എംഫാം പ്രവേശനത്തിനും സ്കോളർഷിപ്പിനും, ഗ്രാജ്വറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മേയ് 25-ന്

മാസ്റ്റർ ഓഫ് ഫാർമസി (എംഫാം) പ്രോഗ്രാം പ്രവേശനത്തിനുള്ള മെറിറ്റ് കണ്ടെത്തുന്നതിനും എംഫാം പ്രവേശനം നേടിയവർക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനും ദേശീയതലത്തിൽ നടത്തുന്ന ഗ്രാജ്വറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജി-പാറ്റ്) 2025-ന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ആണ് മേയ് 25-ന് ജിപാറ്റ് നടത്തുന്നത്. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) അംഗീകൃത/അഫിലിയേറ്റഡ് സർവകലാശാലാ വകുപ്പുകൾ/അഫിലിയേറ്റഡ് കോളേജുകൾ/കോൺസ്റ്റിറ്റ്യൂവന്റ് കോളേജുകൾ/സ്ഥാപനങ്ങൾ എന്നിവയിലെ എംഫാം/പിഎച്ച്ഡി പ്രവേശനങ്ങൾക്ക് ജി-പാറ്റ് സ്കോർ ഉപയോഗിക്കുന്നു.
പ്രവേശനയോഗ്യത
നാലുവർഷ ബിഫാം (10+2 കഴിഞ്ഞ്, ലാറ്ററൽ എൻട്രി ഉൾപ്പെടെ)/തത്തുല്യ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും 2025-’26 എംഫാം (മാസ്റ്റർ ഓഫ് ഫാർമസി) പ്രവേശനത്തിനുമുൻപ് യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.
ബിഫാം പ്രോഗ്രാമിന്റെ പ്രീ-ഫൈനൽ വർഷ (മൂന്നാംവർഷം) പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക്, ബിഫാം കോഴ്സ് അന്തിമവർഷ പരീക്ഷാ ഫലം 2026-’27 പ്രവേശനത്തിനുമുൻപ് പ്രഖ്യാപിക്കപ്പെടണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അഭിമുഖീകരിക്കാം.
ഫാർമസ്യൂട്ടിക്കൽ ആൻഡ് ഫൈൻ കെമിക്കൽ ടെക്നോളജി ബിഇ/ബിടെക്/തത്തുല്യ യോഗ്യത ഉള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
പരീക്ഷാ ഘടന
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള, കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷ ഒറ്റ സെഷനിൽ മേയ് 25-ന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടത്തും. എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. ഓൺലൈൻ അപേക്ഷ നൽകുമ്പോൾ, ആദ്യം തിരഞ്ഞെടുക്കുന്നവർക്ക് ആദ്യ പരിഗണന എന്ന തത്ത്വം പാലിച്ച് ലഭ്യതയ്ക്കുവിധേയമായി പരീക്ഷാകേന്ദ്രം അനുവദിക്കും. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ആൻഡ് അലൈഡ് വിഷയങ്ങൾ, ഫാർമസ്യൂട്ടിക്സ് ആൻഡ് അലൈഡ് വിഷയങ്ങൾ, ഫാർമക്കോഗ്ണോസി ആൻഡ് അലൈഡ് വിഷയങ്ങൾ, ഫാർമക്കോളജി ആൻഡ് അലൈഡ് വിഷയങ്ങൾ, ബിഫാം കോഴ്സിലെ മറ്റു വിഷയങ്ങൾ എന്നിവയിൽനിന്നും യഥാക്രമം 38, 38, 10, 28, 11 വീതം (മൊത്തം 125 ചോദ്യങ്ങൾ) മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ശരിയുത്തരം നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കു വീതം നഷ്ടമാകും. ബിഫാം പ്രോഗ്രാം സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങർ.
ചോദ്യങ്ങൾ സമയാധിഷ്ഠിത ഭാഗങ്ങളിൽ
125 ചോദ്യങ്ങൾ, സമയാധിഷ്ഠിതമായ ഭാഗങ്ങളായി തിരിച്ചിരിക്കും. ഉദാഹരണത്തിന് അഞ്ച് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പക്ഷം (എ, ബി, സി, ഡി, ഇ) ഓരോ ഭാഗത്തും 25 ചോദ്യങ്ങൾവീതം ഉണ്ടായിരിക്കും. ഓരോ ഭാഗത്തിനും അനുവദിക്കുന്ന സമയം 36 മിനിറ്റ് ആയിരിക്കും. ഭാഗങ്ങൾ എത്രയെന്നത് മൊത്തം ചോദ്യങ്ങളുടെ എണ്ണം, ഓപ്പറേഷണൽ ഫീസിബിലിറ്റി എന്നിവ പരിഗണിച്ച് തീരുമാനിക്കും. ഒരു ഭാഗത്തെ ചോദ്യങ്ങൾക്ക് അനുവദിച്ച മൊത്തം സമയപരിധി കഴിഞ്ഞേ അടുത്ത ഭാഗത്തേക്ക് കടക്കാൻ കഴിയൂ. ഒരു ഭാഗത്തിന് അനുവദിച്ച മൊത്തം സമയപരിധി പൂർത്തിയാകുന്ന മുറയ്ക്ക്, അടുത്തഭാഗത്തെ ചോദ്യങ്ങൾ സ്വയമേവ ലഭ്യമാകും.
ഒരു ഭാഗത്തെ ചോദ്യങ്ങൾ റിവ്യൂ ചെയ്യാനും പ്രതികരണങ്ങൾ ഭേദഗതി ചെയ്യാനും ആ ഭാഗത്തിന് അനുവദിച്ച സമയപരിധിയിൽമാത്രം സൗകര്യമുണ്ടാകും. എന്നാൽ, ഒരു ഭാഗത്തിന് അനുവദിച്ച സമയപരിധി കഴിഞ്ഞ് ആ ഭാഗത്തെ ചോദ്യങ്ങൾ പുനഃപരിശോധിക്കാനോ അവയുടെ പ്രതികരണങ്ങൾ ഭേദഗതിചെയ്യാനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ
natboard.edu.in (എക്സാമിനേഷൻസ് ലിങ്ക് വഴി) വഴി ഏപ്രിൽ 21-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിനും ഇവിടെ ലഭിക്കും. അപേക്ഷാ ഫീസ് 3500 രൂപ (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 2500 രൂപ) ഓൺലൈനായി അടയ്ക്കാം.
അപേക്ഷയിലെ ചില വിവരങ്ങൾ (പേര്, നാഷണാലിറ്റി, ഇ-മെയിൽ, മൊബൈൽ നമ്പർ, ടെസ്റ്റ് സിറ്റി എന്നിവ ഒഴികെ) എഡിറ്റ് ചെയ്യാൻ എഡിറ്റ് വിൻഡോ ഏപ്രിൽ 25 മുതൽ 28 വരെ തുറന്നു നൽകും. ഫോട്ടോ/ഒപ്പ്/തംബ് ഇംപ്രഷൻ എന്നിവയിലെ പിശകുകൾ മേയ് രണ്ടുമുതൽ അഞ്ചുവരെയും (പ്രീ - ഫൈനൽ എഡിറ്റ് വിൻഡോ) ഒൻപതു മുതൽ 11 വരെയും (ഫൈനൽ എഡിറ്റ് വിൻഡോ) തിരുത്താം. അഡ്മിറ്റ് കാർഡ് മേയ് 21-ന്. പരീക്ഷ കഴിഞ്ഞ് ചോദ്യപ്പേപ്പർ, െറേക്കാഡഡ് െറസ്പോൺസസ്, താത്കാലിക ഉത്തര സൂചിക എന്നിവ വെബ് സൈറ്റിൽ ലഭ്യമാക്കും. നിശ്ചിത ഫീസടച്ച് ഉത്തരസൂചിക ചോദ്യംചെയ്യാം. പരീക്ഷാഫലം ജൂൺ 25-നകം പ്രതീക്ഷിക്കാം.
സ്കോർ സാധുത
ജിപാറ്റ് 2025 സ്കോറിന് മൂന്നുവർഷത്തെ സാധുതയുണ്ടാകും. പരീക്ഷ നടത്തുക, ഫലം പ്രഖ്യാപിക്കുക, ഫലം ഫാർമസി കൗൺസിലിന് കൈമാറുക എന്നിവയാണ് എൻബിഇഎംഎസിന്റെ ഉത്തരവാദിത്വം.
പ്രവേശന കൗൺസലിങ്, സ്കോളർഷിപ്പ് അനുവദിക്കൽ എന്നീ കാര്യങ്ങളിൽ എൻബിഇഎംഎസിന് പങ്കില്ല. രേഖാ പരിശോധന, അപേക്ഷകരുടെ അർഹതാ നിർണയം തുടങ്ങിയവ കൗൺസലിങ്/പ്രവേശന വേളയിൽ ബന്ധപ്പെട്ട അധികാരികൾ നടത്തും. സംസ്ഥാന സർക്കാരുകൾ/സംസ്ഥാന പ്രവേശനക്കമ്മിറ്റികൾ ആണ് പിജി പ്രവേശനം നടത്തുന്നത്. ഈ അധികാരികൾ പ്രവേശനം, കൗൺസലിങ് പ്രക്രിയ, സീറ്റ് ലഭ്യത, സംവരണതത്ത്വം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ യഥാസമയം പ്രസിദ്ധപ്പെടുത്തും
Content Highlights: G-PAT 2025: Apply Now for M.Pharm Admission