ആയുഷ് യു.ജി.: മൂന്നാം/മോപ് അപ് റൗണ്ട് ചോയ്‌സ് ഫില്ലിങ് 28 വരെ

ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തുന്ന അണ്ടര്‍ ഗ്രാജ്വേറ്റ് കൗണ്‍സലിങ്ങിന്റെ മൂന്നാം/ മോപ് അപ് റൗണ്ട് നടപടികള്‍ https://aaccc.gov.in/ -ല്‍ ആരംഭിച്ചു. രണ്ടാംറൗണ്ടിനുശേഷം ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്. പ്രോഗ്രാമുകളില്‍ ഒഴിവുള്ള ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകള്‍ (ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്ഡഡ്/കേന്ദ്ര സര്‍വകലാശാലകള്‍/ദേശീയ സ്ഥാപനങ്ങള്‍), കല്പിത സര്‍വകലാശാലകളിലെ സീറ്റുകള്‍ എന്നിവയാണ് ഈ റൗണ്ടില്‍ ഉള്‍പ്പെടുന്നത്.
രജിസ്‌ട്രേഷന്‍ 28 വൈകീട്ട് മൂന്നുവരെ നടത്താം. പണമടയ്ക്കാന്‍ അന്ന് ആറുമണിവരെ സൗകര്യമുണ്ടാകും. ചോയ്‌സ് ഫില്ലിങ് രാത്രി 11.55 വരെ. ലോക്കിങ് വൈകീട്ട് മൂന്നുമുതല്‍ രാത്രി 11.55 വരെ. അലോട്ട്‌മെന്റ് 31-ന് പ്രഖ്യാപിക്കും. ഏപ്രില്‍ ഒന്നിനും ഏഴിനും ഇടയ്ക്ക് സ്ഥാപനത്തില്‍ പ്രവേശനം നേടാം.
മൂന്നാം/മോപ് അപ് റൗണ്ടില്‍ സീറ്റ് ലഭിക്കുന്നവര്‍ പ്രവേശനം നേടിയില്ലെങ്കില്‍ സെക്യൂരിറ്റി തുക നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പങ്കെടുക്കാനുമാവില്ല. ഇപ്രകാരം അനര്‍ഹരാകുന്നവരുടെ പട്ടിക എല്ലാ കൗണ്‍സലിങ് അധികാരികള്‍ക്കും കൈമാറും. മൂന്നാം/മോപ് അപ് റൗണ്ടില്‍ സീറ്റ് ലഭിക്കുന്നവര്‍ക്ക് പിന്‍വാങ്ങാനോ രാജിവെക്കാനോ വ്യവസ്ഥയില്ല.
തുടര്‍ന്നുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ടിലേക്ക് പുതിയ രജിസ്‌ട്രേഷനോ ചോയ്‌സ് ഫില്ലിങ്ങോ ഉണ്ടാകില്ല. ഓള്‍ ഇന്ത്യ ക്വാട്ടയിലോ സംസ്ഥാന ക്വാട്ടയിലോ സീറ്റൊന്നും ലഭിക്കാത്തവരെമാത്രമേ ഓള്‍ ഇന്ത്യ ക്വാട്ട സ്‌ട്രേ വേക്കന്‍സി റൗണ്ടിലേക്കു പരിഗണിക്കൂ.
മൂന്നാം/മോപ് അപ് റൗണ്ടിനു നല്‍കിയ ചോയ്‌സ് ഇതിലേക്ക് പരിഗണിക്കും സ്‌ട്രേ .അലോട്ട്‌മെന്റ് ഏപ്രില്‍ 13-ന് പ്രഖ്യാപിക്കും. പ്രവേശനം നേടാന്‍ ഏപ്രില്‍ 14 മുതല്‍ 20 വരെ സമയമുണ്ടാകും. കല്പിത സര്‍വകലാശാലകളിലെ സ്‌ട്രേ വേക്കന്‍സികള്‍ നേരിട്ടു നികത്തും. ഇതിന് പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക എ.എ.സി.സി.സി. കല്പിത സര്‍വകലാശാലകള്‍ക്ക് കൈമാറും. വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
Content Highlights: ayush ug, mop up round choice filling can be done till 28