുന്നത്. അനാരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രചരണത്തിൽനിന്ന് വിട്ടു നിൽക്കാൻ തുടക്കത്തിൽ ഗുലാം നബി ആലോചിച്ചെങ്കിലും പിന്നീട് കളത്തിലിറങ്ങുകയായിരുന്നു.
ദോഡയിലും ചില മണ്ഡലങ്ങളിലും സ്ഥാനാർഥികൾ മത്സരരംഗം കടുപ്പിക്കുന്നുണ്ടെങ്കിലും വിജയം എളുപ്പമല്ല. വിജയിച്ചില്ലെങ്കിലും ഇന്ത്യാ സഖ്യത്തിനും പി.ഡി.പിക്കും ആസാദിന്റെ സ്ഥാനാർഥികൾ ഭീഷണിയാണ്. ചതുഷ്കോണ മത്സരം സൃഷ്ടിച്ച് ഈ പാർട്ടികളുടെ വോട്ട് വിഭജിക്കും. ജയിച്ചില്ലെങ്കിലും ജയസാധ്യതകളെ സ്വാധീനിക്കും. അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ. ബി.ജെ.പിയുടെ പ്രോക്സിയാണ് ഗുലാം നബിയുടെ പാർട്ടിയെന്നാണ് ഇന്ത്യാ സഖ്യവും പി.ഡി.പിയും ആരോപിക്കുന്നത്.
എന്നാൽ, ബി.ജെ.പിയുമായി ബന്ധമുണ്ടെന്നാരോപിച്ച് എതിരാളികൾ ആക്രമിക്കുമ്പോഴും ആസാദിലെ പരിചയത്തഴക്കമുള്ള രാഷ്ട്രീയക്കാരൻ അമിത വൈകാരിക പ്രതികരണത്തിനില്ല.
തിരഞ്ഞെടുപ്പിൽ ഡി.പി.എ.പി പാർട്ടിയുടെ സാധ്യതകൾ എന്താണ്
ഞാൻ എക്കാലത്തും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നു. എന്റെ പാർട്ടിയുടെ പേരുതന്നെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നാണ്. ജനാധിപത്യത്തിലാണ് എന്റെ പരിപൂർണ വിശ്വാസമെന്നാണ് അതിനർഥം. ഏകാധിപത്യത്തിനെതിരേ പ്രസംഗിക്കുന്ന പലരും അധികാരത്തിലെത്തിയാൽ ഏകാധിപത്യം പ്രയോഗിക്കുന്ന സ്ഥിതിയാണ്. സമൂഹത്തിന്റെ പുരോഗതിയാണ് എന്റെ പരമപ്രധാനമായ വിഷയം. ഏതു മതക്കാരനായാലും പുരോഗതിയുണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് നടപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ജനങ്ങൾ അത് ഈ തിരഞ്ഞെടുപ്പിൽ മനസ്സിലാക്കും.
ആരാണ് നിങ്ങളുടെ എതിരാളി? ബി.ജെ.പി.യാണോ ഇന്ത്യസഖ്യമാണോ
അവരാരും എന്റെ ശത്രുക്കളല്ല. രാഷ്ട്രീയപ്പാർട്ടികൾ ഞങ്ങളുടെ മത്സരാർഥി(കോംപറ്റീറ്റർ)കളാണ്. ക്ലാസ് മുറിയിൽ നമ്മളെല്ലാവരും സുഹൃത്തുക്കളായിരിക്കും. ഒരു മേൽക്കൂരയിലിരുന്ന് പഠിക്കും. എന്നാൽ, ആര് ഒന്നാമനാകും എന്നതു സംബന്ധിച്ച് എല്ലാവർക്കുമിടയിൽ മത്സരമുണ്ടാകും. ഒരു രാഷ്ട്രീയപ്പാർട്ടിയെയും നേതാവിനെയും ശത്രുവായി കണക്കാക്കുന്നില്ല. എല്ലാവരെയും ഞാൻ കോംപറ്റീറ്റർമാരായിട്ടാണ് കണക്കാക്കുന്നത്. എല്ലാവർക്കും ആശംസകൾ.
അനുച്ഛേദം 370 പിൻവലിച്ചതാണല്ലോ പ്രധാന ചർച്ചാവിഷയം. താങ്കളുടെ നിലപാടെന്താണ്
തുടക്കത്തിൽത്തന്നെ ഞാൻ അനുച്ഛേദം 370 പിൻവലിച്ചതിനെക്കുറിച്ച് ശക്തമായി പറഞ്ഞിരുന്നു. അന്ന് എല്ലാവരും എതിർക്കുകയാണു ചെയ്തത്. ഞാൻ എന്റെ പാർട്ടി രൂപവത്കരിച്ചുകൊണ്ട് ബാരാമുളയിൽ ചേർന്ന ആദ്യയോഗത്തിൽത്തന്നെ ഇക്കാര്യം വ്യക്തമാക്കിയതുമാണ്. അനുച്ഛേദം 370-നുവേണ്ടിയും ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവിക്കുവേണ്ടിയും ഞാൻ പാർലമെന്റിൽ ധീരമായി പോരാടിയിരുന്നു.
പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് പ്രസംഗങ്ങൾ നടത്തി.അനുച്ഛേദം 370-ന് വേണ്ടിയും സംസ്ഥാന പദവിക്കുവേണ്ടിയും അനുച്ഛേദം 35 എ-യ്ക്ക് വേണ്ടിയും ഞാൻ നിലയുറപ്പിച്ചു. 35 എ സ്വാതന്ത്ര്യത്തിന് മുമ്പുള്ള വ്യവസ്ഥയാണെന്ന് ഞാൻ പ്രസംഗിക്കും വരെ ആർക്കും അറിയില്ലായിരുന്നു. മഹാരാജാ ഹരിസിംഗിന്റെ സംഭാവനയാണ് 35 എ.പിന്നീട് ഭരണഘടന തയ്യാറാക്കിയപ്പോൾ ഈ വ്യവസ്ഥ അതിൽ ഉൾപ്പെടുത്തുകയായിരുന്നു.
Content Highlights: ghulam nabi azad interview