തോല്‍വി ഉറപ്പ്; കിട്ടേണ്ടത് രാഷ്ട്രീയ വോട്ട്

By: വേണു ബാലകൃഷ്ണന്‍
വേങ്ങരയിലെ ഫലം വ്യക്തമാണ്. മുസ്ലിം ലീഗ് വിജയിക്കും. സി.പി.എം. തോല്‍ക്കും. ബി.ജെ.പി. നില ഒരല്പം മെച്ചപ്പെടുത്തും. വിജയിക്കുന്നതു ലീഗാണെങ്കിലും ദേശീയ തലത്തില്‍ അതില്‍ അഭിമാനിക്കുക കോണ്‍ഗ്രസായിരിക്കും. ഏതു ചെറിയ വിജയവും കോണ്‍ഗ്രസിനെ സംബന്ധിച്ചു ദേശീയ പ്രസക്തമാണ്. കേരളത്തിലെ നേതാക്കന്മാര്‍ ഗ്രൂപ്പ് വൈരങ്ങളില്ലാതെ കൈ മെയ് മറന്ന് ഒന്നിക്കും. അതു കോണ്‍ഗ്രസ് നന്നായതുകൊണ്ടല്ല, ലീഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍. രണ്ടു പ്രബല ഗ്രൂപ്പില്‍ ആര്‍ക്ക് എപ്പൊഴാണു ലീഗ് തുണയാവുകയെന്ന് അറിയില്ലല്ലോ. അധികാരം പിടിക്കാനുള്ള അവസാന ലാപ്പില്‍ രണ്ടു ഗ്രൂപ്പിനും ലീഗ് കൂടിയേതീരൂ. വിധിയെഴുതുമ്പോഴേയ്ക്കും പുതിയ കെ.പി.സി.സി. പ്രസിഡന്റ് വന്നിട്ടുണ്ടാകുമെങ്കിലും താളപ്പിഴകള്‍ക്കു വേങ്ങരയില്‍ വില കൊടുക്കേണ്ടിവരില്ല. കാരണം എ-ഐ ഗ്രൂപ്പുകള്‍ സമവായത്തിലൂടെത്തന്നെയാകും പുതിയ അധ്യക്ഷനെ കണ്ടെത്തിയിട്ടുണ്ടാവുക.
കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള പൊരുത്തക്കേടു ലീഗിന് പുത്തരിയല്ല. ഒരു മുന്നണിയിലും കാണില്ല മുഖ്യകക്ഷിയിലെ ഗ്രൂപ്പ് പോരില്‍ നേരിട്ട് ഇടപെട്ടു വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ വിജയിക്കുന്ന ഇതുപോലൊരു ഘടകകക്ഷിയെ! പക്ഷെ, മൂന്നാമതൊരു അധികാരകേന്ദ്രത്തെ ലീഗ് ഭയക്കുന്നു. സുധീരന്‍ വന്നപ്പോള്‍ അതായിരുന്നു സാഹചര്യം. അതിനു ചെറിയ വിലയല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുക്കേണ്ടി വന്നതും. അതുകൊണ്ടു പരസ്പര സമവായമെന്നത് ഇരു ഗ്രൂപ്പുകള്‍ക്കും ഇത്തവണ അനിവാര്യമായിരിക്കുന്നു. അല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വെയ്ക്കാനുള്ള അവസരം ഹൈക്കമാന്‍ഡിന്റെ കയ്യില്‍വച്ചു കൊടുക്കലാകും. ഉമ്മന്‍ചാണ്ടിയും രമേശും ഒരിക്കല്‍ക്കൂടി അതാഗ്രഹിക്കുന്നില്ല. അതുകൊണ്ടു സമവായം കട്ടായമാണ്. ഈ യോജിപ്പേ കോണ്‍ഗ്രസിനോടു ലീഗ് എന്നും ആവശ്യപ്പെട്ടിട്ടുള്ളൂ. വേങ്ങരയിലെ വിജയം അതിനുള്ള സമ്മാനമായി കോണ്‍ഗ്രസിനു നല്‍കാനും ലീഗിന് മടിയില്ല.
സി.പി.എമ്മിനും ബി.ജെ.പിക്കുമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പു നിര്‍ണായകമാകുക. തോല്‍വി ഉറപ്പായവര്‍ക്ക് ഈ ഉപതിരഞ്ഞെടുപ്പ് എങ്ങനെ നിര്‍ണായകമാകും എന്ന സംശയം ഉയരാം. ഫലം എന്താകുമെന്നു മുന്‍കൂട്ടി ഉറപ്പാക്കപ്പെട്ട ഏതൊരു തിരഞ്ഞെടുപ്പും ജനാധിപത്യത്തില്‍ വലിയൊരു സാധ്യതയാണ്. വാരാണസിയില്‍ മോദി നില്‍ക്കുമ്പോള്‍ മോദിയുടെ വിജയം സുനിശ്ചിതമായിരുന്നു. കെജ്രിവാളിന്റെ പരാജയവും. ആ സുനിശ്ചിതത്വം കെജ്രിവാളിനെ കൂടുതല്‍ പ്രസക്തനാക്കിയിട്ടേയുള്ളൂ. അത്തരമൊരു പ്രസക്തിയാണു വേങ്ങരയില്‍ സി.പി.എമ്മും ബി.ജെ.പിയും തേടുന്നത്. ഇതില്‍ പക്ഷെ വല്ലാതെ കൈ പൊള്ളുക സി.പി.എമ്മിനായിരിക്കും. എന്തുകൊണ്ട്?
ഭരണത്തില്‍ ഇല്ലാത്ത ലീഗ് സി.പി.എമ്മിനു വലിയൊരു തലവേദനയായിരിക്കും. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ലീഗിനെ വെട്ടിയാല്‍ ആ വെട്ടു നേരേ ചെന്നു കൊള്ളുക ആ സമുദായത്തിന്റെ മേലെയായിരിക്കും. അധികാരമില്ലാത്തപ്പോള്‍ മുസ്ലിം ജനസാമാന്യത്തിന്റെ പൊതുധാരയില്‍ അലിഞ്ഞു ചേരാന്‍ വല്ലാത്തൊരു സാമര്‍ത്ഥ്യമുണ്ട് ലീഗിന്. അതുകൊണ്ടു പാവപ്പെട്ട മുസ്ലിങ്ങളുടെ പേരു പറഞ്ഞു വോട്ടുനേടി അധികാരത്തില്‍ വന്ന ശേഷം അവരെ മറക്കുന്നവര്‍ എന്ന ലീഗിനെതിരെയുള്ള സി.പി.എമ്മിന്റെ പതിവു പ്രചാരണം വേങ്ങരയില്‍ വിലപ്പോവില്ല.
കേന്ദ്രം ഭരിക്കുന്നതു ബി.ജെ.പി. ആയതുകൊണ്ട് വേങ്ങരയിലും ലീഗിന്റെ ഒന്നാം ശത്രു ബി.ജെ.പി. തന്നെ. എന്നാല്‍ ആ ബി.ജെ.പി. വിരുദ്ധത നേരിട്ട് ഏറ്റെടുക്കാന്‍ ലീഗ് തയാറാകില്ല. അതു രണ്ടു സമുദായങ്ങളെ തമ്മില്‍ അകറ്റുന്നവിധം ആപത്കരമാകുമെന്ന മുന്‍കരുതല്‍ ലീഗിനുണ്ട്. അതുകൊണ്ടു മുസ്ലിം ജനസാമാന്യത്തിന്റെ രക്ഷാധികാരിത്വം ഒരു മടിയും കൂടാതെ ലീഗ് സി.പി.എമ്മിനെ ഏല്പിക്കും. ബീഫ് വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ നാം അത് കണ്ടതാണല്ലോ. ബീഫ് കഴിക്കുന്നവരെ തല്ലിക്കൊല്ലുന്ന വിഷയം കേരളത്തില്‍ ഏറ്റെടുക്കാന്‍ ലീഗിനു പരിമിതികളുണ്ടെന്നാണ് പാര്‍ട്ടി എം.എല്‍.എമാരടക്കമുള്ള നേതാക്കള്‍ പറഞ്ഞത്. സി.പി.എം. ബീഫ് ഫെസ്റ്റിവല്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസിനെക്കൊണ്ടും ലീഗ് തൊടീച്ചില്ല. കാരണം, കോണ്‍ഗ്രസ് ചെയ്താലും പഴി ലീഗിനു തന്നെയാകും. ബി.ജെ.പിയുടെ ആ ബുദ്ധി ഇവിടെ ചെലവാകാന്‍ ലീഗ് സമ്മതിച്ചില്ല. അനന്തരം മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ കടന്നാക്രമിക്കാതെ പി.കെ.കുഞ്ഞാലിക്കുട്ടി പ്രചാരണത്തില്‍ മുഴുകുകയും വിജയിച്ചു കയറുകയും ചെയ്തു. നഷ്ടം സി.പി.എമ്മിന്. സമാനമായ വിധിതന്നെയാണ് വേങ്ങരയിലും സി.പി.എമ്മിനെ കാത്തിരിക്കുന്നത്.
മുസ്ലിം സമൂഹത്തിന്റെ അടിത്തട്ടിലേക്കു കയറാന്‍ കഴിയാത്തതാണു സി.പി.എമ്മിന്റെ ഈ ദൗര്‍ബല്യത്തിനു കാരണം. ലീഗാണ് അതിനു മുഖ്യതടസമെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുമുണ്ട്. അതുകൊണ്ടു തരംകിട്ടുമ്പോഴെല്ലാം ലീഗിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ സി.പി.എം. മിനക്കെട്ടിട്ടുണ്ട്. വിജയിച്ചിട്ടില്ലെന്നു മാത്രം.
മതനിരപേക്ഷതയില്‍ ഊന്നുന്ന പ്രസ്ഥാനമെന്ന വിശ്വാസ്യത മുസ്ലീങ്ങളുടെ ഇടയില്‍ നേടിയെടുക്കാനായിരുന്നു സി.പി.എമ്മിന്റെ പ്രധാന പരിശ്രമം. അതിന് ലീഗിന്റെ മതനിരപേക്ഷത വെള്ളം ചേര്‍ത്തതാണെന്നു സ്ഥാപിക്കേണ്ടതുണ്ട്. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ചേ ഇതു നേടാനാകൂ. ഇ.എം.എസ്. അടക്കം ആ നിലയ്ക്കു നീങ്ങി. അത് അമ്പേ അബദ്ധമായ ഒരു സമീപനമായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു. ജനാധിപത്യ-മതേതര ഭരണപ്രക്രിയയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയും സി.പി.എമ്മിനേക്കാള്‍ ഭരണപരിചയം സിദ്ധിക്കുകയും ഇതര രാഷ്ട്രീയ-മതവിഭാഗങ്ങളോട് തന്മയത്വത്തോടെ സന്ധിചെയ്യുകയും ചെയ്തുവരുന്ന ലീഗിനെ എങ്ങനെ ഒറ്റതിരിഞ്ഞു വര്‍ഗീയമാക്കാന്‍ കഴിയും? ഭരണ-പ്രതിപക്ഷ പ്രാതിനിധ്യത്തിന്റെ ദീര്‍ഘകാല ചരിത്രം ലീഗിനെ അങ്ങനെ ഒറ്റതിരിക്കാന്‍ കഴിയാത്ത വിധത്തില്‍ പൊതുസ്വീകാര്യതയുള്ള പ്രസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്.
മുസ്ലിം സമൂഹത്തിനുള്ളില്‍ ലീഗിനെ എതിര്‍ക്കുന്നവരും അകലം പാലിക്കുന്നവരുമായ പല തരക്കാരുണ്ട്. പക്ഷെ, അവര്‍ക്കും ലീഗ് സൃഷ്ടിച്ച മുസ്ലിം വികസ്വരതയെ വിലമതിക്കാതിരിക്കാനാവില്ല. അതുകൊണ്ടു ഭൂരിപക്ഷ വര്‍ഗീയത പോലെ എതിര്‍ക്കപ്പെടേണ്ട പ്രവര്‍ത്തനമാണ് ലീഗിന്റെ ന്യൂനപക്ഷ വര്‍ഗീയതയെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എമ്മിനു കഴിയാതെ പോയി. ഭൂരിപക്ഷ വര്‍ഗീയത കേരളത്തിന്റെ ഭരണതലത്തില്‍ അനുഭവവേദ്യമാകാതിരിക്കുന്നിടത്തോളം(എന്നുവച്ചാല്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നിടത്തോളം) ലീഗിന് ഈ ആനുകൂല്യം കിട്ടിക്കൊണ്ടേയിരിക്കുകയും ചെയ്യും.
മുസ്ലിം ജനസാമാന്യത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം ഇങ്ങനെ പാഴാകുമ്പോള്‍ തന്നെ മറ്റൊരിടത്ത് അതു ഗുണഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് അതെന്നു രണ്ടു വാചകത്തില്‍ പറയാം. സി.പി.എമ്മിന്റെ സെക്കുലര്‍ ക്രഡന്‍ഷ്യലാണ് ലീഗിനെ മിതവാദത്തില്‍ ഊന്നി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. സി.പി.എമ്മിന്റെ സെക്കുലര്‍ ക്രഡന്‍ഷ്യലിനെ അംഗീകരിക്കുന്ന മുസ്ലിം ജനസാമാന്യമാണ് ലീഗ് എന്ന അവെയിലബിള്‍ ഓപ്ഷനിലൂടെ എസ്.ഡി.പി.ഐയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയുമെല്ലാം ഒറ്റപ്പെടുത്തുന്നത്. സി.പി.എം.- ബി.ജെ.പി. വിരുദ്ധതയില്‍ വെള്ളം ചേര്‍ത്താല്‍ ലീഗിന്റെ മിതവാദത്തെയാകും അത് ആദ്യം പോറലേല്പിക്കുക. ചുരുക്കത്തില്‍ കോണ്‍ഗ്രസിലൂടെ ഇടപെടാതെയും സി.പി.എമ്മിലൂടെ ഇടപെട്ടുമാണ് ലീഗ,് ബി.ജെ.പി.-സംഘപരിവാര്‍ ശക്തികളെ കേരളത്തില്‍ നേരിടുന്നത്(സ്വന്തം സമുദായത്തിലെ തീവ്രവാദ പ്രസ്ഥാനങ്ങളെയും).
ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ട് സി.പി.എമ്മിന് ഇതു കഴിയുന്നതു കേരളത്തിലെ ഹിന്ദു ജനവിഭാഗത്തിന്റെ വിപുല രാഷ്ട്രീയ പ്രാതിനിധ്യം സമാഹരിക്കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞതു കൊണ്ടാണ്. എന്‍.ഡി.എ. വിടുന്നതിന് സിപിഎമ്മിനെ ചെന്നു കാണുകയാണു നിവൃത്തിയെന്നു വെള്ളാപ്പള്ളിയെക്കൊണ്ടു തോന്നിപ്പിക്കുന്നത് ഈ ഹിന്ദു ജനസാമാന്യത്തിന്റെ രാഷ്ട്രീയ നടത്തിപ്പ് അവകാശം സി.പി.എമ്മില്‍ നിക്ഷിപ്തമായിരിക്കുന്നതു കൊണ്ടാണ്. സി.പി.എം. ഇപ്പോള്‍ അതൊരു സേഫ് ഡിപ്പോസിറ്റായി കാണുന്നില്ല. അവര്‍ നേരിടുന്ന പ്രതിസന്ധി രാഷ്ട്രീയ പ്രാതിനിധ്യത്തിലൂടെ പാര്‍ട്ടിയോട് ഉറപ്പിച്ചു നിര്‍ത്തപ്പെട്ട ഈ ഹൈന്ദവ ബഹുവിഭാഗങ്ങളുടെ പിന്തുണ ബി.ജെ.പി. അപഹരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. രാഷ്ട്രീയമായി ആ പ്രാതിനിധ്യത്തെ അടര്‍ത്തിയെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആചാരപരമായി അവരതു ചെയ്യാന്‍ ശ്രമിക്കുന്നത്.
ബാലഗോകുലത്തിന്റെ ശോഭായാത്ര സി.പി.എമ്മിന് ഇത്ര വലിയ തലവേദനയാകുന്നത് ആ ആചാരപരതയെക്കൂടി തൃപ്തിപ്പെടുത്താന്‍ അവര്‍ക്ക് ഇതുവരെ ആലോചിക്കേണ്ടതായി വന്നിട്ടില്ല എന്നതുകൊണ്ടാണ്. രാഷ്ട്രീയമായി സംഘടിപ്പിച്ചു നിര്‍ത്തപ്പെട്ടവര്‍ ആചാരപരമായി വിഘടിച്ചു പോകുമോ എന്ന ഉത്കണ്ഠ പക്ഷെ അവരെ പിടികൂടിക്കഴിഞ്ഞു. തെക്കന്‍ കേരളത്തില്‍ സി.പി.എം. പുലര്‍ത്തുന്ന അടിയുറച്ച പ്രതീക്ഷ എന്‍.എസ്.എസാണ്. എന്‍.എസ്.എസിന്റെ പ്രഖ്യാപിത ബി.ജെ.പി. വിരുദ്ധ നിലപാട് ദക്ഷിണ കേരളത്തില്‍ അതിന് തടയിട്ടുകൊള്ളുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. പിണറായി വിജയന്‍ എന്‍.എസ്.എസിന്റെ ബി.ജെ.പി. വിരുദ്ധതയെ അടിയുറച്ച ഒന്നായി പലേ സന്ദര്‍ഭങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍മിക്കേണ്ടതാണ്. എന്നാല്‍ സി.പി.എം. നേരിട്ട് പ്രതിരോധിക്കേണ്ടി വരുന്ന കണ്ണൂര്‍ പോലുള്ള ശക്തികേന്ദ്രങ്ങളില്‍ അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് ഇപ്പോള്‍ ശ്രമം. അതുകൊണ്ടാണ് സാംസ്‌കാരിക ഘോഷയാത്രയെന്ന പേരിലും മറ്റും അതേ വിദ്യതന്നെ അവര്‍ പയറ്റി നോക്കുന്നത്.
അടിയുറച്ചു നില്‍ക്കുമെന്നു കരുതുന്നവരുടെ ആചാരപരമായ ഈ വിട്ടുപോകലിന് ഒരു കാരണമുണ്ട്. ഹിന്ദു ജനസാമാന്യത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ സര്‍വീസ്-ട്രേഡ് യൂണിയന്‍ ശക്തികളിലൂടെ നിര്‍വഹിച്ചു കൊടുക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞു എന്നതാണ് അവരുടെ ഹിന്ദു ബഹുജന അടിത്തറയുടെ കാതല്‍. എന്നാല്‍, പ്രാഥമികമോ ദ്വിതീയമോ ആയ ആ വളര്‍ച്ചാഘട്ടം പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഈ വിഭാഗം പുതിയ മേച്ചില്‍പ്പുറങ്ങളെ ചൊല്ലി അസ്വസ്ഥരായിത്തുടങ്ങി. അധികാരത്തില്‍ സാമുദായികമായി നേരിട്ട് എത്താത്തതുകൊണ്ട് അങ്ങനെ എത്തുന്ന മറ്റു വിഭാഗങ്ങള്‍ക്കു സ്വന്തം സമുദായത്തിന്റെ പേരു പറഞ്ഞ് നേടാന്‍ കഴിയുന്നത് നമുക്ക് നഷ്ടപ്പെടുന്നു എന്ന മോഹഭംഗം അവരെ പിടികൂടാന്‍ തുടങ്ങി. നമുക്ക് കിട്ടേണ്ടത് അപഹരിച്ചുകൊണ്ടു പോകുന്നു എന്ന പകയായി അതു പതുക്കെപ്പതുക്കെ മാറിത്തുടങ്ങി. അ
ടിസ്ഥാന ആവശ്യങ്ങളെല്ലാം നിര്‍വഹിക്കപ്പെട്ടു കഴിയുന്ന ജനത മോഹഭംഗം പോലെ തീര്‍ത്തും വ്യക്തിപരവും പലപ്പോഴും അയഥാര്‍ത്ഥവുമായ ഇത്തരം അനാഥത്വം അനുഭവിക്കാറുണ്ട്. സ്റ്റേറ്റിനെ പ്രതിലോമകരമായ ദിശയിലേക്കു നയിക്കാനാണ് ഈ പ്രവണത വഴിവയ്ക്കുക. അതുവരെ രാഷ്ട്രീയമായി നിര്‍വഹിക്കപ്പെട്ടുവന്ന ജനാധിപത്യ പ്രക്രിയ തന്നെ വംശീയമോ സാമുദായികമോ ആയ ഏതെങ്കിലും അസന്തുലിതത്വങ്ങളെ പെരുപ്പിച്ചു കാട്ടി അതിനു പകരം വീട്ടുന്ന അവസരമായി വേഷം മാറുന്നു. അമേരിക്കയില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പു കാലത്തു നാം ഇതു കണ്ടു. ലോകത്തു പലയിടത്തും അതാവര്‍ത്തിക്കുന്നതും കണ്ടു. വലതുപക്ഷവാദം, ജനാധിപത്യഘടനയെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നെന്നു നാം വിശ്വസിച്ച ഭരണകൂടമെന്ന തുല്യനീതി ത്രാസിന്റെ അലകും പിടിയും മാറ്റി.
ഇന്ത്യയുടെ കേന്ദ്രാധികാര സ്വരൂപമായ ഡല്‍ഹിയില്‍ അതു സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ ഡല്‍ഹിയെ നോക്കി കൊതിക്കുന്ന ഒരു ഹിന്ദു സമൂഹമായി കേരളത്തിലെ ഹൈന്ദവ ബഹുവിഭാഗം അടര്‍ത്തിമാറ്റപ്പെട്ടാല്‍ പിന്നെ സി.പി.എം. അറബിക്കടലില്‍ ചെന്നു വീഴും. ബി.ജെ.പിയെ എതിര്‍ത്തുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയതയേയും ഹിന്ദു ബഹുസാമാന്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയേയും ഒരേ സമയം തടയാന്‍ കഴിയുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ രസതന്ത്രമാണ് അതോടെ അവസാനിക്കുക. ബി.ജെ.പിയുടെ ഒന്നാമത്തെ ശത്രു അതുകൊണ്ട് സി.പി.എം. തന്നെയാണ്. ലീഗാണെന്ന് നടിക്കുന്നത് അവരുടെ കമോഫ്ളാഷ് തന്ത്രം മാത്രം. വേങ്ങരയില്‍ ലീഗിനെ വര്‍ഗീയശത്രുവാക്കി ചിത്രീകരിച്ച്, ലീഗുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്ന സി.പി.എമ്മിനെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയാണ് ആ തന്ത്രം.
ഹിന്ദു വോട്ട് ഉറപ്പിച്ചു നിര്‍ത്താന്‍ അതാണ് നല്ലതെന്ന് സി.പി.എം. തെറ്റിദ്ധരിച്ചാല്‍ ബി.ജെ.പിയാകും വേങ്ങരയില്‍ വിജയിക്കുക. വോട്ടിന്റെ ഭൂരിപക്ഷത്തിലല്ല. ദീര്‍ഘകാല രാഷ്ട്രീയ കൗശലത്തില്‍. അതുകൊണ്ട് വേങ്ങര ഉപതിരഞ്ഞെടുപ്പിനെ ജനാധിപത്യ പ്രക്രിയയില്‍ അടിയുറപ്പിച്ചു നിര്‍ത്തുക എന്നതാകണം സി.പി.എമ്മിന്റെ പരമപ്രധാന ലക്ഷ്യം. കാരണം രാഷ്ട്രീയ വോട്ടുകളാണ് പെട്ടിയില്‍ വീഴേണ്ടത്. ഹിന്ദു-മുസ്ലീം വേഷമിട്ട സമുദായവോട്ടുകളല്ല.


VIEW ON mathrubhumi.com


READ MORE ELECTION STORIES: